തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ കിട്ടാത്തെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതി ഉയര്‍ന്നിട്ട് അധികദിവസം ആയിട്ടില്ല. ഇപ്പോള്‍ ഇതാ, സമാനമായ മറ്റൊരു പരാതി കൂടി മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഉയരുകയാണ്. കൊല്ലം കുണ്ടറ കുഴിമതിക്കാട് സ്വദേശി, ഹൃദ്രോഗിയായ രാമചന്ദ്രൻ പിള്ളയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചെന്നാണ് പരാതി. ഗുരുതരാവസ്ഥയില്‍ ആയിരുന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് മാത്രമല്ല, മറ്റൊരു രോഗിയെ കൂടി രാമചന്ദ്രനൊപ്പം കിടത്തുകയും ചെയ്തു. ഒടുവില്‍, ജീവന് അപകടത്തിലാകുമോയെന്ന ഭയത്തില്‍, കുടുംബം രാമചന്ദ്രനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അങ്ങനെ സാധാരണക്കാരന്റെ ആശ്രയമായ മെഡിക്കല്‍ കോളജ് ആശുപത്രിയും ആരോഗ്യ സംവിധാനവും, അതേ സാധാരണക്കാരനെ പെരുവഴിയിലാക്കുന്ന, എന്തിന്, മരണത്തിലേക്ക് പോലും തള്ളിവിടുന്ന സിസ്റ്റം എററിലൂടെ വീണ്ടും കടന്നുപോകുമ്പോള്‍, ഈ വീഴ്ചകള്‍ക്ക് ആര് ഉത്തരം പറയും? സിസ്റ്റം എററിന് എന്ന് അവസാനമാകും?