തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും കഴിഞ്ഞു, വോട്ടെണ്ണലും കഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ ചിലര്‍ ജയിച്ചു ബാക്കിയുള്ളവര്‍ തോറ്റു. പക്ഷേ അക്രമവും തെറിവിളിയും കൊലവിളിയ‌ും വമ്പത്തരവും കാണിച്ച് വോട്ടെണ്ണലിന് ശേഷം തിണ്ണമിടുക്ക് കാണിക്കാനുള്ള തോറ്റവരുടെ ശ്രമങ്ങളായിരുന്നു പിന്നീട് കണ്ടത്. പാര്‍ട്ടി ഭേദമന്യേ തോറ്റവരുടെ മനസ് ഇളകി. വാശി കേറി, പ്രതികാരമായി. അതെല്ലാം തെരുവില്‍ പുറത്തെടുത്തു. ഒന്ന് തോറ്റതിന് അവരവരെ മറന്ന് ഇങ്ങനെയൊക്കെ കാണിക്കണോ മനുഷ്യരേ എന്ന് ചോദിച്ചുപോവും. അയ്യേ നാണക്കേട് എന്ന് പറഞ്ഞും പോവും. വോട്ട് പെട്ടിയില്‍ വീഴും വരെ ചിരിച്ചും സൗമ്യമായും മാന്യമായും നമ്മള്‍ കണ്ടവരുടെ തനിനിറമൊക്കെ വോട്ടെണ്ണല്‍ കഴിഞ്ഞതോടെ അഴിഞ്ഞുവീഴുന്ന പ്രതിഭാസം ഇക്കുറിയും ആവര്‍ത്തിക്കപ്പെട്ടു.

കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ്  പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്. ഇരുവിഭാഗം പ്രവര്‍ക്കരും തമ്മില്‍ കല്ലേറുണ്ടായി. ഇതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ വടിവാളുമായി വീടുകള്‍ കയറി ഭീഷണി മുഴക്കുകയും ആക്രമണം നടത്തുകയും ചെയ്തത്  UDF ആഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകനെ അസഭ്യം പറഞ്ഞതായി ആരോപിച്ചു സിപിഎം പ്രവർത്തകർ വടിവാളുമായി ആക്രമണം നടത്തുകയായിരുന്നു. ചുവപ്പ് മുഖംമൂടിക്കെട്ടിയ അക്രമിസംഘം വീടുകളിലും മുസ്ലിംലീഗ് പാർട്ടി ഓഫീസിലും എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചെടിച്ചട്ടികൾ നശിപ്പിച്ചു, വാഹനങ്ങൾ അടിച്ചു തകർത്തു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. 

ENGLISH SUMMARY:

Post-election violence is a recurring issue after election results in Kerala. Celebrations and disagreements often lead to clashes and violence, showcasing a darker side of political rivalry.