കുപ്രസിദ്ധ കുറ്റവാളി ബാലമുരുഗന്‍, തൃശൂര്‍ വിയ്യൂരില്‍, അതീവസുരക്ഷ ജയിലിന് തൊട്ടടുത്ത് വച്ച്, തമിഴ്നാട് പൊലീസിന്റെ കയ്യില്‍ നിന്ന് വീണ്ടും രക്ഷപ്പെട്ട വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി, സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് തമിഴ്നാട് പൊലീസ് സംഘം, ബാലമുരുഗന്‍ രക്ഷപ്പെട്ട വിവരം കേരള പൊലീസിനെ അറിയിക്കുന്നത് പോലും. പിന്നാലെ വ്യാപക തിരച്ചില്‍. കൃത്യവിലോപം എന്നതിനപ്പുറം തമിഴ്നാട് പൊലീസ് സംഘം, ബാലമുരുഗനെ രക്ഷപ്പെടാന്‍ സഹായിച്ചോയെന്ന സംശയം. മൂന്ന് തമിഴ്നാട് പൊലീസുകാര്‍ക്കെതിരെ കേരള പൊലീസിന്റെ കേസ്. തിങ്കള്‍ രാത്രിയും ചൊവ്വ ഒരു ദിനമാകെ നീണ്ട തിരച്ചിലും വിഫലമായപ്പോള്‍, ബുധന്‍ രാവിലെ മനോരമ ന്യൂസ് പുറത്തുവിട്ടത് തമിഴ്നാട് പൊലീസിന്റെ അനാസ്ഥയുടേയും ഒത്തുകളിയുടേയും ദൃശ്യങ്ങള്‍...
അഞ്ച് കൊലപാതകം ഉള്‍പ്പടെ 52 കേസുകളില്‍പ്പെട്ട, മുന്‍പ് പൊലീസിന്റെ കയ്യില്‍നിന്ന് പലതവണ രക്ഷപ്പെട്ട ചരിത്രമുള്ള കൊടുംകുറ്റവാളിയെ തമിഴ്നാട് പൊലീസ് സംഘം എത്തിച്ചത് വിലങ്ങില്ലാതെ. ആലത്തൂരിലെ ഹോട്ടലില്‍ എത്തിച്ചപ്പോള്‍ വിലങ്ങില്ലാതെ ബാലമുരുകന്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. അധികം വൈകാതെ, മറ്റൊരു വാര്‍ത്ത കൂടിയെത്തി. ബുധന്‍ പുലര്‍ച്ചെ വിയ്യൂരില്‍ നിന്ന് ഒരു സ്കൂട്ടര്‍ മോഷണം പോയി. സംശയം ബാലമുരുഗനെ...
തൃശൂര്‍ വീയ്യൂര്‍ ജയിലിലെ തടവുകാരനായ ബാലമുരുഗനെ, തമിഴ്നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനാണ് തമിഴ്നാട് പൊലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടല്‍. തിങ്കള്‍ രാത്രി 9.40... വിയൂര്‍ ജയിലെത്താന്‍ 100 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോള്‍, മൂത്രമൊഴിക്കണമെന്ന് ബാലമുരുകന്‍. വാഹനം നിര്‍ത്തിക്കൊടുത്ത് പൊലീസുകാര്‍. വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയ ബാലമുരുകന്‍, തങ്ങളെ വെട്ടിച്ച് കടന്നുകളഞ്ഞെന്ന് തമിഴ്നാട് പൊലീസ് എസ്.ഐ നാഗരാജന്‍.