ഫയല്‍ ചിത്രം
കഴുത്തിന് പരുക്കേറ്റ നിലയിൽ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് അതിരാവിലെയാണ് അതീവരഹസ്യമായി ആശുപത്രി വിട്ടത്. പുലർച്ചെ നാലുമണിക്കാണ് പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ നിന്ന് മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് പോന്നിട്ട് 14 മണിക്കൂര്‍ കഴിഞ്ഞിട്ടും മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയിട്ടില്ല. മന്ത്രിയുടെ ഓഫിസും തുടര്‍ചികില്‍സാവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇന്നലെ അർദ്ധരാത്രിയിലാണ് ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. മന്ത്രി തന്നെ ഡിസ്ചാർജ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു തിടുക്കപ്പെട്ടുള്ള തീരുമാനം. മന്ത്രിക്ക് യാത്ര ചെയ്യാൻ കുഴപ്പമില്ലെന്നും ശരീര വേദന കുറഞ്ഞു എന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. എന്നാൽ, അതീവ രഹസ്യമായാണ് മന്ത്രിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിച്ചത്. പുലർച്ചെ നാലുമണിക്ക് ഔദ്യോഗിക വാഹനത്തിൽ ആയിരുന്നു മന്ത്രി യാത്ര പുറപ്പെട്ടത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് രഹസ്യ ഡിസ്ചാർജ്.
അതേസമയം മന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസങ്ങൾ നിറയുകയാണ്. ഐസിയുവില്‍ നിന്ന് നേരിട്ട് ഡിസ്ചാര്‍ജ് ചെയ്യുന്നത് എന്തുതരം പ്രോട്ടോകോൾ ആണെന്നാണ് ഉയരുന്ന ചോദ്യം. കഴുത്തിന് കടുത്ത വേദനയുള്ള കലാകാരി റോഡ് മാർഗ്ഗം പോകുന്നത് നല്ലതാണോ എന്നായിരുന്നു കെഎസ്‌യുവിന്റെ പരിഹാസം. മന്ത്രിയെ ഐസിയുവിൽ നിന്ന് കാണാതായി എന്നും കണ്ടുകിട്ടിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും കെഎസ്‌യു നേതാക്കൾ പരിഹാസം ഉയർത്തി. മന്ത്രിയെ ആക്രമിച്ചെന്ന കഥ എട്ടുനിലയില്‍ പൊട്ടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതിനിടെ ഐസിയു ബെഡില്‍ നിന്ന് നഴ്സുമാര്‍ക്കൊപ്പമുള്ള മന്ത്രിയുടെ സെല്‍ഫിയും പരിഹാസം ക്ഷണിച്ചുവരുത്തി. ആരോഗ്യമന്ത്രി തന്നെ പ്രോട്ടോകോൾ ലംഘിച്ചു എന്ന ആക്ഷേപങ്ങളും ഉയര്‍ന്നു. ഫോട്ടോ എടുത്തതിൽ ആശുപത്രി അധികൃതർക്കും കടുത്ത അതൃപ്തിയുണ്ട്. അതേസമയം, മന്ത്രിയുമായി കുറഞ്ഞ സമയം കൊണ്ട് നല്ല അടുപ്പം ഉണ്ടായതുകൊണ്ടാണ് ഫോട്ടോ എടുത്തത് എന്നാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് പി സി സ്മിതയുടെ ഫേസ്ബുക്കിലെ പ്രതികരണം.