കോഴിക്കോട് നഗരത്തിൽ അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരി കടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ് വഴി കൊണ്ടുവന്ന എംഡിഎംഎ അടക്കമുള്ള ലഹരി മരുന്ന് പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും കസബ പൊലീസും ചേർന്ന് കോഴിക്കോട് പുതിയ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ടൂറസ്റ്റ് ബസിൽ കടത്തിയ ലഹരി മരുന്ന് പിടികൂടിയത്.
വാട്ടർ ഹീറ്ററിന്റെ സ്റ്റീൽ ടാങ്കിൽ ഒളിപ്പിച്ച നിലയിൽ 250 ഗ്രാമോളം എംഡിഎംഎയും, 44 ഗ്രാമോളം ലഹരി ഗുളികളും, 99 എൽഎസ്ഡി സ്റ്റാമ്പുകളും പൊലീസ് കണ്ടെടുത്തു. ലഹരി മരുന്ന് എത്തിച്ച കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മുഹമ്മദ് സഹദ്, കോഴിക്കോട് തിരുവണ്ണൂർ സ്വദേശി ഇർഫാൻ എന്നിവരെ ഡാൻസാഫ് ടീമും കസബ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ സജീവമാകുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പൊലീസ് പരിശോധന. വാട്ടർ ഹീറ്ററിന്റെ സ്റ്റീൽ ടാങ്കിനുള്ളിൽ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പിടികൂടിയത്. ഈ മാസം കോഴിക്കോട് ഡാൻസാഫ് സംഘം നടത്തുന്ന ആറാമത്തെ ലഹരി വേട്ടയാണിത്.