• ‘കുഞ്ഞിനെ കൊന്നത് ഷിജിലും കുടുംബവും ചേര്‍ന്ന്’
  • ‘ഗര്‍ഭം അലസിപ്പിക്കാനും ഷിജില്‍ ശ്രമിച്ചു’
  • കൃഷ്ണപ്രിയയുടെ അമ്മ മനോരമന്യൂസിനോട്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ കൊലപാതകത്തിൽ അച്ഛന്റെ കുടുംബാംഗങ്ങളും പ്രതികൾ എന്ന് അമ്മയുടെ കുടുംബം. അച്ഛൻ ഷിജിലിന്റെ അച്ഛനും അമ്മയും സഹോദരിയും, മകളെയും കുഞ്ഞിനെയും  ഉപദ്രവിച്ചിരുന്നെന്ന് കൃഷ്ണപ്രിയയുടെ അമ്മ പ്രഭ മനോരമ ന്യൂസിനോട് പറഞ്ഞു. 

ആദ്യ മാസങ്ങളിൽ ഗർഭചിദ്രം നടത്താൻ ഷിജിൽ കൃഷ്ണപ്രിയയോട്  ആവശ്യപ്പെട്ടെന്നും പ്രഭ പറഞ്ഞു. കൃഷ്ണപ്രിയയെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ഷിജിലിന്റെ മാതാപിതാക്കളുടെ ആവശ്യം. ഒരുപാട് സംശയങ്ങള്‍ ഞങ്ങള്‍ക്കുണ്ടെന്ന് പ്രഭ പറയുന്നു. കൃഷ്ണപ്രിയ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ മോശം അനുഭവമാണ് ഭര്‍തൃവീട്ടുകാരില്‍ നിന്നുണ്ടായത്. Also Read: ഓമനത്തം വിട്ടുമാറാത്ത കുഞ്ഞ് ‘ഇഹാന്‍’, വയറ്റില്‍ ഇടിച്ച് പിതാവിന്‍റെ ക്രൂരത; നൊമ്പരം


നല്ല ഭക്ഷണമൊക്കെ കഴിക്കണമെങ്കില്‍ സ്വന്തം വീട്ടിലേക്ക് പൊയ്ക്കോളൂ എന്നാണ് ഷിജിലിന്റെ അമ്മയുള്‍പ്പെടെ പറയാറുണ്ടായിരുന്നത്. അബോര്‍ഷന്‍ നടത്താന്‍ ഷിജില്‍ ശ്രമിച്ചിരുന്നു, പക്ഷേ കൃഷ്ണപ്രിയ തയ്യാറാകാത്തതുകൊണ്ട് കുഞ്ഞ് ജനിച്ചു. ആ കുഞ്ഞിനേം ഷിജിലും അച്ഛനും അമ്മയും സഹോദരിയും ചേര്‍ന്ന് ഇല്ലാതാക്കിയെന്ന് പ്രഭ പറയുന്നു.

‘അവര്‍ നാലുപേരും കൂടി ഓരോ ദിവസമായിട്ട് കുത്തിക്കുത്തിയാണ് കുഞ്ഞിന്റെ ജീവനെടുത്തത്, ഒടുവില്‍ ഷിജില്‍ മടിയിലിരുത്തി കുഞ്ഞിന്റെ അടിവയറ്റില്‍ കുത്തിയാണ് അവസാനശ്വാസവും ഇല്ലാതാക്കിയത്. വിവാഹം കഴിച്ച നാള്‍ മുതല്‍ തന്നെ പണത്തിന്റെ പേരിലാണ് കൃഷ്ണപ്രിയയെ ഉപദ്രവിച്ചിരുന്നത്. അവള്‍ക്കും കുഞ്ഞിനും ചിലവിന് കൊടുക്കാന്‍ പറ്റില്ലെന്നതായിരുന്നു അവരുടെ നിലപാടെന്നും പ്രഭ പറയുന്നു. ഒരാള്‍ക്കും ചെയ്യാനാവാത്ത ക്രൂരതയാണ് ആ കുടുംബം ആ പൈതലിനോട് ചെയ്തതെന്നും കൃഷ്ണപ്രിയയുടെ കുടുംബം പറയുന്നു.

അടിവയറ്റിലേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ഫോറന്‍സിക് സര്‍ജന്‍ സ്ഥിരീകരിച്ചിരുന്നു. സർജന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഷിജിലിന്റെ അറസ്റ്റിലേക്കു നീങ്ങിയത്. തുടക്കത്തിൽ തന്നെ മരണത്തിൽ സംശയം തോന്നിയ പൊലീസ്, ഇഹാന്റെ സംസ്കാരം കഴിഞ്ഞയുടൻ ഷിജിലിനെയും കൃഷ്ണപ്രിയയെയും നെയ്യാറ്റിൻകര സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. 

ജനുവരി പതിനാറിന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഇഹാന്‍ കരഞ്ഞുകൊണ്ട് എഴുന്നേല്‍ക്കുകയും കട്ടിലില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തു. കുഞ്ഞ് കരയുന്നത് കേട്ട് എഴുന്നേറ്റ കൃഷ്ണപ്രിയ മുറിയിലെ ലൈറ്റ് ഇടുകയും കുഞ്ഞിനെ ശുചിമുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതോടെ ദേഷ്യം പിടിച്ച ഷിജില്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ പറഞ്ഞ് ബഹളമുണ്ടാക്കി. കുട്ടിയെ വൃത്തിയാക്കിയ ശേഷം കൃഷ്ണപ്രിയ കട്ടിലില്‍ കൊണ്ട് കിടത്തി.

കുട്ടി കാരണം ഉറക്കം പോയി എന്ന് പറഞ്ഞ് ഷിജില്‍ വീണ്ടും ബഹളം വെച്ചു. ഇതിനുശേഷമാണ് കട്ടിലിൽ കിടന്ന കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം വയറ്റിൽ കൈകൊണ്ട് ഇടിച്ചത്. കുട്ടി വേദന കൊണ്ട് കരഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതെ ഷിജിൽ കിടന്നുറങ്ങി. പുറമേ മുറിവ് കാണാതിരുന്നതിനാൽ കൃഷ്ണപ്രിയ കുട്ടിയുടെ കരച്ചിൽ മാറ്റിയശേഷം കിടത്തി ഉറക്കുകയായിരുന്നു. അന്ന് വൈകിട്ടോടെയാണ് കുട്ടിയുടെ അവസ്ഥ മോശമാവുകയും ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിക്കുകയും ചെയ്തത്. ഇക്കാര്യം ഷിജിലും ഭാര്യ കൃഷ്ണപ്രിയയും പൊലീസിനോട് സമ്മതിച്ചു. 

ENGLISH SUMMARY:

Neyyattinkara child murder case reveals shocking details. The one-year-old baby was allegedly murdered by his father, with the mother's family accusing other family members of being involved.