സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി. ഒരാഴ്ചയ്ക്കകം രാജ്യത്ത് വീണ്ടും ഇന്ധന, പാചകവാതക വില വർധിച്ചേക്കും . അന്തിമ തീരുമാനത്തിന് മുൻപായി എണ്ണ കമ്പനികളുടെയും മറ്റും സാഹചര്യം വിലയിരുത്തുന്നത് സർക്കാർ തുടരുകയാണ്. പെട്രോൾ, ഡീസൽ വില ലീറ്ററിന് 4 മുതൽ 5 രൂപ വരെ വർധിച്ചേക്കാം. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെ വർധിക്കാനാണ് സാധ്യത.
തിരഞ്ഞെടുപ്പിനുശേഷം ഇന്ധന, പാചകവാതകവില കേന്ദ്രസർക്കാർ വർധിപ്പിക്കുമെന്നും സാധാരണക്കാരന്റെ തോളിൽ അമിതഭാരം അടിച്ചേൽപ്പിക്കും എന്നും രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വിമർശിക്കുന്നതിനിടെയാണ് നീക്കം. പ്രതിപക്ഷ ആരോപണങ്ങളെ സർക്കാർ തള്ളിയിരുന്നുവെങ്കിലും പശ്ചിമേഷ്യൻ സംഘർഷം മൂലമുള്ള പ്രതിസന്ധി നീണ്ടുപോകുന്നതിനാൽ വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
അതേസമയം വാണിജ്യപാചകവാതക സിലിണ്ടര്‍ വിലയും കുത്തനെ കൂട്ടിയിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (19 കിലോ) സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതിനൊപ്പം അഞ്ച് കിലോഗ്രാം പാചകവാതകവിലയും 261 രൂപ കൂട്ടി. മെയ് 1 മുതൽ പുതുക്കിയ വില നിലവിൽ വന്നു. ഗാർഹിക സിലിണ്ടറുകളുടെ ബുക്കിംഗിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വാണിജ്യ സിലിണ്ടറിന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ വില ഇങ്ങനെയാണ്, കൊച്ചി: 3085 രൂപ, തിരുവനന്തപുരം: 3106 രൂപ, കോഴിക്കോട്: 3117.50 രൂപ. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,078.50 രൂപയിൽ നിന്ന് 3,071.50 രൂപയായി ഉയർന്നു. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് ആകെ 1444 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഹോട്ടൽ ഭക്ഷണത്തിനും ഹോം ഡെലിവറിക്കും വില കൂടാൻ സാധ്യതയുണ്ട്.