TOPICS COVERED

പത്തനംതിട്ട കരിമാന്‍തോട് തൂമ്പാക്കുളത്തുനിന്നുവന്ന അപകടവാര്‍ത്ത നടുക്കുന്നതായിരുന്നു. സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. അധികംവൈകാതെ അതൊരു ദുഃഖവാര്‍ത്തയായി മാറി. എട്ടുവയസ്സുകാരി ആദിലക്ഷ്മി മരിച്ചു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായല്ലോ എന്ന നാട്ടുകാരുടെ ആശ്വാസം അധികം നീണ്ടില്ല. മറ്റൊരു കുട്ടിയെ കാണാനില്ല. എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന്‍ എവിടെ ? അപകടത്തില്‍പ്പെട്ട ഓട്ടോയില്‍ യദുവുണ്ടായിരുന്നു എന്നത് വൈകിയാണ് മനസിലാകുന്നത്. രാത്രിയോടെ യദുവിനെ കിട്ടി, ചേതനയറ്റ നിലയില്‍. ഗ്രാമമൊന്നാകെ ഉലഞ്ഞുപോയി. കണ്ണീര്‍ക്കടലായി മാറിയിരിക്കുന്നു ഒരുനാട്. പ്രിയപ്പെട്ട മക്കളെ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനാകാതെ രണ്ടുകുടുംബങ്ങള്‍. കുഞ്ഞു യദുവും മൂന്നാംക്ലാസുകാരി ആദിലക്ഷ്മിയും വേദനിക്കുന്ന ഓര്‍മകളായി മാറി. വേദനയുടെ ആഴത്തിലാണ് തേക്കുതോടാകെ.

നിലവിളി കേട്ടു  പാഞ്ഞെത്തിയവര്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഓട്ടോ കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടസാധ്യത നന്നേ കുറവായ പ്രദേശം. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചിട്ടുണ്ടാകുക ? ആറ് കുട്ടികൾക്കൊപ്പം ഡ്രൈവർ ഒരു അമ്മയെയും ഓട്ടോറിക്ഷയിൽ കയറ്റിയിരുന്നു. പാമ്പ് എന്നു പറഞ്ഞപ്പോഴാണ് ഓട്ടോറിക്ഷ വെട്ടിത്തിരിഞ്ഞ് താഴ്ചയിലേക്ക് വീണതെന്ന് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രക്ഷിതാവ് രാജി അനിൽ പറഞ്ഞു. വലിയ കുട്ടികളുടെ മടിയിൽ ചെറിയ കുട്ടികളെ ഇരുത്തിയാണ് ഇത്രയും പേരെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയിരുന്നത്. 150 അടിയോളം ചെങ്കുത്തായ പ്രദേശത്തുകൂടി താഴ്ചയിലുള്ള തോട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്. ഓട്ടോയിലുണ്ടായിരുന്നത് അഞ്ചുകുട്ടികള്‍ എന്നായിരുന്ന ആദ്യം പറഞ്ഞത്. അഗ്നിരക്ഷാസേനയടക്കം മടങ്ങിയശേഷമാണ് മറ്റൊരുകുട്ടികൂടിയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കാര്യം പുറത്തുവരുന്നത്. അതോടെ വീണ്ടും എല്ലാവരും അപകടസ്ഥലത്തേക്ക് കുതിച്ചു. പക്ഷേ, വൈകിപ്പോയിരുന്നു. ഓട്ടോ താഴ്ചയിലേക്ക് പോയ ഭാഗത്ത് അധികം മരങ്ങളില്ല. അതുകൊണ്ടുതന്നെ ഓട്ടോ തോട്ടിലേക്ക് പതിച്ചു. ഈ ഭാഗമൊഴികെയുള്ള സമീപസ്ഥലങ്ങളില്‍ നിറയെ റബര്‍ മരങ്ങളാണ്.  യദുവിനെയും ആദിലക്ഷ്മിയേയും അവസാനമായി ഒരുനോക്കുകാണാന്‍ നൂറുകണക്കിനാളുകള്‍ പൊതുദര്‍ശനത്തസമയത്ത് ഒഴുകിയെത്തി. സ്കൂളിലും വീട്ടിലുമെത്തിയ പലരും സങ്കടം സഹിക്കനാകാതെ പൊട്ടിക്കരഞ്ഞു. കുത്തനെയുള്ള പടികളും പാറക്കെട്ടും വേരുകളും നിറഞ്ഞ പ്രദേശത്തായിരുന്നു യദുകൃഷ്ണന്റെ വീട്. ദുഷ്കരമായ ആ കയറ്റം താണ്ടി വയോധികര്‍ പോലും അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. സ്കൂളിന് സമീപത്തെ ഹാളിൽ ആയിരുന്നു ആദ്യം പൊതുദർശനം. കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം കണ്ട് അധ്യാപകർ അടക്കം അലമുറയിട്ടു. സഹിക്കാന്‍ കഴിയാത്ത സങ്കടക്കാഴ്ചകള്‍.

ENGLISH SUMMARY:

Pathanamthitta auto accident has claimed the lives of two young school children after an auto-rickshaw carrying them plunged into a stream. The tragic incident has plunged the entire village into mourning.