സ്കൂളില്‍ വൈകിയെത്തിയതിന് കുട്ടിയോട് ക്രൂരത....ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കിരുത്തി...നാലാം ക്ലാസ് വിദ്യാർഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്റേയും ക്രൂരമർദനം...വികൃതി കാട്ടിയതിന് കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ച് അച്ഛന്‍. കേരളത്തെ വല്ലാതെ ആശങ്കപ്പെടുത്തിയ വാര്‍ത്തകളാണ് ഇതൊക്കെ. കുട്ടികളെ കുട്ടികളായി കാണാന്‍ പറ്റാതാവുന്നോ നമ്മുടെ സമൂഹത്തിന്? ഒരു കുട്ടിയുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് യാതൊരു ബോധവുമില്ലാത്തവരാണോ മാതാപിതാക്കളും അധ്യാപകരും. എന്തുകൊണ്ടാണ് സ്കൂളുകളില്‍ ഒരു പരാതിപ്പെട്ടി സംവിധാനം ആരംഭിക്കാന്‍ വിദ്യാഭ്യാസമന്ത്രിക്ക് മുന്‍കൈയ്യെടുക്കേണ്ടി വന്നത്.... കുട്ടികളോട് ഈ കളി?
കൊച്ചി തൃക്കാക്കരയില്‍ സ്കൂളില്‍ വൈകിയെത്തിയതിന് കുട്ടിയോട് ക്രൂരത. കുട്ടിയെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കിരുത്തിയെന്ന് പരാതി. കൊച്ചിന്‍ പബ്ലിക് സ്കൂളില്‍ രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നു. ഇന്നുച്ചയോടെ വന്ന വാര്‍ത്തയായിരുന്നു ഇത്. അതേസമയം ആരോപണം നിഷേധിച്ച് കൊച്ചിന്‍ പബ്ലിക് സ്കൂള്‍ അധികൃതര്‍ രംഗത്തെത്തി. കുട്ടിയെ ഓടിച്ചത് ദിവസേനയുള്ള വ്യായാമത്തിന്റെ ഭാഗമായാണെന്നും ക്ലാസിന് പുറത്ത് നിര്‍ത്തിയില്ല, മറ്റൊരു ക്ലാസ് മുറിയിലിരുത്തിയതാണെന്നും സ്കൂള്‍ മാനേജര്‍ ഡോ. അന്‍വര്‍ ഹുസൈന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
ആലപ്പുഴ ജില്ലയിലെ നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസ് വിദ്യാർഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്റേയും ക്രൂരമർദനമെന്ന് വാര്‍ത്ത വന്നിട്ട് ഒരാഴ്ചയായില്ല. വിദ്യാഭ്യാസമന്ത്രിവരെ ആ കുരുന്നിനെ കാണാനെത്തി. ഉള്ളുലയ്ക്കുന്ന വാര്‍ത്തയായിരുന്നു അത്. കുട്ടികളോട് എങ്ങനെ ഇങ്ങനെ മനുഷ്യര്‍ക്ക് പെരുമാറാന്‍ സാധിക്കുന്നുവെന്ന് ചിന്തിച്ചുപോകുന്ന നേരങ്ങള്‍...ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് സ്വദേശി അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് കുട്ടിയെ മർദിച്ചത്. . അധ്യാപകർ നൽകിയ വിവരപ്രകാരം നൂറനാട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ച കവിളിൽ ചുവപ്പ് പാടുകളുമായെത്തിയ കുട്ടിയെ ശ്രദ്ധിച്ച അധ്യാപകർ വഴിയാണ് വിവരം പുറത്തുവരുന്നത്. സ്കൂൾ ബസ്സിൽ വെച്ച് തന്നെ കുട്ടി അസ്വസ്ഥത പ്രകടമാക്കിയിരുന്നു. പുതിയ വീട് വെച്ചപ്പോൾ മുതൽ രണ്ടാനമ്മയും അച്ഛനും ദേഷ്യപ്പെട്ടു തുടങ്ങിയെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. പിന്നാലെ സ്കൂളിലെത്തിയ കുട്ടിയുടെ അച്ഛൻറെ അമ്മയും കുട്ടിയുടെ അവസ്ഥ അധ്യാപകരോട് വെളിപ്പെടുത്തി. അധ്യാപകർ നൂറനാട് പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.
പഠനത്തിൽ മിടുമിടിക്കായ കുട്ടി തന്‍റെ കയ്പ്പേറിയ അനുഭവങ്ങൾ നോട്ടുബുക്കിലും കുറിച്ചിരുന്നു. വിവരം പുറത്തുവന്നതോടെയാണ് ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും ഏഴു ദിവസത്തിനകം റിപ്പോർട്ട് ആവശ്യപ്പെട്ടത്. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുമെന്നും ആവശ്യമെങ്കിൽ കുട്ടിയെ CWC ഏറ്റെടുക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. കുട്ടിയുടെ താൽക്കാലിക സംരക്ഷണം കുട്ടിയുടെ പിതാവിൻറെ അമ്മയെ ഏൽപ്പിച്ചു. കുട്ടിയെ സംരക്ഷിക്കാനുള്ള സാമ്പത്തിക സഹായം അമ്മൂമ്മയ്ക്ക് നൽകുമെന്നും ഉത്തരവിലുണ്ട്. അതേസമയം കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ കുട്ടികളോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ കരുതല്‍ പ്രകടമായി. സ്കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. പ്രധാന അധ്യാപകര്‍ പരാതിപ്പെട്ടി വയ്ക്കും. നൂറനാട്നാലാം ക്ലാസുകാരി നേരിട്ടത് ക്രൂരമര്‍ദനമെന്നും രണ്ടാനമ്മ, രണ്ടാനച്ഛന്‍ എന്നിവരുള്ള കുട്ടികളുടെ കണക്കെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച രണ്ടാനമ്മ ഷെബീനയും അച്ഛൻ അൻസറും പിന്നീട് പിടിയിലായി. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. വിവരം പുറത്തിറഞ്ഞതിന് പിന്നാലെ ഒളിവിൽ പോയതായിരുന്നു ഇരുവരും. കുട്ടിയെ പിതാവിന്‍റെ അമ്മയുടെ സംരക്ഷണയില്‍ വിട്ടു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ ശിശുക്ഷേമ ഓഫീസറോടും നൂറനാട് എസ്എച്ച്ഒയോടും റിപ്പോർട്ട് തേടി. മര്‍ദനമേറ്റ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെത്തി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാമിത്രം പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകളില്‍ ഹെല്‍പ് ബോക്സ് തുടങ്ങും. പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നാലാം ക്ലാസ് വിദ്യാർഥിനിക്ക് രണ്ടാനമ്മയുടെയും അച്ഛൻ്റെയും മർദ്ദനമേറ്റ വാർത്ത പുറത്തുവന്നതിനു പിന്നാലെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ മാതാപിതാക്കളെ ബോധവൽക്കരിക്കാൻ പാലമേൽ പഞ്ചായത്തും രംഗത്തെത്തി. മറ്റേതെങ്കിലും വിദ്യാർഥികളും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നുണ്ടോ എന്ന് പരിശോധിക്കും. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് ഉറപ്പാക്കും എന്നും പാലമേൽ പഞ്ചായത്ത് പ്രസിഡൻറ് ബി.വിനോദ് മനോരമ ന്യൂസിനോട് പറഞ്ഞു.
നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അൻസർ കഞ്ചാവ് കടത്തുകേസിലും പ്രതി. 2022ൽ പത്തനംതിട്ട പഴകുളത്ത് വെച്ചാണ് പ്രതി ആദ്യം പിടിയിലാകുന്നത്. നൂറനാട്ടെ വാർഡ് മെമ്പറുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയ കേസിലും പ്രതിയാണ് അൻസർ. അൻസറിനെതിരായ മുൻ എഫ്ഐആറുകൾ മനോരമ ന്യൂസിന് ലഭിച്ചു. മകളെ രണ്ടാനമ്മയോടൊപ്പം ചേർന്ന് ക്രൂരമായി മർദ്ദിച്ച അൻസറിന്‍റെ ക്രിമിനൽ വാസന വ്യക്തമാക്കുന്നതാണ് മുൻ കുറ്റപത്രങ്ങൾ. 2022 ജൂൺ 22നാണ് അൻസർ ആദ്യം പൊലീസിന്റെ പിടിയിലാകുന്നത്. കായംകുളം ഭാഗത്തുനിന്ന് 2.24 കിലോഗ്രാം കഞ്ചാവ് ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുമ്പോൾ പൂട്ടുവീഴുകയായിരുന്നു. 2023ല്‍ വാർഡ് മെമ്പർ ബൈജുവിന്റെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയാണ് അൻസർ. കഞ്ചാവ് വില്പന ചോദ്യം ചെയ്തതിനും കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് തള്ളിയത് ചോദ്യം ചെയ്തതിനുമായിരുന്നു അന്നത്തെ ആക്രമം. പ്രത്യേകം രൂപകൽപ്പന ചെയ്ത വാൾ ചുഴറ്റി കൊലപാതക ഭീഷണി മുഴക്കി. ചെടിച്ചട്ടികളും ലൈറ്റും അടിച്ചു പൊട്ടിച്ചെന്നുമാണ് കേസ്. മദ്യപാനം പതിവാക്കിയിരുന്ന അൻസർ കേസുകളിൽ നിന്ന് ഊരിപ്പോരാനും മിടുക്കനാണ്. കഞ്ചാവ് വില്പനയിലൂടെയാണ് ധൂർത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അമ്മ നഷ്ടപ്പെട്ട മകളെ സംരക്ഷിച്ചില്ലെന്നു മാത്രമല്ല അസഭ്യം പറയുന്നതും ദേഹോപദ്രവം ഏൽപ്പിക്കുന്നതും പതിവായിരുന്നു എന്നും നാട്ടുകാർ സമ്മതിക്കുന്നു. കുട്ടിയെ മർദ്ദിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ രണ്ടുദിവസം പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ പാർക്കാൻ സൗകര്യം ഒരുക്കിയത് കൂട്ടാളികൾ ആണെന്നാണ് വിവരം. ഇവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആലപ്പുഴയിൽ കുഞ്ഞുമനസ്സിന് നേരിട്ട് ക്രൂരതയുടെ നോവ് മായുംമുമ്പാണ് കൊല്ലം ചവറയില്‍ നിന്നും പുതിയ പീഡന വാർത്തയെത്തിയത്. ബുധനാഴ്ചയാണ് കുട്ടിയെ വികൃതി കാണിച്ചതിന് രണ്ടാനച്ചൻ കാലിൽ പൊളളിച്ചത്. ഇളയ കുട്ടി അംഗൻവാടി ടീച്ചറോടു പറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. രണ്ടാനച്ഛനെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ മൂന്നാം ക്ലാസുകാരന്‍ നേരത്തെയും രണ്ടാനച്ഛന്റെ ക്രുരതക്ക് ഇരയായിട്ടുണ്ടെന്നും കണ്ടെത്തി.
ഇയാൾക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട്, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. മുത്തശ്ശിക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. മുത്തശ്ശിയുമായി വികൃതി പിടിക്കുന്നതിനിടെ കുട്ടിയെ പൊള്ളിച്ചുവെന്നാണ് രണ്ടാനച്ഛൻ്റെ മൊഴിയിലുള്ളത്. കത്തി ഉപയോഗിച്ച് നേരത്തെ പൊള്ളൽ ഏൽപ്പിച്ചെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. കുട്ടിയെ പിന്നീട് സിഡബ്ലുസിയിലേക്ക് മാറ്റി.