കണ്ണൂർ ന്യൂ മാഹിയിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരായ വിജിത്തിനെയും സിനോജിനെയും ബോംബെറിഞ്ഞ് വെട്ടി കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മുകാരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി , മുഹമ്മദ് ഷാഫി, ഷിനോജ് ഉൾപ്പെടെ 14 പ്രതികളെയാണ് തലശ്ശേരി കോടതി വെറുതെവിട്ടത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിർണായക വിധി. കേസ് തോൽക്കാൻ കാരണം അന്വേഷണത്തിലെ അപാകതയാണെന്ന് പ്രോസിക്യൂഷൻ പരോക്ഷമായി കുറ്റപ്പെടുത്തി. മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.