rahul-mamkootathil

ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചു.  ജാമ്യം തള്ളിയ ഉത്തരവില്‍ പിഴവുണ്ടെന്ന് രാഹുല്‍. പരാതിക്കാരിക്കെതിരായ തെളിവുകള്‍ പരിഗണിച്ചില്ല. നടന്നത് ലഘുവിചാരണയെന്നും രാഹുല്‍. 

രാഹുലിന്‍റെ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു.  പരാതിയില്‍ പ്രഥമദൃഷ്ടാ കുറ്റക്കാരനെന്ന് കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. 

അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ അതിജീവിതയുമായി നടത്തിയ ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, ഭ്രൂണഹത്യ നടത്തിയതിന്‍റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിലൂടെ, ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി. 

രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ടെന്നതിന് തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. രാഹുല്‍ ആത്മഹത്യാഭീഷണി മുഴക്കിയത് കൊണ്ടാണ് താല്‍പര്യമില്ലാതിരുന്നിട്ടും യുവതി ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചത്. ശാരീരിക ബുദ്ധിമുട്ട് കാരണം യുവതി സ്വകാര്യ ആശുപത്രി ഡോക്ടറെ കണ്ട് ചികില്‍സ തേടിയ രേഖകളും നിര്‍ണായകമായി. പരാതിക്കാരിയുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയുള്ളതാണെന്ന വാദമാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. ഇത് തെളിയിക്കാന്‍ രാഹുലും ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കി. 

ഭ്രൂണഹത്യയ്ക്ക് പരാതിക്കാരിയെ നിര്‍ബന്ധിക്കുന്ന ഓഡിയോ രാഹുലിന് തിരിച്ചടിയായി. കേസന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും എട്ട് ദിവസമായി ഒളിവിലാണെന്ന വസ്തുതയും  എംഎംഎല്‍യെന്ന നിലയില്‍ പ്രതിക്കുള്ള സ്വാധീനവുമെല്ലാം പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ‌കെപിസിസിക്ക് മറ്റൊരു പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത ബലാത്സംഗക്കേസിലെ എഫ്ഐആര്‍ കൂടി കോടതിക്ക് മുന്നിലെത്തിയെങ്കിലും ആദ്യ കേസിലെ വിവരങ്ങള്‍ പരിശോധിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. പ്രതിയുടെ സ്വാധീനവും ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് മുന്നില്‍ തെറ്റായ സന്ദേശമാകുമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Rahul Mamkootathil is seeking anticipatory bail from the High Court in a rape case. His bail application was previously rejected by the Thiruvananthapuram Sessions Court.