ആളുകള്‍ കൂട്ടം കൂടി തല്ലി ചതച്ച് കൊല്ലുന്നതിന് ആറുദിവസം മുമ്പാണ് ജീവിക്കാനൊരു വഴിതേടി 41കാരനായ റാംനാരായണ്‍ ഭയ്യര്‍ ഛത്തിസ്ഗഡിലെ ഉള്‍ഗ്രാമമായ ശക്തിയില്‍ നിന്ന് കേരളത്തിലെ പാലക്കാട്ടെത്തിയത്. കൊടും ദാരിദ്ര്യമാണ് ആ യാത്രയുടെ കാരണം. വീട്ടില്‍ ഭാര്യ രണ്ടാണ്‍മക്കള്‍. കുടുംബം പുലരാന്‍ കേരളം കൈത്താങ്ങുമെന്ന് രാമും കുടുംബവും പ്രതീക്ഷിച്ചു. ആ പ്രതീക്ഷയുടെ കരുത്തിലായിരുന്നു ജോലി തേടി പാലക്കാട്ടേക്കുള്ള വരവ്. പക്ഷേ വാളയാറിലെ ഒരുകൂട്ടം ആളുകള്‍ ആ പ്രതീക്ഷയെ തല്ലിക്കെടുത്തി. ജീവന്‍പോലും ബാക്കിയില്ലാത്ത വെറുമൊരു ശരീരമായി രാംനാരായണിനെ ഛത്തിസ്ഗഡിലേക്ക് തിരിച്ചയച്ചു ആ വെറളിപിടിച്ച ആള്‍ക്കൂട്ടം.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റംമോര്‍ട്ടം കഴിഞ്ഞ് മറ്റ് നടപടികളും പൂര്‍ത്തിയാക്കി രാംനരായണിന്റെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോയി. പതിനൊന്നരയോടെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച് വിമാനമാര്‍ഗമാണ് ഛത്തിസ്ഗഡിലേക്ക് കൊണ്ടുപോയത്. കടുത്ത കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം എത്ര നൽകുമെന്നതിൽ ധാരണയായിട്ടില്ല. നൽകുമെന്ന മന്ത്രി കെ രാജന്റെ ഉറപ്പിലാണ് മൃതദേഹം കൊണ്ടുപോകാൻ കുടുംബം സമ്മതമറിയിച്ചത്. കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചതാണ് നിലവിൽ ആശ്വാസം. മന്ത്രി രാജനുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്.