ഡിസംബര്‍ എട്ടിന് ശേഷം എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലേക്ക് നാട് വീണ്ടും കതോര്‍ത്ത ദിനം. രാവിലെ തന്നെ മാധ്യമസംഘം കോടതി പരിസരത്ത് തയ്യാറായി. നടി ആക്രമിക്കപ്പെട്ട കേസിലെ ആറു പ്രതികള്‍ക്ക് എന്ത്ശിക്ഷയായിരിക്കും നല്‍കുക? ഏറ്റവും ഉയര്‍ന്ന ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമ്പോള്‍ ജഡ്ജി എന്ത് വിധിക്കും? ആ വിധിയിലെ ന്യായം എന്തായിരിക്കും? ഒപ്പം എങ്ങനെ ദിലീപ് അടക്കമുള്ള പ്രതികള്‍ കുറ്റവിമുക്തരായി എന്നും വിധിന്യായം പുറത്തുവന്നാലേ അറിയാനൊക്കു. അങ്ങനെ കാത്തിരിപ്പിന്റെ ഒരു പകല്‍. പതിനൊന്നു മണിക്ക് വാദം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും അല്‍പം നീണ്ടു. പിന്നെ ഒന്നരമണിക്കൂര്‍ നീണ്ട വാദം. ശേഷം വൈകീട്ട് നാലെ നാല്‍പ്പതിന് ശിക്ഷാവിധി.
അങ്ങനെ നടി ആക്രമിക്കപ്പെട്ട് എട്ടുവര്‍ഷത്തിന് ശേഷം പ്രതികള്‍ക്ക് ശിക്ഷയായി. ഒന്നുമുതല്‍ ആറുവരെയുള്ളവരാണ് പ്രതികളെന്ന് ഡിസംബര്‍ എട്ടിന് കോടതി വിധിച്ചിരുന്നു. കേസിൽ വിചാരണ നേരിട്ട പത്ത് പ്രതികളിൽ നടൻ ദിലീപ് അടക്കം നാല് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിനെ വെറുതെ വിട്ടത്. പ്രതികളായവര്‍ക്ക് എന്ത് ശിക്ഷയെന്നായിരുന്നു ഉറ്റുനോക്കിയത്. കൂട്ട ബലാല്‍സംഗത്തിന് എല്ലാവര്‍ക്കും 20 വര്‍ഷം തടവ്. അമ്പതിനായിരം രൂപ പിഴ. ഗൂഢാലോചനയ്ക്് 20 വര്‍ഷം തടവും 50,000 രൂപയും പിഴ.പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് ആര്‍ക്കുമില്ല. പൾസർ സുനി, മാർട്ടിൻ ആൻ്റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലിം, പ്രദീപ് എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 20വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. സെന്‍സേഷണല്‍ കേസാണ്. പക്ഷേ സെന്‍സേഷണലിസം കോടതി വിധിയെ സ്വാധീനിക്കുന്നില്ല. പക്ഷേ പ്രതികളുടെ പ്രായവും കുടുംബ സാഹചര്യവും പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കുന്നില്ല. ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ഐടി ആക്ട് പ്രകാരം മൂന്നുവര്‍ഷം തടവും കൂടിയുണ്ട്. അതിജീവിതയ്ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അതിജീവിതയുടെ സ്വര്‍ണമോതിരം തിരികെ നല്‍കണമെന്നും വിധിയില്‍ പറയുന്നു. അപ്പീല്‍ കാലാവധി കഴിയും വരെ പെന്‍ഡ്രൈവ് സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്. പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്നാണ് കോടതി നിര്‍ദേശം.
ശിക്ഷയുടെ വിശദാംശങ്ങളിലേക്ക് പോയാല്‍ അതിങ്ങനെയാണ്. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ആകെ പിഴ മൂന്നേകാല്‍ ലക്ഷം.രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ഒന്നരലക്ഷം രൂപ പിഴ. മണികണ്ഠനും വടിവാള്‍ സലിമും പ്രദീപും വിജീഷും പിഴ ഒന്നേകാല്‍ ലക്ഷം വീതം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം അധികതടവ് അനുഭവിക്കണം. പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. പള്‍സര്‍ സുനി ഇനി 13 വര്‍ഷം ജയിലില്‍ കിടക്കണം. മാര്‍ട്ടിന്‍ 13 വര്‍ഷവും മണികണ്ഠന്‍ 16 വര്‍ഷവും വടിവാള്‍ സലിമും പ്രദീപും 18 വര്‍ഷവും തടവ് ശിക്ഷ അനുഭവിക്കണം. വിജീഷ് 16 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. എട്ടാം പ്രതിയെ വെറുതെ വിട്ടപ്പോളേ പ്രതീക്ഷ അവസാനിച്ചുവെന്നാണ് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയുടെ പ്രതികരണം. പ്രതികളുടെ പ്രായവും സാഹചര്യവും കോടതി പരിശോധിച്ചു, പക്ഷേ അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ലെന്ന് മിനി ചൂണ്ടിക്കാട്ടുന്നു.
വിധിയുടെ പൂർണ ഭാഗം കിട്ടിയിട്ടില്ലെന്നും നല്ല വിധി ആയിട്ടാണ് തോന്നുന്നതെന്നും മന്ത്രി പി. രാജീവ്. അന്വേഷണസംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണിത്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. വിധി പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടികൾ ഉണ്ടാകും. എന്നാല്‍ വിധി നിരാശാജനകം എന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജയുടെ പ്രതികരണം. അതിജീവിതയ്ക്ക് നീതിലഭിച്ചിട്ടില്ലെന്നും നീതി നടപ്പായിട്ടില്ലെന്നും സംവിധായകന്‍ കമല്‍ പ്രതികരിച്ചു. ഒടുവില്‍ താരസംഘടനയുടെ പ്രസിഡന്‍റ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഞങ്ങള്‍ അവള്‍ക്കൊപ്പമാണെന്ന് ശ്വേത മേനോന്‍ പറഞ്ഞു.