വയനാട് കൽപ്പറ്റ ടൗണിൽ 16കാരനെ വളഞ്ഞിട്ട് മർദിച്ച് വിദ്യാർഥി സംഘം. മുഖത്തും തലയ്ക്കും വടി കൊണ്ട് അടിക്കുന്ന ക്രൂരമായ മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു.

കൽപ്പറ്റ ടൗണിലെ മെസ് ഹൗസ് റോഡിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന ക്രൂരമായ മർദനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൽപ്പറ്റ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ ഒരു സംഘം വിദ്യാർഥികൾ ഇവിടേക്ക് ഫോണിൽ വിളിച്ചുവരുത്തിയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. മുഖത്തും തലയ്ക്കും പുറത്തും വടികൊണ്ട് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അസഭ്യം വിളിക്കുകയും കാല് പിടിപ്പിച്ച് മാപ്പു പറയിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. വീണ് പരുക്കേറ്റെന്നാണ് വിദ്യാർഥി വീട്ടുകാരോട് ആദ്യം പറഞ്ഞത്. പിന്നീട് ഈ ദൃശ്യം പ്രചരിച്ചതോടെ ആണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്ക് ചെവിയ്ക്കും തോളിനും പരുക്കുണ്ട്. പ്രതിയായ ഒരു പ്ലസ്ടു വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റൊരാൾ ഒളിവിലാണ്. ആൾക്കൂട്ട മർദനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Wayanad student assault incident is a serious case of violence where a 16-year-old was brutally beaten by a group of students in Kalpetta town. Police have registered a case against three individuals, including one minor, following the release of disturbing footage showing the attack.