സൈബര്‍ തട്ടിപ്പില്‍ വലിയ പരിശോധനയാണ് സംസ്ഥാനത്ത് ഉടനീളം. ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്. തട്ടിപ്പുസംഘങ്ങള്‍ വലിയ നെറ്റ്‌വര്‍ക്ക് ആയി പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന ഓപ്പറേഷന്‍ സൈ ഹണ്ടില്‍ ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് മുന്നൂറോളം പേരാണ്.
അതില്‍ എടുത്തുപറയേണ്ടത് എഴുപത് ശതമാനം വരുന്ന വിഭാഗം യുവാക്കളാണ്. പകുതിയിലേറെയും കോളജ് വിദ്യാര്‍ഥികള്‍. പിടിയിലായ പലരുടെയും അക്കൗണ്ടുകളില്‍ ദിവസേന വരുന്നത് ലക്ഷങ്ങളാണ്.
സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ക്ക് മ്യൂള്‍ അക്കൗണ്ടുകള്‍ തരപ്പെടുത്തി നല്‍കാന്‍ ക്യാംപസുകള്‍ കേന്ദ്രീകരിച്ച് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മണി ചെയിന്‍ മാതൃകയില്‍ ക്യാംപസുകളില്‍ നിന്ന് കണ്ണികള്‍ ചേര്‍ത്താണ് സൈബര്‍ മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനം. മാഫിയ സംഘത്തിന് അക്കൗണ്ട് വിറ്റവര്‍ തന്നെ അവരുടെ ഏജന്റായി മാറുന്ന രീതി. സൈബര്‍ മാഫിയയുടെ കണ്ണികളായി മാറിയ വിദ്യാര്‍ഥികളെയാണ് പിന്നീട് ഏജന്റുമാരായി നിയോഗിക്കുന്നത്.