special-programs-about-ajith-powers-death

TOPICS COVERED

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു. അജിത് ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.

രാവിലെ 8:48 ഓടെയായിരുന്നു അജിത് പവാറും സംഘവും സഞ്ചരിച്ചിരുന്ന ലിയർജെറ്റ് 45 പ്രൈവറ്റ് ജെറ്റ് തകർന്നുവീണത്. അടിയന്തര ലാൻഡിങിന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വിമാനം തകരുകയും പല കഷ്ണങ്ങളായി പിളരുകയുമായിരുന്നു. നിമിഷങ്ങൾക്കകം തന്നെ വിമാനം പൂർണമായും കത്തിയമർന്നു. അജിത് പവാറിന് ഒപ്പം ഉണ്ടായിരുന്ന പി.എസ്.ഒ അവിഷ് ജാദവ്, പൈലറ്റ് സുമിത് കപൂർ, കോ പൈലറ്റ് സാംഭവി പഥക്, ഫ്ലൈറ്റ് അസിസ്റ്റൻ്റ് പിങ്കി മാലി എന്നിവർ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആകാശത്തുവച്ചുതന്നെ വിമാനം ആടിയുലഞ്ഞുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നാലോ അഞ്ചോ തവണ പൊട്ടിത്തെറിയുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. രാവിലെ 8.10 നാണ് വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നത്. എട്ടേമുക്കാലോടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ഡല്‍ഹി ആസ്ഥാനമായ വി.എസ്.ആര്‍ വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് തകര്‍ന്നുവീണത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കുള്ള യാത്ര. അപകടത്തിനുതൊട്ടുപിന്നാലെ വിമാനത്താവളത്തിലെ ജീവനക്കാരും എമര്‍ജന്‍സി റെസ്പോണ്ടര്‍മാരും സ്ഥലത്തെത്തിയെങ്കിലും വിമാനം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. 16 വര്‍ഷത്തോളം പഴക്കമുള്ള വിമാനമാണ് അപകടത്തില്‍പെട്ടത്. ലാന്‍ഡിങ് ഘട്ടത്തിലാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. 

അജിത് പവാറിന്റെ മരണത്തില്‍ മഹാരാഷ്ട്രയില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.  ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അജിത് പവാറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും അടക്കമുള്ള നേതാക്കള്‍ അനുശോചനമറിയിച്ചു. അജിത് പവാറിന്റെ അകാല വിയോഗം രാജ്യത്തിന് തീരാനഷ്ടമാണെന്ന് രാഷ്ട്രപതി  ദ്രൗപതി മുര്‍മു പറഞ്ഞു.

മഹാരാഷ്ട്രയുടെ വികസനത്തില്‍ പ്രത്യേകിച്ച് സഹകരണമേഖലയുടെ വികസനത്തില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും രാഷ്ട്രപതി എക്സില്‍ കുറിച്ചു. മഹാരാഷ്ട്രക്കാര്‍ക്കായി പ്രവര്‍ത്തിച്ച നേതാവാണ് അജിത് പവാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. അജിത് പവാർ ശക്തമായ ജനകീയ അടിത്തറയുള്ള നേതാവെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ ആത്മാർഥതയോടും കാര്യക്ഷമതയോടും കൂടി നിറവേറ്റിയ പരിണിതപ്രജ്ഞനായ രാഷ്ട്രീയക്കാരനായിരുന്നു  അജിത് പവാറെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. പവാർ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ കുറിച്ചു. ജനങ്ങള്‍ക്കായി നീക്കിവച്ച ജീവിതമായിരുന്നു അജിത് പവാറിന്റേതെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുസ്മരിച്ചു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി.  സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു.

അജിത് പവാറിന് കേരള നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. ചോദ്യോത്തരവേളക്ക് ശേഷം സ്പീക്കർ എ.എൻ. ഷംസീറാണ് മരണവിവരം സഭയെ അറിയിച്ചത്. തുടർന്ന് അംഗങ്ങൾ എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു. അജിത് പവാറിന്റെ മരണം അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

അജിത് പവാറിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. റണ്‍വെ 11ല്‍ ഇറങ്ങാന്‍ എടിസി അനുമതി നല്‍കിയിരുന്നു. റണ്‍വെ വ്യക്തമായി കാണാമെന്ന് പൈലറ്റ് അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ, വിമാനം അപകടത്തില്‍പ്പെട്ടത് രണ്ടാമത്തെ ലാന്‍‌ഡിങ് ശ്രമത്തിനിടെയെന്ന് DGCA അറിയിച്ചു. ആദ്യശ്രമം ഉപേക്ഷിച്ചത് റണ്‍വേ കൃത്യമായി കാണാത്തതിനാലാണ്. ദ്യശ്യപരത കുറവാണെന്ന് പൈലറ്റ് ATCയെ അറിയിച്ചു. ഒരു തവണ ഗോ എറൗണ്ട് നടത്തി, റണ്‍വെ കാണാമെന്ന് പൈലറ്റ് അറിയിച്ചശേഷമാണ് 8.43ന് ATC ലാന്‍ഡിങിന് അനുമതി നല്‍കിയത് . എന്നാല്‍ മറുപടി ലഭിച്ചില്ല, പിന്നാലെ വിമാനം തകര്‍ന്നുവീണു. പൈലറ്റില്‍ നിന്ന് മേയ് ഡോ കോള്‍ ഉണ്ടിയില്ലെന്നും ഡിജിസിഎ അറിയിച്ചു. AAIB അന്വേഷണം ഏറ്റെടുത്തതായും DGCA അറിയിച്ചു. 

നാലുപതിറ്റാണ്ടിലേറെയായി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമായ നേതാവാണ് ആകസ്മികമായി വിടപറയുന്നത്.  ആറുതവണ ഉപ മുഖ്യമന്ത്രിയായ അജിത് പവാര്‍ സഖ്യങ്ങള്‍ മാറിയപ്പോഴും പരാജയമില്ലാതെ നിലകൊണ്ടു. 

പിളര്‍ത്തിയ എന്‍.സി.പിയെ ഐക്യത്തിലേക്ക് നയിക്കാനുള്ള  നീക്കങ്ങള്‍ക്കിടയിലാണ് അജിത്ത് പവാറിന്‍റെ വിയോഗം. മഹാരാഷ്ട്രയിലെ മാറിമറിയുന്ന രാഷ്ട്രീയ സഖ്യങ്ങള്‍, തകര്‍ന്ന അധികാര കുടുംബങ്ങൾ, രാഷ്ട്രീയ പൈതൃകത്തിന്‍റെ പങ്കുപറ്റാനുള്ള പോരാട്ടങ്ങള്‍, ഒന്നിലും അജിത്ത് പവാര്‍ കളത്തിന് പുറത്തായിരുന്നില്ല.  അതിനാല്‍ അജിത്് പവര്‍ എന്നും പേരുണ്ട് മഹാരാഷ്ട്രയുടെ ദാദയ്ക്ക്. 

മുതിര്‍ന്ന എൻസിപി നേതാവ് ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരന്‍ അനന്തറാവുവിന്റെ മകനായി ബരാമതിയിൽ 1959ല്‍ ജനിച്ച അജിത്ത് പവാര്‍ പുണെയിലെ പഞ്ചസാര ഫാക്‌ടറിയിലെ സഹകരണ ബോർഡ് അംഗമായാണ്  രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. രാഷ്ട്രീയത്തിൽ "പവാർ സ്കൂൾ"-ന്റെ ഭാഗമായിട്ടായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം.  ഗ്രാമീണ രാഷ്ട്രീയവും സഹകരണ മേഖലയുമായിരുന്നു ആദ്യകാല പ്രവർത്തന ഭൂമി. കർഷക പ്രശ്നങ്ങൾ, പഞ്ചസാര സഹകരണ ഫാക്ടറികൾ, ഗ്രാമീണ ബാങ്കിംഗ് സംവിധാനം, ജലസേചനവും കാർഷിക വികസനവും തുടങ്ങിയ മേഖലകളിലെ സജീവപ്രവര്‍ത്തനത്തിലൂടെ ലഭിച്ച അടിത്തറയായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയജീവിതത്തിലെ എക്കാലത്തേയും വലിയ കരുത്ത്.

1991-ൽ പുണെ ഡിസ്റ്റ്രിക്റ്റ് സെന്റ്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാൻ ആയി ചുമതലേറ്റ അജിത് പവാര്‍ അതേവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് വിജയിച്ചെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി രാജിവച്ചു.  അതേവര്‍ഷംതന്നെ ബാരാമതിയിൽനിന്ന് ആദ്യമായി മഹാരാഷ്ട്ര നിയമസഭായിലേക്ക്. പുണെ ജില്ലയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കേന്ദ്രം. ശരദ് പവാറിന്റെ കോട്ടയെന്നറിയപ്പെടുന്ന പ്രദേശത്തുനിന്നുള്ള ജൈത്രയാത്രയില്‍ അജിത്ത് പവാര്‍ പരാജയമറിഞ്ഞിട്ടില്ല.  ബാരാമതിയുടെ അജിത്ത് അജയ്യനായി.  

പ്രസംഗങ്ങളിലേക്കാൾ ഫയലുകളിലേക്കും തീരുമാനങ്ങളിലേക്കും പദ്ധതികളുടെ നടപ്പാക്കലിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചതോടെ ജനം കൂടെനിന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടുത്തറിയാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലായിരുന്നു അജിത് പവാറിന്. കാലാവസ്ഥാപ്രശ്നങ്ങളടക്കം കര്‍ഷകരെ വലച്ചപ്പോഴെല്ലാം അജിത് അവര്‍ക്കൊപ്പം നിന്നു. അതിന്റെ ഫലമായിരുന്നു തുടര്‍ച്ചയായുള്ള വിജയങ്ങള്‍. 1991ല്‍ സംസ്‌ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി.  മറാത്ത രാഷ്ട്രീയത്തിലെ പവര്‍ സെന്‍റര്‍. അജിത് പവാറിന്‍റെ പവറിനെ ചുരുക്കി അങ്ങിനെ പറയാം. തലമുറഭേദമില്ലാതെ മഹാരാഷ്ട്രയെ സ്വാധീനിച്ച രാഷ്ട്രീയക്കാരന്‍. സംസ്ഥാനത്ത് ഏറ്റവുമധികകാലം ഉപമുഖ്യമന്ത്രിയായിരുന്നു എന്നത് തന്നെ ആ സ്വാധീനത്തിന് തെളിവാണ്. 

വളര്‍ത്താന്‍ മാത്രമല്ല പിളര്‍ത്താനും അജിത് പവാര്‍ മിടുക്കുകാട്ടി. മഹാരാഷ്ട്രയിലെ രാഷ്ട്രീയഭൂമിയെ നന്നായറിയാവുന്ന കര്‍ഷകന്റെ മനസോടെയുള്ള ഇടപെടലുകള്‍. അധികാരത്തിനായി പിളര്‍ത്തിയും വളര്‍ത്തിയും അജിത് പവാര്‍ നിറഞ്ഞുനിന്നു. 2023ല്‍ എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരുമായി രാജ്‌ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്.  അന്ന് ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന - ബിജെപി സർക്കാരിൽ ചേർന്ന് ഉപമുഖ്യമന്ത്രിയായി.  2024ല്‍ ശരദ് പവാറിനെ മറികടന്ന് അജിത് പവാർ വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചതും അജിത് പവാറിന് നേട്ടമായി. 

അതിനിടെ, എൻസിപി ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ ഒരുമിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങൾ ചുവടുപിടിച്ച സമയത്താണ് അപ്രതീക്ഷിതമായി ദുരന്തം പറന്നിറങ്ങിയത്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഇരുപാർട്ടികളും ഒന്നിക്കണമെന്നാണു പ്രവർത്തകരുടെ ആഗ്രഹമെന്നും അജിത് പവാര്‍ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ അടുത്ത മാസം നടക്കുന്ന ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ എൻസിപി അജിത് പവാർ വിഭാഗത്തിന്റെ ഘടികാര ചിഹ്നത്തിൽ മത്സരിക്കാൻ ശരദ് പവാർ വിഭാഗം തീരുമാനിച്ചത് ഇരുപാർട്ടികളും അടുക്കുന്നതിന്റെ സൂചനയായി. 

ആര്‍ക്കും ഉള്‍ക്കൊള്ളാവുന്നതല്ല ബരാമതിയിലെ വിമാനദുരന്തത്തില്‍ അജിത് പവാറിന്റെ മരണം. അ‌ജിത്തിന്‍റെ വേര്‍പാട് ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കുന്ന ശുന്യതയും ചെറുതല്ല. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) രണ്ട് വിഭാഗങ്ങളിലും വലിയ അനിശ്ചിതത്വത്തിലേക്കാവും ആ വേര്‍പാട് കൊണ്ടുചെന്നെത്തിക്കുക. ഇനി എല്ലാവരും ഉറ്റുനോക്കുന്നത് എൻസിപിയുടെ ഭാവിയിലേക്കാണ്. അജിത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ പക്ഷത്തുള്ള എംഎൽഎമാരും നേതാക്കളും എങ്ങോട്ട് നീങ്ങും? ശരദ് പവാർ വിഭാഗത്തിൽ ലയിക്കുമോ? സുപ്രിയ സുലെയുടെ നേതൃത്വം അംഗീകരിക്കുമോ? അതോ, നേതൃത്വമില്ലാത്ത അജിത് പക്ഷത്തെ ബിജെപി പൂർണ്ണമായും വിഴുങ്ങുമോ. കാത്തിരുന്നു കാണാം. മഹാരാഷ്ട്രയില്‍ ഇനി എന്ത് സംഭവിക്കുമെന്ന്.

ENGLISH SUMMARY: