ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്‍റെ മരണം ഒരു സാധാരണ റോഡ് അപകടമല്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് ചീറിപ്പാഞ്ഞുപോകാന്‍ നിര്‍മിക്കുന്ന ആറുവരി ഉയരപ്പാതയുടെ നിര്‍മാണത്തിനിടെയാണ്. ഒട്ടും സുരക്ഷയില്ലാതെയുള്ള നിര്‍മാണരീതികളുടെ ഇരയാണ് രാജേഷ്. രാജേഷിന്റെ മരണം യഥാര്‍ഥത്തില്‍ കണ്ണുംപൂട്ടിയുള്ള വികസനത്വരയുടെ ബാക്കിപത്രമാണ്. രാജേഷിന്റെ മരണം കൊലപാതകമാണ്.
മുട്ടയെടുക്കാൻ പിക്ക് അപ്പ് വാനുമായി തമിഴ്നാട് അംബാസമുദ്രത്തിലേക്ക് രാജേഷ് ചൊവ്വാഴ്ചയാണ് വീട്ടിൽ നിന്ന് പോയതെന്ന് മരിച്ച രാജേഷിന്റെ അച്ഛൻ രാജപ്പൻ . രാത്രി പത്തുമണിയോടെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അങ്കമാലി എത്തിയെന്നാണ് പറഞ്ഞത്. പിന്നീട് രാത്രി പതിനൊന്നിന് വിളിച്ചപ്പോൾ കിട്ടിയില്ല. കുടുംബത്തിൻറെ കാര്യങ്ങൾ നോക്കിയും ഏതുസമയത്തും എല്ലാവർക്കും വേണ്ടിയും ഓടിനടന്നിരുന്ന സ്വന്തം മകനെ വിങ്ങലോടെ ഓര്‍മിക്കുകയാണ് ഒരു പിതാവ്
അങ്കമാലിയും എറണാകുളവും പിന്നിട്ട് ആലപ്പുഴയിലേക്കുള്ള യാത്രക്കിടയിലാണ് അരൂര്‍– തുറവൂര്‍ ഉയരപ്പാതയുടെ നിര്‍മാണം. നിര്‍മാണം തുടങ്ങിയിട്ട് മൂന്നുവര്‍ഷമാകാറാകുന്നു. രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപ്പാതയായിട്ടൊക്കെയാണ് ഈ പാത വരുന്നത്. വികസനത്തിന്റെ ആകാശ കാഴ്ചയെന്നൊക്കെ വാഴ്ത്തുപാട്ടുകാര്‍ പറയും. പക്ഷേ പണി തുടങ്ങി ഇന്നേക്ക് വരെ 40 പേരെങ്കിലും ഈ ഭാഗത്ത് പലപല അപകടങ്ങളിലായി മരിച്ചിട്ടുണ്ട്. പക്ഷേ ഒരു കുലുക്കവും ആര്‍ക്കും ഉണ്ടായിരുന്നില്ല. നിര്‍മാണം അതിന്റെ വഴിക്ക് പോകും. സമീപപ്രദേശങ്ങളിലെ ജനജീവിതം കഴിഞ്ഞ മൂന്നുവര്‍ഷമായി ദുരിതവഴിയില്‍ മാത്രമാണ്. പരാതികളുണ്ടായി, പ്രതിഷേധങ്ങളുണ്ടായി, കോടതിയിലെത്തി... പക്ഷേ ഒരുമാറ്റവും വന്നില്ല. വികസനമാണല്ലോ, പരാതിപറയുന്നവരൊക്കെ വികസനവിരോധികളുമായി. നടുറോഡിലെ തോന്ന്യാസമായിരുന്നു ഈപാതയുടെ നിര്‍മാണത്തിലങ്ങോളമിങ്ങോളം. ജനങ്ങളുടെ ദുരിതത്തിനോ ജീവനോ ഒരു വിലയും കരാറുകാരോ ദേശീയപാത അതോറിറ്റിയോ സംസ്ഥാന സര്‍ക്കാരോ കൊടുത്തില്ല. ആകാശത്ത് ആറുവരി വന്നിട്ട് വേണം പറപ്പിച്ച് പോകാന്‍ എന്ന ഭാവം മാത്രമായിരുന്നു അധികാരികള്‍ക്ക്. മുന്നറിയിപ്പുകളും നാട്ടുകാരുടെ പ്രതിഷേധങ്ങളും അവഗണിച്ച് ഉയരപ്പാതയുടെ നിർമാണ ജോലികൾ നടത്തിയതിന് കൊടുക്കേണ്ടി വന്നത് ഒരു ജീവനാണ്. ഒടുവില്‍ രാജേഷിന്റെ നഷ്ടം ആ കുടുംബത്തിന്‍റേത് മാത്രമായി ചുരുങ്ങുന്നു.