പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ 8 പ്രതികൾക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്‌സി– എസ്ടി സ്പെഷൽ കോടതിയാണ് കേസിലെ മുഖ്യപ്രതികൾ ഉൾപ്പെടെയുള്ളവർക്കു ജാമ്യം അനുവദിച്ചത്. പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി എ.അനു (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ എൻ.ആനന്ദ് (56), എം.രാജേഷ് (38), എം.ഷാജി (38), വി.ജഗദീഷ്കുമാർ (49), മഹാളിക്കാട് സ്വദേശികളായ സി.പ്രസാദ് (34), സി.മുരളി (38), കെ.വിപിൻ (30) എന്നിവർക്കാണു ജാമ്യം നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ വിനോദ്കുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
ആറോളം ഉപാധികളോടെയാണു കോടതി ഇവർക്കു ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിൽ ആകെ 9 പേരാണ് അറസ്റ്റിലായിരുന്നത്. 20 പ്രതികളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇനിയും പ്രതികളെ പിടികൂടാനിരിക്കെയാണ് ആദ്യം പിടിയിലായ 8 പേർക്കും ജാമ്യം ലഭിച്ചത്. തമിഴ്നാട്ടിലേക്ക് ഉൾപ്പെടെ കടന്നുകളഞ്ഞ മറ്റു പ്രതികളെ പിടികൂടാൻ ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിച്ച് കേസന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 17നു വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നു രാത്രി മരിച്ചു.