Image: Kerala High Court, Manorama
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഓൺലൈൻ മാധ്യമ വാർത്തകളെ അപകടകരമായ പ്രവണതയെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. ഹൈക്കോടതി ഉത്തരവിനെ ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി അവതരിപ്പിച്ചു എന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വിമർശനം. മുഖ്യധാര മാധ്യമങ്ങൾ ശരിയായ വാർത്തയാണ് നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്തായിരുന്നു ഹൈക്കോടതി ഉത്തരവ് ?
കേരള മുനിസിപ്പാലിറ്റി നിയമവും, കേരള പഞ്ചായത്ത് രാജ് നിയമവും പ്രകാരം ജനപ്രതിനിധികൾ "ദൈവത്തിന്റെ നാമത്തിലോ അല്ലെങ്കിൽ സഗൗരവമോ ആണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. നിയമം നിശ്ചയിച്ച മാതൃകയിൽ നിന്ന് വ്യതിചലിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്.
വ്യത്യസ്ത മതസ്ഥർ ദൈവത്തെ പല പേരിൽ വിളിക്കുന്നുണ്ടെന്ന് ഉത്തരവിൽ കോടതി പറഞ്ഞു. എന്നാൽ ഭരണഘടനയും നിയമവും വിഭാവനം ചെയ്യുന്ന 'ദൈവം' എന്ന വാക്കിനെ സ്വന്തം താല്‍പര്യപ്രകാരം വിപുലീകരിക്കാൻ ജനപ്രതിനിധികൾക്ക് അധികാരമില്ലെന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയത്. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്, കാപ്പ കേസിൽ അറസ്റ്റിലായ ആർ.സുഗതൻ തുടങ്ങി 19 പേർ വിവിധ ദൈവങ്ങളുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ബലിദാനികളുടെ പേരിലായിരുന്നു പൂങ്കുളം കൗൺസിലറായ വയൽക്കര രതീഷിന്റെ സത്യപ്രതിജ്ഞ.
ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ത് ?
ഹൈക്കോടതി ഉത്തരവ് മതപരമായ വേർതിരിവാണെന്നായിരുന്നു ഏതാനും ഓൺലൈൻ മാധ്യമങ്ങളും, പ്രൊഫൈലുകളും റിപ്പോർട്ട് ചെയ്തത്. "മധു പരുമല' കേസായിരുന്നു ഇതിന് കാരണമായി ഇവർ ചൂണ്ടിക്കാണിച്ചത്. 2006 ൽ 11 നിയമസഭാംഗങ്ങൾ അല്ലാഹുവിന്‍റെ നാമത്തിൽ സത്യപ്രതിജ്‌ഞ ചെയ്തതിൽ തെറ്റില്ലെന്നായിരുന്നു ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണൻ, വി.രാംകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ച കോടതി, വിവിധ ദൈവങ്ങളുടെയും മറ്റും പേരിലുള്ള സത്യപ്രതിജ്‌ഞ അനുവദിച്ചില്ലെന്ന തരത്തിലായിരുന്നു ഓൺലൈൻ പ്രചാരണം.
ഹൈക്കോടതിയുടെ വിമർശനം
ഹൈക്കോടതി വിധിയെ ഇത്തരത്തിൽ തെറ്റായി അവതരിപ്പിക്കുന്നത് വളരെ ദുഖകരമാണെന്നാണ് കോടതി പറഞ്ഞു. മുഖ്യധാര മാധ്യമങ്ങൾ ശരിയായ രീതിയിലാണ് വാർത്ത നൽകിയത്. മുസ്‌ലിം സമുദായത്തിൽ നിന്നുള്ള 11 നിയമസഭാംഗങ്ങൾ അല്ലാഹുവിന്‍ പേരിൽ സത്യപ്രതിജ്‌ഞ ചെയ്‌തതിൽ തെറ്റില്ലെന്ന് 2006 ൽ ഡിവിഷൻ ബെഞ്ച് പറഞ്ഞത് നിയമപരമായി മികച്ചതല്ലെന്നാണ് വിലയിരുത്തൽ. 2003ൽ 'ഹരിദാസൻ പാലായിൽ' കേസിൽ പുറപ്പെടുവിച്ച ഉത്തരവാണ് താൻ കണക്കിലെടുത്തത്. ദൈവനാമത്തിലോ ദൃഢപ്രതിജ്‌ഞയോ വേണമെന്നാണ് ഭരണഘടനയിൽ പറയുന്നതെന്ന് വിലയിരുത്തിയായിരുന്നു താൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കാലത്ത് ഒരു പൊരിമതി പലതിനും എന്നത് ഉത്തരവിനെ തെറ്റായി അവതരിപ്പിക്കുന്നവർ ഓർക്കണമെന്നും കോടതി പറഞ്ഞു.