നടി ആക്രമണക്കേസില്‍ ദിലീപടക്കമുള്ള 4 പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവിന്റെ അലയൊലികള്‍ ഒടുങ്ങുന്നില്ല. പൊതുസമൂഹത്തിന്റെ പലവിധത്തിലുള്ള പ്രതികരണങ്ങള്‍, വ്യാഖ്യാനങ്ങള്‍, വിലയിരുത്തലുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ രാഷ്ട്രീയകേരളത്തിലും വിധിയുടെ പ്രതിധ്വനി പലവിധത്തില്‍ ഉയരുകയാണ്. മുന്നണി കണ്‍വീനറുടെ ഒരൊറ്റ പ്രസ്താവനയിലൂടെ പ്രതിരോധത്തിലായിപ്പോയത് യുഡിഎഫ് ആണ്. കേരള സമൂഹം വളരെ ശ്രദ്ധാപൂര്‍വം പിന്തുടര്‍ന്ന കേസാണിത്. സമൂഹത്തിന്റെ മനസാക്ഷി വായിക്കാനായില്ല എന്നതാണ് അടൂര്‍ പ്രകാശിന് പറ്റിയ പറ്റ്. അല്ലെങ്കില്‍ പിന്നെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയിലാത്തതിനാലെന്ന് അടൂര്‍ പ്രകാശ് പറയില്ലല്ലോ. പ്രസ്താവയ്ക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെ രംഗത്തുവന്നതോടെ കെപിസിസി നേതൃത്വം തള്ളിപ്പറഞ്ഞു. അടൂര്‍ പ്രകാശ് തെക്കന്‍ കേരളത്തിലെ വോട്ട്ദിനത്തിലാണ് ഇത്തരമൊരു പ്രതികരണവുമായി വന്നത്. പിന്നാലെ നിലപാടില്‍ മലക്കംമറിഞ്ഞ അടൂര്‍ പ്രകാശ് അതിജീവിതയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ചു. ഓര്‍ക്കണം എ. ഐ.സി.സി ഇടപെടലിലാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയത്.