വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തെങ്കിലും പുന്നപ്ര സ്വദേശിയായ വീട്ടമ്മ ഉഷാ ജോസഫിന് നീതി ഇനിയും അകലെ. സർക്കാരിൽ നിന്ന് സഹായം ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിലും നടപടികൾ വേഗത്തിലായിട്ടില്ല.
വയറ്റിലെ കത്രിക പുറത്തെടുക്കുന്ന ശസ്ത്രക്രിയക്കായി കൊച്ചി അമൃത ആശുപത്രിയിലായിരുന്ന ഉഷ 11 ദിവസത്തിന് ശേഷമാണ് വീട്ടിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകൾ മാറാൻ ദിവസങ്ങൾ വേണ്ടി വരും. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചുവെന്ന് സമ്മതിക്കുന്നുവെങ്കിലും ആരാണ് കുറ്റക്കാർ എന്ന് കണ്ടെത്തണം. മെഡിക്കോ - ലീഗൽ വിദഗ്ധ സമിതി രൂപീകരിച്ച് വേണം തുടർ നടപടി കൈക്കൊള്ളാൻ. ഈ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ആരുടെ ഭാഗത്താണ് പിഴവ് എന്ന് കണ്ടെത്താനാകുക.
നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് കുടുംബം വ്യക്തമാക്കിയത്. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാണ്. സർക്കാരിന്‍റെ അടിയന്തര ഇടപെടലും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നുമാണ് കുടുംബത്തിന്‍റെയും നാടുകാരുടെയും ആവശ്യം.