TOPICS COVERED

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജികൊണ്ട് മാത്രം അവസാനിക്കുന്നില്ല രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളും വിവാദങ്ങളും. രാജിക്ക് ഒരു ദിവസം പിന്നിടുമ്പോള്‍ കോണ്‍ഗ്രസിനകത്ത് രാഷ്ട്രീയ ചര്‍ച്ചയും പിടിവലിയും രൂക്ഷമാണ്. യൂത്ത്കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണം. ആരുടെ നോമിനിക്ക് നറുക്ക് വീഴുമെന്ന് കണ്ടുതന്നെ അറിയണം. പക്ഷേ അതിനിടയില്‍ പാളയത്തില്‍ പടയൊരുക്കം തകൃതിയാണ്. പ്രത്യേകിച്ച് പാലക്കാട് കോണ്‍ഗ്രസില്‍. ഉപതിരഞ്ഞെടുപ്പില്‍ ജില്ലാകമ്മിറ്റിയുെട അഭിപ്രായത്തിനോ ആവശ്യത്തിനോ ഒരു പരിഗണനയും നല്‍കാതെ രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അന്ന് ഒതുക്കിവച്ച അമര്‍ഷമൊക്കെ ഇപ്പോ ദാ പൊട്ടിച്ചിതറി ഒരു പ്രത്യാക്രമണത്തിലേക്കെത്തിയിരിക്കുന്നു. അതിനിടയ്ക്കാണ് ജില്ലയിലെ എംപി പരാതിക്കാരിക്കെതിരെ പറഞ്ഞ് പുലിവാല് പിടിച്ചതും. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു വി.കെ. ശ്രീകണ്ഠന്‍ എം.പി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലെന്നും രാഹുലിന്റെ രാജി പാർട്ടി തീരുമാനമെന്നു പറഞ്ഞു വരുന്നതിനിടെ പരാതികാരിയെ പറ്റി അധിക്ഷേപം.

അർദ്ധ വസ്ത്രം ധരിച്ചു മന്ത്രിമാർക്കൊപ്പം നിൽക്കുന്ന പരാതിക്കാരുടെ ചിത്രം കണ്ടില്ലേ എന്ന പാലക്കാട്‌ എം.പി വി.കെ ശ്രീകണ്ഠന്റെ പരാമർശനെതിരെ വ്യാപക രോഷമുയര്‍ന്നു. പരാതിക്കാരിയെ അധിക്ഷേപിച്ച നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തി. പാർട്ടിക്കകത്തു നിന്നു കൂടി കടുത്ത വിമർശനം ഉയർന്നതോടെ മണിക്കൂറുകൾ വ്യത്യാസത്തിൽ തിരുത്തുമായെത്തി. മന്ത്രിമാരോടൊപ്പം നിക്കുന്ന ഫോട്ടോ വന്നില്ലേ എന്നാണ് ചോദിച്ചതെന്നും പരാതി പറയുന്നവരെ അധിഷേപിക്കുന്ന സമീപനം കോൺഗ്രസിനില്ലെന്നും ശ്രീകണ്ഠന്‍റെ സ്വയം തിരുത്ത്. പരാതിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും എം.പി പറഞ്ഞു വെച്ചു. രാഹുലിനെതിരെ യുവനടി പരാതി ഉന്നയിച്ചപ്പോഴും പരാതിക്കാരെ വിമർശിക്കാത്ത നിലപാടായിരുന്നു കോൺഗ്രസിന് ഇതുവരെ ഉണ്ടായത്. വി.കെ ശ്രീകണ്ഠന്റെ പ്രസ്താവന അത് മറികടന്നെന്നാണ് വിമർശനം. പ്രസ്താവന സി പി എം ആയുധമാക്കിയതോടെ ശ്രീകണ്ഠനെ വിമർശിച്ച് കോൺഗ്രസ്‌ നേതാക്കളിൽ ചിലരും രംഗത്തെത്തി. 

ENGLISH SUMMARY:

Rahul Mamkootathil's controversy involves allegations and debates following his resignation from the Youth Congress president position. The resignation has intensified political discussions within the Congress party, especially concerning the selection of a new president and recent comments made by VK Sreekandan MP.