കണ്ണൂര്‍ പയ്യന്നൂരില്‍ സ്വകാര്യബസില്‍ യാത്ര ചെയ്യവെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നാരോപിച്ച് ഷിംജിത മുസ്തഫ എന്ന യുവതി ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നു. ആരോപണം തെറ്റാണെന്ന് ആക്ഷേപമുയര്‍ന്നതോടെ ആദ്യ വിഡിയോ പിന്‍വലിച്ച് വിശദീകരണം കൂടി ചേര്‍ത്ത് മറ്റൊരു വിഡിയോ. വിഡിയോയിലുണ്ടായിരുന്ന ആരോപണവിധേയനായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി നാല്‍പത്തിരണ്ടുകാരന്‍ യു.ദീപക് ഒടുവില്‍ കടുത്ത മാനസിക സംഘര്‍ഷത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നു. ശനിയാഴ്ച രാത്രി പത്തുമണിയോടെ ഉറങ്ങാന്‍ പോയ ദീപക് രാവിലെ ഏഴരയായിട്ടും കതക് തുറക്കാത്തതിനെത്തുടര്‍ന്ന്് കുടുംബവും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തുറക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആരാണ് ശരി ആരാണ് തെറ്റുകാരെന്ന് കയ്യില്‍ മൊബൈലുള്ളവരും സമൂഹമാധ്യമങ്ങളുമൊക്കെ ചേര്‍ന്ന് വിധിയെഴുതിത്തുടങ്ങിയപ്പോള്‍ അത് കണ്ടുനില്‍ക്കാനാകാതെ ആരോപണവിധേയന്‍ ജീവനൊടുക്കിയിരിക്കുന്നു.
ഉള്ളാട്ടുതൊടി ചോയിയുടേയും കനകയുടേയും ഏകമകനാണ് ദീപക്. കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ സ്വകാര്യ വസ്ത്രനിര്‍മാണ സ്ഥാപനത്തിലെ സെയില്‍സ് എക്സിത്യുട്ടീവായ ദീപക്, ജോലി ആവശ്യത്തിന് കണ്ണൂര്‍ പയ്യന്നൂരെത്തിയപ്പോഴായിരുന്നു വിഡിയോയ്ക്ക് ആധാരമായ സംഭവം. അത്താണിയായിരുന്ന ഏക മകന്‍ ജീവിതം പാതിവഴിയില്‍ അവസാനിപ്പിച്ചതിന്റെ സങ്കടത്തിലാണ് മാതാപിതാക്കള്‍. നാട്ടിലും വീട്ടിലും അധികമാരോടും സംസാരിക്കാത്ത ശാന്തനായ വ്യക്തിയായിരുന്നു ദീപക്കെന്ന് നാട്ടുകാര്‍.
ഏഴ് വര്‍ഷമായി സ്ഥാപനത്തില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്നയാളാണ് ദീപക്കെന്നും വിഡിയോ കണ്ടപ്പോള്‍തന്നെ ദീപക്കുമായി സംസാരിച്ചിരുന്നുവെന്നും സ്ഥാപന ഉടമ വി.പ്രസാദ് പറഞ്ഞു. ഞായറാഴ്ച രാവിലെ അഭിഭാഷകനെ കണ്ട് നിയമനടപടിയുമായി മുന്നോട്ടുപോകാനിരിക്കെയാണ് ശനിയാഴ്ച രാത്രി ദീപക് ജീവനൊടുക്കിയത്. യുവതിക്കുനേരെ ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് കുടുംബം പരാതി നല്‍കി. ദീപക് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും യുവതി ബോധപൂര്‍വം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ അത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് വടകര സ്വദേശി ഷിംദിത മുസ്തഫയ്ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. ഷിംജിതയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യും മുന്‍പ് വടകര പൊലീസ് സ്റ്റേഷനില്‍ പരിചയമുള്ള ഒരാളോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ വസ്തുതാ വിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, അന്ന് ബസില്‍ നടന്നുവെന്ന് പറയപ്പെടുന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയെന്ന് ബസ് ജീവനക്കാര്‍ വ്യക്തമാക്കി. ബസിലെ സി.സിടിവി ക്യാമറയില്‍ ദൃശ്യം പതിഞ്ഞിട്ടില്ല. ദീപകും ഷിംജിതയും രണ്ട് സമയങ്ങളിലായി കയറുന്ന ദ്യശ്യങ്ങള്‍ ബസിലെ സി സി ടിവിയിലുണ്ടെങ്കിലും ലൈഗീംകാതിക്രമം നടക്കുന്നത് ദ്യശ്യത്തിലില്ല. ദീപക്കിന്‍റെ ആത്മഹത്യയില്‍ യുവതിയെ കുറ്റപ്പെടുത്തി ബസ്സിലെ ജീവനക്കാരും രംഗത്ത് എത്തി .പയ്യന്നൂരിലെ അല്‍ അമീന്‍ ബസ്സിലായിരുന്നു യുവതി വീഡിയോ ചിത്രീകരിച്ചത്.
ദീപക്കിന്റെ മരണത്തിന് കാരണക്കാരി വിഡിയോ ചെയ്ത യുവതിയാണെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട രാഹുല്‍, കുടുംബത്തിന് ധനസഹായം നല്‍കണമെന്നും വ്യക്തമാക്കി. യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ വീഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ ഉടന് അറസ്റ്റ് ചെയ്തേക്കും. ജാമ്യമില്ല വകുപ്പ് പ്രകാരം ഷിംജിതയ്ക്ക് എതിരെ കേസ് എടുത്തതോടെയാണ് അറസ്റ്റ് നടപടിയിലേക്ക് പൊലീസ് കടന്നിരിക്കുന്നത്.ഇന്നലെ വടകരയിലെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍ പോയതായാണ് വിവരം.ഫോണും സ്വിച്ച് ഓഫാക്കിയ നിലയിലാണ്.സൈബര്‍ പൊലിസും കേസില്‍ പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട് .എഡിറ്റ് ചെയ്ത വീഡിയോയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അതിനാല്‍ ഷിംജിതയുടെ മൊബൈലില്‍ ഉള്ള യഥാര്‍ഥ വീഡിയോ കൂടി കണ്ടെത്തി പരിശോധന നടത്തും. ഇതിനോടകം എട്ടോളം പരാതികളാണ് ദീപക്കിന്‍റെ ആത്മഹത്യയില്‍ ഷിംജിതക്കെതിരെ കോഴിക്കോട് കമ്മിഷ്ണര്‍ക്ക് ലഭിച്ചിരിക്കുന്നത്.