സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച മൂന്ന് ക്രൂര കൊലപാതകങ്ങൾ... ആളെക്കൊന്ന് കാടുകയറിയ ചെന്താമര പിടിയിലായെങ്കിലും നാട്ടുകാർക്ക് ഇന്നും പേടിസ്വപ്നമാണ്. അയൽവാസികളിൽ കൊല്ലേണ്ടവരുടെ പട്ടിക തയാറാക്കി നടന്നയാൾ... അതിൽ ഓരോരുത്തരെയായി വെട്ടിവീഴ്ത്തി, അവർ പിടഞ്ഞുമരിക്കുന്നത് കൂസലില്ലാതെ നോക്കിനിന്നയാൾ... അന്ധവിശ്വാസങ്ങളിലൂടെയും ദുർമന്ത്രവാദങ്ങളിലൂടെയും ജീവിച്ചിരുന്നയാൾ.... വിചിത്രവും ദുരൂഹവുമായ സ്വഭാവത്തിനുടമ... ചെന്താമരയെന്ന പഴയ ലോറി ഡ്രൈവറെ നാട്ടുകാർ ഇന്നും ഭയക്കുന്നത് ഇതുകൊണ്ടാണ്.
2019 ഓഗസ്റ്റിലാണ് പാലക്കാട് പോത്തുണ്ടി സ്വദേശിയായ ചെന്താമര അയൽവാസിയായ സജിതയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഈ കേസിലാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. അഞ്ചുമാസത്തെ വിചാരണക്കൊടുവിൽ ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളും 44 സാക്ഷികളെയും പ്രോസിക്യൂഷൻ ഹാജറാക്കി. കൊലപാതകവും തെളിവുനശിപ്പിക്കലും അതിക്രമിച്ചു കടക്കലുമെല്ലാം നിസ്സംശയം തെളിഞ്ഞു. സജിതയുടെ വീട്ടിലെ ചെന്താമരയുടെ കാൽപാടുകളും, കൊലചെയ്ത് പ്രതി പുറത്തിറങ്ങുന്നത് കണ്ട അയൽക്കാരി പുഷ്പയുടെ മൊഴിയും കേസിൽ നിർണായകമായി.