യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു പ്രവര്‍ത്തകനെ പൊലീസ് മര്‍ദിക്കുന്നു. അതിനെതിരെ കോണ്‍ഗ്രസിലെ ജില്ല അധ്യക്ഷന്‍ പ്രതികരിക്കുന്നു. പൊലീസിനേയും സര്‍ക്കാരിനേയും കുറ്റപ്പെടുത്തുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ അതിക്രൂര മര്‍ദനത്തിന് ഇരയാക്കുന്നു. യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ മാസം അഞ്ചാം തിയ്യതിയായിരുന്നു മര്‍ദനം.
മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതോടെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. മർദ്ദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.