യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന പരാതിയില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് ഇന്നലെയാണ്. കേസെടുത്ത് രാഹുല്‍ ഒളിവില്‍ പോയതിന്‍റെ എട്ടാം ദിവസം. ജാമ്യം നിഷേധിക്കപ്പെട്ട് ദിവസം ഒന്നായെങ്കിലും രാഹുലിന്‍റെ ഒളിവുജീവിതത്തിന് ഭംഗം വരുത്താന്‍ കേരള പൊലീസിന് ആയിട്ടില്ല. ഇനി വേണ്ടെന്ന് വച്ചിട്ടാണോയെന്നും അറിയില്ല. അതെ, ചോദ്യം അതാണ് എന്താണ് രാഹുലിനെ പൊലീസ് പിടിക്കാത്തത്?

കോടതിയും പാര്‍ട്ടിയും രാഹുലിനെ കൈവിട്ടിട്ട് ഒരു രാത്രി കഴിഞ്ഞു, രണ്ടാം പകലിലാണ്. പക്ഷെ അതിഗുരുതരമായ രണ്ട് കേസില്‍ പ്രതിയായ കേരളത്തിലെ ഒരു എം.എല്‍.എ എവിടെയെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തിക്കാണിക്കുകയാണ് കേരള പൊലീസ്. 9 ദിവസമായി അരിച്ചുപെറുക്കുന്നൂവെന്ന് പറയുമ്പോഴും കൃത്യമായ ഒരുവിവരവുമില്ല. കോയമ്പത്തൂര്‍, പൊള്ളാച്ചി, ബാഗല്ലൂര്‍ എന്നിവിടങ്ങളിലെ ഓട്ടപ്പാച്ചിലിന് ശേഷം ഞായറാഴ്ച മുതല്‍ ബുധനാഴ്ച വൈകിട്ട് വരെ ബംഗളൂരു നഗരത്തിലും ഒളിവില്‍ കഴിഞ്ഞു. ഞായറാഴ്ച വൈകിട്ട് പൊലീസെത്തുന്നതിന് മുന്‍പ് മുങ്ങിയ രാഹുല്‍ പിന്നീട് എങ്ങോട്ട് പോയെന്നതിലാണ് കൃത്യമായ സൂചനയില്ലാത്തത്. ഹൊസൂര്‍ ഭാഗത്തുണ്ടെന്ന നിഗമനത്തില്‍ തിരച്ചില്‍ തുടരുകയാണ്. അതിനിടെ ഒളിവിലും രാഹുലിന് അത്യാഡംബരസൗകര്യവും വമ്പന്‍ സുരക്ഷയും കിട്ടുന്നതായി പൊലീസ് പറയുന്നു. ബെംഗളൂരു നഗരത്തില്‍ രണ്ട് ദിവസം കഴിഞ്ഞത് ആഡംബര വില്ലയിലാണ്.

പ്രമുഖയായ ഒരു വനിത അഭിഭാഷകയാണ് സൗകര്യമൊരുക്കിയത്. ബാഗല്ലൂരില്‍ ഒളിച്ച് താമസിച്ചത് പത്തേക്കറിലേറെ വലിപ്പമുള്ള റിസോര്‍ട്ടിലാണെന്നും കരുതുന്നു. രാഷ്ട്രീയ ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണ് സൗകര്യമൊരുക്കുന്നതെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇന്നലെയോടെ ഇത്തരം സഹായങ്ങളെല്ലാം അടച്ചെന്നും ഇനി രാഹുലിന് അധികം മുന്നോട്ട് പോകാനാകില്ലെന്നുമാണ് കരുതുന്നത്. അതോടെ രാഹുല്‍ കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ സംസ്ഥാന വ്യാപക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ രണ്ടാം ബലാല്‍സംഗക്കേസിലും അന്വേഷണം ശക്തമാക്കുകയാണ്. പെണ്‍കുട്ടിയുമായി സംസാരിച്ച് മൊഴിയുള്‍പ്പെടെയെടുക്കുന്നതിനായി വനിത ഐപി.എസ് ഉദ്യോഗസ്ഥയായ ജി.പൂങ്കുഴലിലെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. മൊഴി ലഭിച്ചാല്‍ കൂടുതല്‍ ഗുരുതരവകുപ്പുകള്‍ ചേര്‍ക്കും.

മൈസൂരു വഴി രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലേക്ക് കടക്കാൻ സാധ്യതയെന്ന സൂചനകളെ തുടർന്ന് വയനാട് അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തം. തോൽപ്പെട്ടി, ബാവലി, മുത്തങ്ങ ചെക്പോസ്റ്റുകളിൽ പൊലീസ് ജാഗ്രത തുടരുകയാണ്. 

രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയുണ്ടെന്നു ഇപ്പോള്‍ അറിയാവുന്ന ഒരേ ഒരാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പുകമറ സൃഷ്ടിച്ച് വിഷയം ഒന്നു രണ്ടു ദിവസം കൂടി കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അടൂര്‍ പ്രകാശ്. കൊല്ലത്തെ മീറ്റ് ദ പ്രസിലായിരുന്നു യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം. അതിനിടെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ ഹൈക്കോടതിയിൽ. നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹർജിയിലെ പ്രധാനവാദം. ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം. സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. കേസിലെ രേഖകള്‍ തനിക്ക് ലഭ്യമാക്കിയിട്ടില്ല. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണം. വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. 

രാഹുൽ ഉയർത്തിയ വിവാദം പ്രചരണ വേഗതയിൽ  പ്രതിസന്ധി തീർത്ത കോൺഗ്രസിന് മുന്നിൽ ഇനിയുള്ളത് ശബരിമല സ്വർണക്കൊള്ളയും, വിലക്കയറ്റവും, അഴിമതിയും, സർക്കാർ ഖജനാവിൽ നയാ പൈസയില്ലെന്ന ആരോപണവും ഉൾപ്പെടെ സർക്കാരിനെതിരെയുള്ള കടന്നാക്രമണമാണ്.

ENGLISH SUMMARY:

Rahul Mamkootathil faces serious allegations of sexual assault and illegal abortion. The case has intensified, with the police investigation ongoing and the MLA's whereabouts currently unknown, pending a High Court review of his pre-arrest bail application