വീടിനുള്ളിൽ മരിച്ചനിലയിലാണ് കമലേശ്വരം ആര്യൻകുഴി ശാന്തിഗാർഡൻസിൽ സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്.എൽ. സജിത(54)യെയും മകൾ ഗ്രീമ എസ്. രാജി(30)യെയും കണ്ടെത്തിയത്. മരിച്ച ഗ്രീമയുടെ ഭർത്താവ് പഴഞ്ചിറ സ്വദേശി ബി.എം. ഉണ്ണികൃഷ്ണനെയാണ് മുംബൈ വിമാനത്താവളത്തിൽവെച്ച് പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരേ ആത്മഹത്യാപ്രേരണയ്ക്ക് പൂന്തുറ പോലീസ് കേസെടുത്തിരുന്നു. ഉണ്ണിക്കൃഷ്ണനാണ് തന്റെയും അമ്മയുടെയും മരണത്തിന് കാരണമെന്ന് ഗ്രീമയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയ്ക്കാണ് കേസെടുത്തത്. 200 പവൻ സ്വർണവും വീടും സ്ഥലവും അടക്കം സ്വത്തുക്കളും നൽകിയാണ് വിവാഹം നടത്തിയതെന്നും സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ് 25–ാം ദിവസം ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചു.