സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകകളായ വനിതാസംരംഭകര്‍ക്ക് മനോരമന്യൂസിന്റെ ആദരം. സ്വയംസംരംഭങ്ങളിലൂടെ നേട്ടം കൈവരിച്ച വനിതകളും വിജയം നേടിയ വനിതാ കൂട്ടായ്മകളും പെണ്‍താരം പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. വ്യക്തിഗത,ഗ്രൂപ്പ് ഇനങ്ങളിലായി മൊത്തം 10 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മെഡിമിക്സ്–എ.വി.എ.ഗ്രൂപ്പുമായി സഹകരിച്ചാണ് പെണ്‍താരം പുരസ്കാരം സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള 15വനിതാ സംരംഭകരില്‍ നിന്നും 15വനിതാ സംരംഭകത്വ കൂട്ടായ്മകളില്‍ നിന്നുമാണ് പെണ്‍താരം ഫിനാലെയില്‍ 7പേര് വിജയികളായത്. വ്യക്തിഗത ഇനത്തില്‍ വയനാട്ടില്‍ നിന്നുള്ള സിന്ധു ജോബിഷ് ഒന്നാം സമ്മാനം നേടി. വനമേഖല അതിരിടുന്ന പുല്‍പ്പള്ളി വേലിയമ്പത്ത് വന്യമൃഗങ്ങളെ പ്രതിരോധിച്ച് മത്സ്യകൃഷിയില്‍ വിജയംകൊയ്ത കര്‍ഷകയാണ് സിന്ധു. രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക. ശാസ്താംകോട്ട സ്വദേശിനി അജ്മി എസ്.സുൽത്താനയ്ക്കാണ് ഒരു ലക്ഷം രൂപയുടെ രണ്ടാം സമ്മാനം. ഓർക്കിഡ് വിപണനത്തിലൂടെ വർഷം ഒരു കോടിയിൽ അധികം വരുമാനം നേടുന്നു അജ്മി. വ്യക്തിഗത ഇനത്തില്‍ മൂന്നാം സമ്മാനം കോഴിക്കോട് നിന്നുള്ള ഡോ.ഷാലിമ അഹമ്മദിന്റെ കൊക്കോ റൂട്ട്സ് ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുടെ സംരംഭത്തിനാണ്. അരലക്ഷം രൂപയാണ് സമ്മാനത്തുക.
വനിതാ കൂട്ടായ്മകളില്‍ ഒന്നാം സമ്മാനം കോട്ടയം ഏറ്റുമാനൂരിലെ അര്‍ച്ചന വിമന്‍സ് സെന്ററിനാണ്. അര്‍ച്ചനയിലെ നാലു വീട്ടമ്മമാര്‍ നടത്തുന്ന വെല്‍ഡിങ് വര്‍ക് ഷോപ്പിനാണ് മൂന്നുലക്ഷം രൂപയുടെ ഒന്നാം സമ്മാനം. സ്ത്രീകള്‍ കടന്നുവരാത്ത തൊഴില്‍മേഖലകളായ മേസ്തിരിപ്പണിയും തടിപ്പണിയും പ്ളമിങ് ജോലികളും വരെ ചെയ്യുകയാണ് അര്‍ച്ചനയിലെ സ്ത്രീകള്‍. രണ്ടു ലക്ഷം രൂപയുടെ രണ്ടാം സമ്മാനം എറണാകുളം ആരക്കുന്നത്ത് പ്രവർത്തിക്കുന്ന 'തേജോമയ'യിലെ 'ഉയരെ' എന്ന ബ്രാൻഡിനാണ്. സംസ്ഥാനത്തെ നിർഭയ ഹോമുകളിലെ അതിജീവിതകള്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളാണ് 'ഉയരെ' എന്ന ബ്രാന്‍ഡിലൂടെ വിപണനം നടത്തുന്നത്.
150 സ്ത്രീകൾക്ക് ജോലി നൽകുന്ന കൊച്ചി കോർപ്പറേഷന്റെയും കുടുംബശ്രീയുടെയും സംരംഭമായ സമൃദ്ധി @ കൊച്ചി ടീം ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹരായി. 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ജനകീയ ഭക്ഷണശാലയ്ക്ക് അരലക്ഷം രൂപയാണ് സമ്മാനം. പാതി മാത്രം വളർന്ന വലതു കൈകൊണ്ട് വസ്ത്രങ്ങളിൽ ചിത്രപ്പണികൾ ഒരുക്കുന്ന അഞ്ജന ഷാജിയുടെ വൺ ഹാൻഡ് എംബ്രോയ്ഡ്റി എന്ന സംരംഭവും സ്പെഷല്‍ ജൂറി പുരസ്കാരം നേടി. അരലക്ഷം രൂപയാണ് സമ്മാനത്തുക.
മെഡിമിക്സ്–എ.വി.എ.ഗ്രൂപ്പുമായി സഹകരിച്ച് മനോരമന്യൂസ് പെണ്‍താരം പുരസ്കാരം സംഘടിപ്പിക്കുന്നത് തുടര്‍ച്ചയായി ഇത് മൂന്നാം വട്ടമാണ്. സുപ്ര പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡാണ് സഹപ്രായോജകര്‍. നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലായിരുന്നു പെണ്‍താരം ഫിനാലെയില്‍ മുഖ്യാതിഥി. മെഡിമിക്സ് AVA ഗ്രൂപ്പ് MD ഡോ.എ.വി.അനൂപും റിമയുമാണ് സമ്മാനത്തുകയും ഫലകവും സമ്മാനിച്ചത്. ജൂറി അംഗങ്ങളായ മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, പൂര്‍ണിമ ഇന്ദ്രജിത്, ബി.കെ.ഹരിനാരായണന് എന്നിവരും പങ്കെടുത്തു.