പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ ഐതിഹാസിക വിജയം... അതുവരെ ചാനല്‍ ഫ്ളോറുകളില്‍ തീപ്പൊരിയായ യുവനേതാവ് ഇനി സഭയില്‍ ഗര്‍ജിക്കുന്ന സിംഹമായി പ്രതിപക്ഷത്തിന് മുതല്‍ക്കൂട്ടാവുമെന്നുറപ്പിച്ചു. ആ വ്യക്തി ഈ വാര്‍ത്ത വരുന്ന നേരം വരെയും എട്ടുനാള്‍ നീണ്ട ഒളിവുജീവിതത്തിലായിരുന്നു. അത്രയും നാള്‍ സ്വിച്ച് ഓഫ് ആയിരുന്ന തന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ ഇങ്ങനെയൊരു നിമിഷം വേണ്ടിവന്നു, അത്രയും പരിതാപകരമായിപ്പോയി ആ തീപ്പൊരി നേതാവിന്റെ വിധി.
നിയസഭയില്‍ കോണ്‍ഗ്രസിന്റെ യുവനേതൃനിരയിലേക്ക് മുതല്‍ക്കൂട്ടായാണ് രാഹുല്‍ മാങ്കൂട്ടത്തെ രാഷ്ട്രീയകേരളം കണ്ടത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ പാര്‍ട്ടി പദവികളിലേക്ക് ഉയരുകയും പാര്‍ട്ടിക്കകത്ത് ശക്തനാവുകയും ചെയ്ത രാഹുല്‍. സഭയിലെത്തി ആദ്യ കാലങ്ങളില്‍ അത് ശരിവക്കുന്ന പെര്‍ഫോര്‍മെന്‍സുകള്‍. പക്ഷേ പൊടുന്നനെ എല്ലാം മാറിമറിഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ ഭരണപക്ഷപാര്‍ട്ടി അനുകൂലികളുടെ ഊഹാപോഹങ്ങളില്‍ ഊന്നിയുള്ള പോസ്റ്റുകളായിരുന്നു ആദ്യം. പ്രത്യക്ഷത്തില്‍ സമൂഹത്തിന് മുന്നില്‍ പരാതികളായി ഒന്നുമില്ലെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലെന്ന് യുവഎംഎല്‍എയുടെ പ്രതിഛായ പതിയെ പതിയെ മായാന്‍ തുടങ്ങി. അതിന് തുടക്കമിട്ടത് രാഹുലിന്റെ ഈ മറുപടിയായിരുന്നു. പക്ഷേ ചിലര്‍ക്കെങ്കിലും അവരവരെ സ്വയം കെയര്‍ ചെയ്യണമായിരുന്നു രാഹുല്‍. അപ്പുറത്ത് നില്‍ക്കുന്നവരെ ഉള്ള് പിടഞ്ഞ് വേദനിപ്പിക്കാത്ത പക്ഷം താന്‍പോരിമ ഗുണം ചെയ്തേക്കും എന്നേയുള്ളു. അതറിയാനും പറ്റി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി ഒരു യുവതിയെത്തി.
രാഹുല്‍ മാങ്കൂത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ തലവേദനയാവുമെന്ന് അന്നേ നേതൃത്വം തിരിച്ചറിഞ്ഞതാണ്. നേരത്തെയും പാര്‍ട്ടിക്ക് പലവിധ പരാതികള്‍ വന്നുവെന്നും ചില മുന്നറിയിപ്പുകളും താക്കീതുകളും നല്‍കി രാഹുലിനെ തിരുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും പിന്നാമ്പുറ കഥകളുണ്ട്. എന്തൊക്കെയായാലും വിഷയത്തിന്റെ ഗ്രാവിറ്റി പാര്‍ട്ടി മനസിലാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം പോലും ഇല്ലാ എന്നിരിക്കെ പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തു. ഒരൊറ്റ പരാതിപോലും പൊതുസമൂഹത്തിന് മുന്നിലോ പൊലീസിലോ ഇല്ലാതെ തന്നെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് തെറിച്ചു. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സഭയിലേക്ക് ഒന്ന് വന്നുപോയി. പോകെ പോകെ പാലക്കാട്ടുംമറ്റും പൊതുപരിപാടികളില്‍ സജീവമായിത്തുടങ്ങി. ഒരര്‍ഥത്തില്‍ കോണ്‍ഗ്രസിനെ, തന്നെ സസ്പെന്‍ഡ് ചെയ്ത നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു രാഹുലിന്‍റെ ഓരോ നീക്കവും. ഷാഫി പറമ്പിലിന്റെ നിഗൂഢമായ പിന്തുണ രാഹുലിനെ മുന്നോട്ട് നയിച്ചുവെന്ന് കരുതാം. ആ തന്‍പ്രമാണിത്ത യാത്രയിലാണ് കാലം കണക്ക് ചോദിക്കുന്നത്. അതുവരെ നിശബ്ദയായിരുന്ന അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കി. പൊലീസ് രാഹുല്‍ മാങ്കൂട്ടത്തിലെതിരെ ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. ഹു കെയേഴ്സ് എന്ന ്പറയാന്‍ രാഹുല്‍ നിന്നില്ല. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. കാറുകളില്‍ നിന്ന് കാറുകളിലേക്ക് ചേക്കേറി നാട് അലഞ്ഞ് പൊലീസിന് പിടികൊടുക്കാതെയുള്ള എട്ടുനാള്‍...ഒടുവില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി വന്നു. രാഹുലിന് മുന്‍കൂര്‍ ജാമ്യമില്ല. മിനിട്ടുകള്‍ക്കുള്ളില് കെപിസിസി ആസ്ഥാനത്ത് തയ്യാറാക്കി വച്ച വാര്‍ത്താക്കുറിപ്പും പുറത്തിറങ്ങി. രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. അങ്ങനെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന് കൃത്യം ഒരുവര്‍ഷമാകുമ്പോള്‍ രാഹുല്‍ പുറത്തേക്ക്.