മൂന്നരവര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ യുക്രെയ്ന്‍ യുദ്ധം എന്നവസാനിക്കും. ലോകം ഇന്ന് ചോദിക്കുന്ന സുപ്രധാന ചോദ്യം ഇതാണ്. അലാസ്കയിലും വൈറ്റ്ഹൗസിലുമായി രണ്ട് നിര്‍ണായക ചര്‍ച്ചകള്‍. ഫോണ്‍ വിളികള്‍. അതിനിടയിലും ക്രൂരമായ ആക്രമണങ്ങള്‍. യുദ്ധംകൊണ്ട് മുറിവേറ്റ ലോകത്തിന് എന്ന് ആശ്വാസമുണ്ടാകുമെന്ന ചോദ്യത്തിന് ഉടനെന്ന് മറുപടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആ മറുപടിയിലേക്കടുക്കാന്‍ ഇനിയും കടമ്പകളേറെയുണ്ട്. ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നതിനാല്‍ ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചകളിലാണ് പ്രതീക്ഷയേറെയും.

സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയിലൂടെ 1991ല്‍ സ്വാതന്ത്ര്യത്തിലേക്ക് കടന്ന യുക്രെയ്ന് സമ്പൂര്‍ണ സമാധാനം എന്നും അകലെയായിരുന്നു. 2014 ലെ അധിനിവേശത്തേക്കാള്‍ അപകടകരമായി 2022 ഫെബ്രുവരി 22 ന് ഒരു ലക്ഷത്തിലേറെപ്പേരാണ് യുക്രെയ്ന്‍ വളഞ്ഞത്. കരിങ്കടലില്‍ നാവികാഭ്യാസത്തിന് റഷ്യന്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും പതിനെണ്ണായിരം മറീനുകളും. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ബെലാറൂസില്‍ റഷ്യന്‍ കരസേനയുടെ ശക്തമായ സാന്നിധ്യം. ബെലാറൂസുമായുള്ള 1000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 35,000 റഷ്യന്‍സൈനികര്‍. അവിടെനിന്ന് റഷ്യ തുടങ്ങുകയായിരുന്നു. ക്രൂരവും അടിച്ചമര്‍ത്തലുകളും ശക്തമായ യുദ്ധകാലത്തിലേക്ക്.

യുക്രെയ്നെതിരെ പ്രത്യേക സൈനിക നടപടി പ്രഖ്യാപിച്ച് പ്രസി‍ഡന്റ് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്‍. നാറ്റോയില്‍ പ്രവേശനവും സുരക്ഷയും വാഗ്ദാനം ചെയ്ത ജോ ബൈഡന്റെ അമേരിക്കയേയും യൂറോപ്യന്‍ യൂണിയനേയും നോക്കുകുത്തിയാക്കി പുട്ടിന്റെ പട ഇരച്ചുകയറി. ആദ്യഅടിയില്‍ പൊരുതാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു യുക്രെയ്ന്‍. ഒരു മാസത്തിനിടെ അഞ്ചോളം പ്രവിശ്യകളുടെ ഭൂരിപക്ഷവും റഷ്യന്‍പിടിയിലമര്‍ന്ന കാഴ്ച.  2014ൽ കാര്യമായി എതിർപ്പില്ലാതെ ക്രൈമിയ കൈവശപ്പെടുത്തിയതുപോലെ കിഴക്കന്‍ യുക്രെയ്നിലെ റഷ്യൻ അനുകൂലികളായ വിമതരുമായി 2015ൽ ഉണ്ടായ ആഭ്യന്തരയുദ്ധത്തിൽ യുക്രെയ്ൻ സൈന്യം ദയനീയമായി പരാജയപ്പെട്ടതുപോലെ ഉടന്‍ യുദ്ധത്തിലൊരു വിജയം റഷ്യ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, നാറ്റോ പരിശീലനം നേടിയ ഒരുലക്ഷത്തിലേറെ സൈനികരും സൈനികസേവനം തിരഞ്ഞെടുത്ത സാധാരണ യുവജനങ്ങളുമെല്ലാം ചേര്‍ന്ന് റഷ്യയോട് പൊരുതി. യൂറോപ്പും അമേരിക്കയും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായവും ആയുധങ്ങളും യുക്രെയ്ന് നല്‍കി. അതിനാല്‍ത്തന്നെ നഷ്ടക്കണക്കേറെപ്പറയാനുണ്ടെങ്കിലും പോരാട്ടവീര്യത്തില്‍ യുക്രെയ്ന്‍ പിന്നോട്ടുപോയില്ല. 

റഷ്യ–യുക്രെയ്ന്‍ യുദ്ധം യുഎസ് തിരഞ്ഞെടുപ്പിലെ പ്രധാനചര്‍ച്ചാവിഷയമായിരുന്നു.  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് ആവര്‍ത്തിച്ചുപറഞ്ഞു. എന്നാല്‍ അത്ര പെട്ടെന്ന് അഴിക്കാന്‍ പറ്റുന്ന കുരുക്കല്ല ഇതെന്ന് ട്രംപിന് മനസിലായത് വൈറ്റ്ഹൗസിലെത്തിയശേഷമാണ്. ആദ്യം പുട്ടിനെ അനുകൂലിച്ച് സെലന്‍സ്കിയെ വിമര്‍ശിച്ച ട്രംപ് പിന്നീട് ഇരുവരേയും രൂക്ഷമായി വിമര്‍ശിച്ചു. റഷ്യയ്ക്കെതിരെ മുന്നറിയിപ്പുകളും ഉപരോധവും തീരുവയും കടുപ്പിച്ചു.

ഫെബ്രുവരി 28ന് വൈറ്റ്ഹൗസിലെത്തിയ സെലന്‍സ്കിക്ക് ഒരു രാഷ്ട്രത്തലവന്‍മാരും നേരിടേണ്ടിവരാത്ത അത്ര അപമാനം ഏല്‍ക്കേണ്ടിവന്നു. ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും മാത്രമല്ല ചുറ്റുമിരുന്ന മാധ്യമപ്രവര്‍ത്തകര്‍പോലും വിമര്‍ശിച്ച് പരിഹസിച്ചു. ചര്‍ച്ച അലസിപ്പിരി​ഞ്ഞു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്കി ഇറങ്ങിപ്പോയി. ഇതായിരുന്നു അന്നത്തെ കാഴ്ച. കുറ്റബോധം കൊണ്ടായിരിക്കണം വിവാദചര്‍ച്ചകള്‍ക്ക്ശേഷം ട്രംപ് ലക്ഷ്യമിട്ടത് പുട്ടിനെയായിരുന്നു. തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍. ഉപരോധം. മുന്നറിയിപ്പ്. എന്തിനേറെ റഷ്യയില്‍‌ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ അതിന്റെ പേരില്‍ അധികത്തീരുവയും ട്രംപ് പ്രഖ്യാപിച്ചു. അങ്ങനെയിരിക്കെ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായുംവിദേശകാര്യമന്ത്രി അടക്കമുള്ളവരുമായും മോസ്കോയിലെത്തി ചര്‍ച്ച നടത്തി. മറുവശച്ച് യുക്രെയ്ന്‍ ഉന്നത നേതാക്കളുമായും ചര്‍ച്ച. ഒടുവില്‍ 2019 ന് ശേഷം ആദ്യമായി ട്രംപും പുട്ടിനും നേരില്‍കാണാന്‍ തീരുമാനിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കത്തിന്റെ ആദ്യഘട്ടം. അങ്ങനെ ഈ മാസം 15 ന് അലാസ്കയില്‍ ട്രംപും പുട്ടിനും നേരില്‍കണ്ടു. അതുവരെ പുട്ടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ട്രംപ് അടവുനയം മാറ്റി പുട്ടിനെ ഊഷ്മളമായി സ്വീകരിച്ചു. അലാസ്കയിൽ ആദ്യമെത്തിയ ട്രംപ്, പുട്ടിന്റെ വരവിനായി കാത്തുനിന്നു. വ്യോമതാവളത്തിന്റെ ടാർമാക്കിൽ വച്ച് പുട്ടിനെ ട്രംപ് ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ ലക്ഷ്യമിട്ട് യുഎസ് നിർമിച്ച ബി2, എഫ്22 യുദ്ധവിമാനങ്ങൾ പുടിനെ ആകാശാഭിവാദ്യം ചെയ്തു. റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് വഴിതുറന്നത് അന്നത്തെ ട്രംപ്–പുടിന്‍ കൂടിക്കാഴ്ചയായിരുന്നു. കരാറിലേക്ക് എത്തിയില്ലെങ്കിലും മൂന്നരവര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന നീക്കമാണ് അലാസ്കയില്‍ കണ്ടത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവുമടക്കം ഇരുഭാഗത്തെയും രണ്ട് നേതാക്കളും മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ വ്യക്തമായ കരാറിലേക്ക് എത്തിയില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. 

അടുത്ത ചര്‍ച്ച മോസ്കോയിലാകാമെന്ന് പുട്ടിന്‍ പറഞ്ഞെങ്കിലും ട്രംപ് സമ്മതംമൂളിയില്ല. പുട്ടിനുമായുള്ള ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ സെലന്‍സ്കിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. തൊട്ടുപിന്നാലെ സെലന്‍സ്കിയെ നേരിട്ടുള്ള ചര്‍ച്ചയ്ക്കായി ട്രംപ് വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. 

മൂന്നുമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലേക്കെത്തിയ പുട്ടിനില്‍ ഒരു വിജയിയുടെ ശരീരഭാഷ കാണാമായിരുന്നു. 11–12 മിനിട്ട് നീണ്ട വാര്‍ത്താസമ്മേളനത്തില്‍ എട്ടുമിനിട്ടോളമെടുത്ത് പുട്ടിന്‍ പറയാനുള്ളതൊക്കെ പറഞ്ഞു. ചിലത് പറയാതെ വിട്ടു. യുദ്ധം തുടങ്ങിയകാലത്തെ യുഎസ് ഭരണകൂടത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിരുന്നുവെന്നും ട്രംപായിരുന്നു അന്ന് ഭരണാധികാരിയെങ്കില്‍ യുദ്ധം നടക്കില്ലായിരുന്നുവെന്നുമുള്ള തുറന്നുപറച്ചില്‍ അന്നത്തെ പ്രസിഡന്റ് ജോ ബൈഡനുള്ള പരോക്ഷ വിമര്‍ശനമായിരുന്നു. യുക്രെയ്നെ സഹോദരരാജ്യമെന്ന് വിളിച്ച പുട്ടിന്‍, ‘നിങ്ങള്‍ എപ്പോഴാണ് സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തുക’, ‘ട്രംപ് നിങ്ങളെ എന്തിന് വിശ്വസിക്കണം’ തുടങ്ങി യുഎസ് മാധ്യമപ്രവര്‍ത്തരുടെ ചില ചോദ്യങ്ങള്‍ അവഗണിച്ചു. ട്രംപ്–സെലന്‍സ്കി ചര്‍ച്ചകള്‍ക്ക് വൈറ്റ്ഹൗസ് ഒരിക്കല്‍കൂടി വേദിയാകുമെന്ന് തീരുമാനമായപ്പോള്‍ ലോകം ആശങ്കയിലായി. ഫെബ്രുവരിയില്‍ ചര്‍ച്ചയ്ക്കിടെ നടന്ന വിവാദമായ സംഭവങ്ങളായിരുന്നു ആ ആശങ്കയ്ക്ക് കാരണം.

പക്ഷേ, ഇത്തവണത്തെ ചര്‍ച്ചയില്‍ യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാരും സെലന്‍സ്കിക്ക് ഒപ്പമെത്തി. ട്രംപ് ക്ഷണിച്ചിട്ടാണ് അവരെത്തിയതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നുണ്ടെങ്കിലും സെലന്‍സ്കിക്ക് പിന്തുണ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം യുക്രെയ്നായി കൂടുതല്‍ ചെയ്യാനുള്ളത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണെന്ന് ട്രംപ് പറയാതെ പറയുകയായിരുന്നു.

ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഫിന്‍ലാന്‍ഡ് രാജ്യങ്ങളുടെ ഭരണാധികാരികള്‍, നാറ്റോ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡ‍ന്റ്. മൂന്നരവര്‍‌ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വഴി തേടി വലിയ നയതന്ത്രചര്‍ച്ചകള്‍ക്കാണ് വൈറ്റ്ഹൗസ് സാക്ഷിയായത്. ചര്‍ച്ച ഫലപ്രദമെന്ന് ട്രംപും സെന്‍സിറ്റീവായ വിഷയങ്ങളടക്കം ചര്‍ച്ചയായെന്ന് സെലന്‍സ്കിയും പ്രതികരിച്ചു. യുക്രെയ്ന് യുഎസ് നേരിട്ട് സുരക്ഷ നല്‍കുന്നതിന് പകരം യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്ന സുരക്ഷയോട് സഹകരിക്കുമെന്ന് ട്രംപ് അറിയിച്ചു. അടിയന്തര വെടിനിര്‍ത്തലല്ല, ശാശ്വതസമാധാനമാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചയ്ക്കിടെ നാല്‍പത് മിനിട്ടോളം ട്രംപ് പുട്ടിനുമായി ഫോണില്‍ സംസാരിച്ചു. റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെക്കൂടി ഉൾപ്പെടുത്തിയുള്ള ത്രിതല ചർച്ചയ്ക്കു തയാറാണെന്നു സെലെൻസ്കി പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ട്രംപിനൊപ്പം ഉണ്ടായിരുന്നു. നാറ്റോ അംഗത്വമെന്ന മോഹവും ക്രൈമിയ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും യുക്രെയ്ൻ ഉപേക്ഷിക്കണമെന്ന് ഉച്ചകോ‌ടിക്കുമുൻപായി ട്രംപ് സൂചിപ്പിച്ചിരുന്നു. അതിനാല്‍ നാറ്റോ വിഷയം ചര്‍ച്ചയായില്ല. യുഎസ് സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും അതിനര്‍ഥം യുഎസ് സൈനികര്‍ യുക്രെയ്നിലെത്തുമെന്നല്ലെന്നും അത്തരമൊരു നടപടി ട്രംപ് ഭരണകാലത്തുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് വിശദീകരിക്കുന്നു.

അടുത്തഘട്ടമായി രണ്ടാഴ്ചയ്ക്കുള്ളില്‍ പുട്ടിനും സെലന്‍സ്കിയും നേരില്‍ കാണും. തുടര്‍ന്ന് ട്രംപും സെലന്‍സ്കിയും പുട്ടിനും ചേര്‍ന്നും ചര്‍ച്ച നടത്തും. വൈറ്റ്ഹൗസ് ചര്‍ച്ചയ്ക്കെത്തിയ യൂറോപ്യന്‍ ഭരണാധികാരികള്‍ ട്രംപിന് നന്ദി അറിയിച്ചു. സമാധാനനീക്കത്തെ സ്വാഗതം ചെയ്യുകയും അതിനൊപ്പം യുക്രെയ്ന് ഭാവിയില്‍ സുരക്ഷ ഉറപ്പാക്കുന്നത് പ്രധാനമെന്നും ഭരണാധികാരികള്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ സമാധാനത്തിലേക്ക് വഴിതുറക്കുന്നുണ്ട്. പക്ഷേ, പ്രധാന കടമ്പ ഭൂപ്രദേശവും അതിര്‍ത്തിയുമൊക്കെത്തന്നെയാണ്. റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതിലാണ് തീരുമാനമുണ്ടാകേണ്ടത്. എല്ലാം വിട്ടുകൊടുത്തില്ലെങ്കിലും ചിലതെങ്കിലും വിട്ടുകൊടുക്കാതെ യുദ്ധം അവസാനിക്കില്ല. അത് പറ്റില്ലെന്നാവര്‍ത്തിക്കുന്ന സെലന്‍സ്കിക്ക് പക്ഷേ, അതില്ലാതെ വേറെ വഴിയില്ലെന്നറിയാം. 

അഞ്ച് പ്രവിശ്യകള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ചായിരിക്കും പുട്ടിന്‍–സെലന്‍സ്കി ചര്‍ച്ച. ഇരുനേതാക്കളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. 2014 ല്‍ റഷ്യ പിടിച്ചടക്കിയ ക്രൈമിയ, കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ പിടിച്ചെടുത്ത ഖേഴ്സന്‍, ഡോണെറ്റ്സ്ക്, ആണവനിലയമുള്ള സാപൊറീഷ്യ, , ലുഹാൻസ്ക് എന്നിവ വിട്ടുകൊടുക്കാനാകില്ലെന്നാണ് സെലന്‍സ്കി പറയുന്നത്. ഖേഴ്സന്റെയും സാപൊറീഷ്യയുടേയും 73 ശതമാനവും ഡോണെറ്റ്സ്കിന്റെ 76 ശതമാനവും ലുഹാന്‍സ്കിന്റെ 99 ശതമാനവും റഷ്യയുടെ കൈവശമാണ്. അതില്‍ ഖേഴ്സനും സാപൊറീഷ്യയും വിട്ടുകൊടുക്കാനാണ് പുട്ടിന് താല്‍പര്യം. അപൂര്‍വധാതുക്കളും കല്‍ക്കരിയും ഊര്‍ജസ്രോതസുകളുമടങ്ങിയ ഡോണ്‍ബാസ് മേഖല വിട്ടുകൊടുക്കില്ലെന്ന നിലപാട് പുട്ടിന്‍ തുടരുകയാണ്. എന്നാല്‍, യുക്രെയ്ന്‍റെ ജീവനാഡിയായ ഡോണ്‍ബാസ് മേഖല വേണമെന്ന നിലപാടിലാണ് സെലന്‍സ്കി. ഭൂപ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇരുനേതാക്കളുമെടുക്കുന്ന തീരുമാനങ്ങളായിരിക്കും യുദ്ധം അവസാനിപ്പിക്കുന്നത് എന്നായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരംനല്‍കുന്നത്. 

അതിനിടെ, അലാസ്കയിൽ നടന്ന ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റിനു കൈമാറിയ ഒരു കത്ത് ശ്രദ്ധാകേന്ദ്രമായിരുന്നു. 'പ്രിയപ്പെട്ട പ്രസിഡന്റ് പുട്ടിൻ' എന്നു തുടങ്ങുന്ന ആ കത്ത് യുഎസ് പ്രഥമവനിത മെലനിയ ട്രംപ് വ്യക്തിപരമായി എഴുതിയതാണ്. യുദ്ധകാലത്തെ നഷ്ടബാല്യങ്ങളെക്കുറിച്ചാണ് യുക്രെയ്നെന്നോ റഷ്യയെന്നോ പേരെടുത്തു പറയാതെ മെലനിയ കുറിച്ചത്. യുദ്ധം നടക്കുന്നതിനിടെ യുക്രെയ്നിൽനിന്നു കുട്ടികളെ ബലമായി റഷ്യയിലേക്കു കൊണ്ടുപോകുന്നെന്ന ആരോപണങ്ങൾ നിലനിൽക്കെയാണിത്. വിദൂരഗ്രാമമാകട്ടെ, തിരക്കുള്ള നഗരമാകട്ടെ, എല്ലാ കുട്ടികളും സ്നേഹവും സുരക്ഷിതത്വവും സ്വപ്നം കാണുന്നവരാണെന്ന് കത്തിൽ പുട്ടിനെ ഓർമിപ്പിക്കുന്നുണ്ട്. പുട്ടിൻ വിചാരിച്ചാൽ കുട്ടികളുടെ പുഞ്ചിരി തിരികെ കൊണ്ടുവരാനാകും എന്നും മെലനിയ പറയുന്നു.പുട്ടിനോടുള്ള ട്രംപിന്റെ നിലപാടു രൂപപ്പെടുത്തുന്നതിൽ സ്ലൊവീനിയ വംശജയായ മെലനിയയ്ക്കു പ്രധാന പങ്കുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ട്രംപുമായി അലാസ്കയിൽ നടന്ന ഉച്ചകോടിയെക്കുറിച്ചു സംസാരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുട്ടിൻ ഫോണിൽ വിളിച്ചു. വിവരങ്ങൾ അറിയിച്ചതിനു മോദി നന്ദി പറഞ്ഞു. ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റാമഫോസയുമായും ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയുമായും പുട്ടിൻ സംസാരിച്ചു. 

തീരുവ, ഉപരോധം, മുന്നറിയിപ്പ് ഇതൊക്കെയാണ് രാജ്യങ്ങളെ വരുതിയിലാക്കാന്‍ ട്രംപ് മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍. റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിന് ഇന്ത്യയ്ക്ക് അധികത്തീരുവ. റഷ്യയ്ക്കുമേല്‍ ഉപരോധങ്ങള്‍. പുട്ടിന് ഭീഷണി. ഇതൊക്കെയാണ് കഴിഞ്ഞകുറേ നാളുകളായി ട്രംപില്‍ നിന്ന് നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും. ആക്രമണം കടുപ്പിക്കുന്ന റഷ്യയോടുള്ള എതിര്‍പ്പാണ് ഇന്ത്യയ്ക്കെതിരായ അധികത്തീരുവയിലേക്ക് നയിച്ചത്. അതിനര്‍ഥം യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിന്‍ തയാറായാല്‍ അധികത്തീരുവ പിന്‍വലിക്കുമോ കണ്ടറിയണം. പുട്ടിനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അധിക പിഴത്തീരുവ ഈടാക്കുമെന്ന മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മയപ്പെടുത്തി. 'അധിക തീരുവ ഏർപ്പെടുത്തുന്നത് ആവശ്യമെങ്കിൽ ചെയ്യും, മിക്കവാറും ആവശ്യമായി വരില്ല' എന്നാണ് പുട്ടിനുമായി അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ചാനൽ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. റഷ്യൻ എണ്ണയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവായ ഇന്ത്യയ്ക്ക് 25% അധിക തീരുവ ഏർപ്പെടുത്തിയത് റഷ്യയെ യുക്രെയ്ൻ സമാധാനചർച്ചകൾക്ക് പ്രേരിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 25% തീരുവ പ്രഖ്യാപിച്ചതിനു പുറമേയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ ശിക്ഷയായി 25% അധിക തീരുവ ഭീഷണി ട്രംപ് മുഴക്കിയത്.  ഓഗസ്റ്റ് 27നു ശേഷം അടുത്തഘട്ടം തീരുവകൾ പ്രഖ്യാപിച്ചേക്കും. ആ സമയത്തിനുള്ളിൽ ചർച്ചകൾ ഫലപ്രാപ്തിയിലെത്തുമെന്നു ട്രംപ് കരുതുന്നു.

റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് പഴയ സോവിയറ്റ് കാലത്തെ അനുസ്മരിപ്പിക്കുന്ന യുഎസ്എസ്ആർ എന്നതിന്റെ റഷ്യൻ രൂപമായ സിസിസിപി എന്ന് ആലേഖനം ചെയ്ത ടീ–ഷർ‌ട്ടിട്ട് എത്തിയത് യൂറോപ്പിനും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്നിനും പ്രതീകാത്മക മുന്നറിയിപ്പ് നൽകുന്നതാണെന്നു കരുതുന്നവരുണ്ട്.  കഴിഞ്ഞ ഫെബ്രുവരിയില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി വൈറ്റ്ഹൗസിലെത്തിയ സെലന്‍സ്കി വിമര്‍ശിക്കപ്പെട്ടതിന് പ്രധാനകാരണങ്ങളിലൊന്ന് ധരിച്ച വസ്ത്രമായിരുന്നു. കോട്ടും സൂട്ടുമൊക്കെ ഒഴിവാക്കി സാധാരണ വേഷത്തിലെത്തിയ സെലന്‍സ്കിയെ മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. ട്രംപിനെ മുന്നിലിരുത്തിയായിരുന്നു ആ വിമര്‍ശനം. ഇത്തവണ വൈറ്റ്ഹൗസിലെത്തിയപ്പോള്‍ അതേ മാധ്യമപ്രവര്‍ത്തകനും ട്രംപും സൂട്ട് ധരിച്ചെത്തിയ സെലന്‍സ്കിയെ പ്രശംസിച്ചു. ഗൗരവമായ ചര്‍ച്ചയ്ക്കിടെ കണ്ട സരസവും എന്നാല്‍ ശ്രദ്ധേയവുമായൊരു കാഴ്ചയായിരുന്നു അത്.

ഇനി എല്ലാ കണ്ണുകളും സെലന്‍സ്കി പുട്ടിന്‍ കൂടിക്കാഴ്ചയിലേക്കാണ്. അത് എന്ന്, എപ്പോള്‍ നടക്കുമെന്ന് ഉടനറിയാം. രണ്ട് ചര്‍ച്ചകളിലൂടെയുണ്ടായ മുന്നേറ്റം തടസപ്പെടാതിരുന്നാല്‍ കാര്യങ്ങള്‍ വേഗത്തിലാകും. ട്രംപുംകൂടി ചേര്‍ന്നുള്ള ചര്‍ച്ചയിലൂടെ സമാധാനക്കരാറിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ലോകം. 

ENGLISH SUMMARY:

Russia-Ukraine war is a critical global issue demanding immediate resolution. Recent talks offer hope for de-escalation, with potential for lasting peace through continued diplomatic efforts.