കൊലപാതകവാര്‍ത്തകളില്ലാതെ ഒരു ദിവസം പോലും കടന്നുപോകാത്ത സാഹചര്യം. കൊന്നുതള്ളുകയാണ് പച്ചയായ ജിവന്‍. ഇതൊരറ്റപ്പെട്ട കാഴ്ചയല്ല. ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് കത്തിയെടുക്കുന്ന അവസ്ഥ. ഒന്നും രണ്ടും പറഞ്ഞ് അവസാനം കൊലപാതകത്തിലവസാനിക്കുകയാണ് ചെറിയ വഴക്കുപോലും. സാഹചര്യങ്ങളേ മാറുന്നുള്ളൂ, ക്രൂരതയുടെ മുഖം ഒന്നുതന്നെ. കഴിഞ്ഞ രാത്രികളില്‍ നടന്ന മൂന്നു കൊലപാതകങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും ഇക്കാര്യം വ്യക്തമാകാന്‍. കോട്ടയം മാണിക്കുന്നത് ഇന്ന് പുലര്‍ച്ചെ നടന്ന കൊലപാതകം ആരെയും ഞെട്ടിക്കും. യുവാക്കള്‍തമ്മിലുള്ള തര്‍ക്കം അവസാനിച്ചത് ഒരു ജീവനെടുത്തുകൊണ്ടാണ്.
കോട്ടയത്തെ കൊലപാതകം വീടിന്റെ ഗേറ്റിനുമുന്നിലാണെങ്കില്‍ കൊല്ലത്തേത് വീട്ടിനുള്ളില്‍തന്നെ. കരിക്കോട് ഭാര്യയെ കൊന്നത് ഭര്‍ത്താവ് തന്നെ. തര്‍ക്കത്തിനിടെ ഗ്യാസുകുറ്റികൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല. കഴിഞ്ഞ ദിവസം രാത്രി കൊച്ചിയില്‍ ലൈംഗികത്തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു. കൊലപാതകിയായ വീട്ടുടമ മദ്യലഹരിയില്‍ മൃതദേഹത്തിനരികെ ഉറങ്ങിക്കിടക്കുന്ന കാഴ്ച. ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിച്ചു. പണത്തെച്ചൊല്ലി തര്‍ക്കം. ഒടുവില്‍ ഇരുമ്പവടികൊണ്ട് സ്ത്രീയുടെ കഥ കഴിച്ചു. കോട്ടയത്തും കൊല്ലത്തും കൊച്ചിയിലും കൊലപാതകത്തിലേക്ക് നയിച്ചത് തര്‍ക്കമാണെന്ന് പൊലീസ് വിശദീകരണത്തില്‍ വ്യക്തം. എല്ലാ തര്‍ക്കങ്ങള്‍ക്കള്‍ക്കുമൊടുവില്‍ കൊലപാതകം. കൊലയ്ക്ക് ശേഷം അവശേഷിക്കുന്നത് ഉറ്റവരുടെ കണ്ണീരും.
മൂന്നുകൊലപാതകങ്ങള്‍ക്കും കാരണം രണ്ടുപേര്‍ക്കിടയില്‍ ഉടലെടുത്ത തര്‍ക്കമാണ്. മൂന്നു കൊലയാളികളും പിടിയിലായി. മൂന്നുകൊലപാതകങ്ങളും സംഭവിക്കുന്നത് പെട്ടെന്നാണ്. അതായത് നേരത്തെ ആസൂത്രണം ചെയ്ത്, തീരുമാനിച്ചുറപ്പിച്ച് നടപ്പാക്കിയതല്ല എന്ന വ്യക്തം. ഒഴിവാക്കാവുന്ന തര്‍ക്കവും പരിഹരിക്കാവുന്ന പ്രശ്നവുമാണെങ്കില്‍ മൂന്നുജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഉറപ്പ്.