dharmasthala

2012 ഒക്ടോബർ 9. കർണാടകയിലെ മഞ്ജുനാഥേശ്വര കോളേജില്‍ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന സൗജന്യ കോളജ് വിട്ട് നേത്രാവതിപ്പുഴയുടെ സ്നാനഘട്ടിനരികെ ബസിറങ്ങി. പാതിവഴിയിൽവെച്ച് കൂട്ടുകാരികളോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് നടന്നു. അന്ന് മഞ്ജുനാഥേശ്വര ക്ഷേത്രത്തിൽ ഉൽസവമായിരുന്നു. പക്ഷേ സൗജന്യ വീട്ടിൽ എത്തിയില്ല. എത്തേണ്ട സമയമേറെ കഴിഞ്ഞിട്ടും മകളെ കാണാതെ മാതാപിതാക്കൾ ആകുലപ്പെട്ടു. അന്വേഷിച്ചിട്ടും ഒരു വിവരവുമില്ല. വഴിയിൽ അവൾക്കെന്തോ അപകടം സംഭവിച്ചു എന്ന ഭയം പതിയെ ആ വീടിനെ ചൂഴ്ന്നു.

ബസിറങ്ങി സൗജന്യ വീട്ടിലേക്ക് നടന്നുവരുന്നത് കണ്ടവരുണ്ടായിരുന്നു. എന്നാൽ പിന്നീട് അവൾക്കെന്തു സംഭവിച്ചു എന്ന് ആർക്കും അറിയുമായിരുന്നില്ല.  അധികം വൈകാതെ ആ വാർത്തയെത്തി. ധർമസ്ഥലയ്ക്ക് സമീപത്തെ വനത്തിൽ സൗജന്യയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. അതിക്രൂരമായി പിച്ചിച്ചീന്തിയ നിലയിൽ. സാഹചര്യത്തളിവുകൾ മൂന്നുപേരിലേക്ക് നീണ്ടു. 3 പേരും മഞജുനാഥ്ഷേത്രത്തിലെ ട്രസ്റ്റിമാർ.  എന്നാൽ നാട്ടുകാരും വീട്ടുകാരും സൂചനകൾ നൽകിയിട്ടും ഒടുവിൽ പൊലീസ് പിടികൂടിയത് ആ നാട്ടുകാരനല്ലാത്ത മാനസികപ്രശ്നങ്ങൾ ഉള്ള സന്തോഷ് റാവു എന്ന യുവാവിനെ. സന്തോഷ് അല്ല കൊലയാളിയെന്ന് കുടുംബം പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. പിന്നീട് മതിയായ തെളിവുകളുടെ അഭാവത്തിൽ 2023 ജൂൺ 16-ന് സിബിഐ കോടതി ഇയാളെ വെറുതെ വിട്ടു. ഇതാണ് ധർമസ്ഥലയെ പിടിച്ചുകുലുക്കിയ ഇനിയും ഉത്തരം കിട്ടിയിട്ടില്ലാത്ത, രേഖപ്പെടുത്തപ്പെട്ട അവസാനത്തെ ദുരൂഹ മരണം.

സൗജന്യയുടെ മരണം വീണ്ടും സജീവമായി ഉയർന്നുവന്നത് ഇപ്പോൾ ഒരു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെയാണ്. നൂറിലേറെ സ്ത്രീകളുടെയും കുട്ടികളുടെയും മൃതശരീരങ്ങൾ കുഴിച്ചുമൂടാൻ താൻ നിർബന്ധിതനായിട്ടുണ്ടെന്നും കൊല ചെയ്യപ്പെട്ടവരെല്ലാം അതിക്രൂരമായി ബലാൽസംഗത്തിനിരയായിരുന്നുവെന്നും,  മൃതദേഹങ്ങളിൽ പലതിനും അടിവസ്ത്രങ്ങൾപോലും ഇല്ലാത്ത നിലയിലായിരുന്നുവെന്നും ആയിരുന്നു  1995 മുതൽ 2014 വരെ ക്ഷേത്രഭരണകൂടത്തിന്റെ ശമ്പളക്കാരനായിരുന്ന ആളുടെ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ. ജൂൺ 18നാണ് ഈ വെളിപ്പെടുത്തൽ പുറംലോകം അറിഞ്ഞത്. തുടർന്ന് ദക്ഷിണ കന്നഡ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പിന്നീട് ജൂലൈ 18ന് എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഇതോടെ ലോകത്തിന് മുന്നിൽ ധർമസ്ഥല ദുരൂഹതകൾ ഉറഞ്ഞുകൂടുന്ന വന്യഭൂമിയായി മാറി.

കർണാടകയിൽ ദക്ഷിണ കന്നഡ ജില്ലയിൽ നേത്രാവതിപ്പുഴയുടെ സമീപത്തെ ഒരു ക്ഷേത്ര ന​ഗരമാണ് ധർമസ്ഥല. മം​ഗലാപുരത്തുനിന്ന് ഏകദേശം 76 കിലോമീറ്റർ അകലം മാത്രം. എട്ടാംനൂറ്റാണ്ടോളം പഴക്കമുള്ള ശ്രീ മഞ്ജുനാഥക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് ധർമസ്ഥലയുടെ പകലിരവുകൾ. ആദ്യകാലത്ത് ഇതൊരു ജൈനക്ഷേത്രമായിരുന്നു. പില്‍ക്കാലത്ത് ഹിന്ദുക്ഷേത്രമായും അറിയപ്പെട്ടു. ബണ്ട് ജാതിയിൽപ്പെട്ട ജൈനമതസ്ഥരുടെ വംശത്തിൽപ്പെട്ട ഹെ​ഗഡേ കുടുംബമാണ് പരമ്പരാ​ഗതമായി ഇപ്പോഴും ക്ഷേത്രം ട്രസ്റ്റ് കൈകാര്യം ചെയ്യുന്നത്.കോടികൾ വരുമാനമുള്ള ക്ഷേതവും അനുബന്ധ സ്ഥാപനങ്ങളും. ധർമസ്ഥലയിലെ നാട്ടുപ്രമാണിമാർ കൂടിയാണ് ഹെഗ്‌ഡെ കുടുംബം. വീരേന്ദ്ര ഹെ​ഗഡേ ആണ് നിലവിലെ ധർമാധികാരി. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ധർമസ്ഥലയിലേക്ക് ഒഴുകിയെത്താറ്. ഉൽസവസീസണുകളിൽ അത് ഒരു ലക്ഷം വരെ പോലും ആകാറുണ്ട്. പ്രധാനമന്ത്രിമാർ വരെ സന്ദർശനം നടത്തിയിട്ടുള്ള ക്ഷേത്രം.  പുറമെനിന്ന് വളരെ വിശുദ്ധമായ ഒരു ദൈവിക ന​ഗരം. പിന്നെ എങ്ങനെയാണ് മരണം മണക്കുന്ന ഭൂമിയായി മാറിയത്?

500ഓളം ഏക്കർ വനമേഖലയിലാണ് ധർമലസ്ഥലയിലെ മഞ്ജുനാഥക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൊട്ടടുത്ത് ഒരു പോലീസ് സ്റ്റേഷൻ പോലും ഉണ്ടായിരുന്നില്ല. പലയിടങ്ങളിൽ നിന്നും പലരും വന്നുപോകുന്ന ഇടം. ആരും ആരാണെന്നോ എന്താണെന്നോ ആർക്കും അറിയില്ല. ചുറ്റിലുമുള്ള പ്രദേശങ്ങൾ നിയമവിരുദ്ധമായ പല പ്രവർത്തനങ്ങളുടെയും കേന്ദ്രം. അവിടെ നടക്കുന്ന പല കാര്യങ്ങളും പുറംലോകം അറിയണമെന്നുപോലുമില്ല. 1995 മുതൽ 2014 വരെ ബെല്‍ത്തങ്ങാടി താലുക്കിൽ ഏകദേശം 400നും 462നും ഇടയില്‍ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് അനൗദ്യോഗിക കണക്കുകള്‍. നൂറുപേരുടെ മൃതദേഹങ്ങൾ താൻ മറവുചെയ്തിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ.ക്ഷേത്രത്തിലെ ഉയർന്ന ഉദ്യോ​ഗസ്ഥന്റെ ഭീഷണിയെത്തുടർന്നാണ് അത്രയേറെ മൃതദേഹങ്ങൾ  പലസമയത്തായി  മറവുചെയ്തതെന്നും ഇയാൾ പറയുന്നു. ഒടുവിൽ സ്വന്തം കുടുംബത്തിലെ തന്നെ ഒരു പെൺകുട്ടിയുടെ മൃതദേഹവും തന്റെ കൈകളിലേക്ക് എത്തിച്ചെർന്നതോടെ അയാൾ തകർന്നു. ഒടുവിൽ 2014ൽ അയാൾ കുടുംബത്തിന്റെയും തന്റെയും ജീവൻ മറുകെപ്പിടിച്ച് ധർമസ്ഥലയിൽനിന്ന് പലായനം ചെയ്തു. എന്നാൽ ഭയവും കുറ്റബോധവും പിന്നീടുള്ള കാലം അയാളെ അസ്വസ്ഥപ്പെടുത്തി. തുടർന്നാണ് വർഷങ്ങൾ ഉള്ളുനീറ്റിയ സത്യങ്ങൾ തുറന്നുപറയാൻ തയാറായത്. 

ധർമസ്ഥല ഇപ്പോൾ സത്യം കുഴിച്ചുകൊണ്ടിരിക്കുകയാണ്. നേത്രാവതി സ്നാനഘട്ടിനരികെ എസ്ഐടി സംഘംപരിശോധനയ്ക്കായി അടയാളപ്പെടുത്തിയ പോയന്റുകളിൽ സത്യത്തിനായുള്ള ഖനനം നടക്കുന്നു. മൂന്നാംദിവസത്തെ പരിശോധനയിൽ ആറാം നമ്പർ പോയന്റിൽ നിന്നും കണ്ടെടുത്ത മനുഷ്യ അസ്ഥിക്കൂടങ്ങളും, 11–ാം നമ്പര്‍ പോയിന്‍റിനടുത്ത്   കണ്ടെടുത്ത 100ലേറെ അസ്ഥികളും തലയോട്ടികളും ആ ചോരക്കഥകളിലേക്കുള്ള ചൂണ്ടുപലകയാണ്. ഇനിയുമുണ്ട് ബാക്കി പോയന്റുകൾ. ഇവിടങ്ങളിൽ നിന്നെല്ലാം ഉത്തരം കിട്ടേണ്ടത് സൗജന്യയുടെ മാത്രം അരുംകൊലയ്ക്കല്ല. മണിപ്പാൽ മെഡിക്കൽ കോലജിലെ എംബിഎ വിദ്യാർഥിനിയായിരുന്ന ഉഡുപ്പി സ്വദേശിനി അനന്യ ഭട്ടിന്റെ തിരോധാനം, മലയാളിയായ പത്മലത എന്ന വിദ്യാർഥിനിയുടെ ദുരൂഹമരണം അങ്ങനെയങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ച് ആ വന്യഭൂമിയിൽ പൊടുന്നനെ ഇല്ലാതായിപ്പോയവർക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങൾക്ക് കാലം കാത്തുവെച്ച അടയാളങ്ങൾക്കുകൂടിയാണ്.

ENGLISH SUMMARY:

In Karnataka’s Dharmasthala, a shocking revelation by a former sanitation worker claiming to have buried over a hundred women and children following brutal abuse has triggered a massive investigation. Excavations began today near the Netravati bathing ghat, with more sites yet to be searched. A large police team, led by SIT head Jitendra Dayama and AC Stella Varghese, is conducting the probe under armed security. The nation watches closely as the truth behind the alleged mass killings begins to unfold.