വയനാടിന്റെ മണ്ണില്‍ പുതിയ സ്വപ്നങ്ങള്‍ പൂത്തുതുടങ്ങിയ സമയം. ചൂരല്‍മലയും മുണ്ടക്കൈയുമൊക്കെ പുതിയ ജീവിതത്തിലേക്ക് വഴിമാറുമ്പോള്‍ അപ്രതീക്ഷിതമായി ചിലത് സംഭവിക്കുന്നു. ഉരുള്‍പൊട്ടലെന്ന് തോന്നിപ്പിക്കുംവിധം കുത്തിയൊലിച്ച് പുന്നപ്പുഴ....
ഒരുനാടിനെ വീണ്ടും ആശങ്കയിലേക്ക് വലിച്ചെറിയുന്ന കുത്തൊഴുക്ക്. ബെയ്്ലി പാലം പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടാവും. ഉരുള്‍പ്പൊട്ടലില്‍ നെടുകെ പിളര്‍ന്ന നാടിനെ വീണ്ടും കൂട്ടിയോജിപ്പിച്ച പാലം. ഇന്നത്തെ കുത്തൊഴുക്ക് ബെയ്ലി പാലത്തിനുപോലും ഭീഷണി സൃഷ്ടിച്ചു. സംരക്ഷണഭിത്തിയില്‍ വിള്ളലുണ്ടായി. മുണ്ടക്കൈ അട്ടമല റോഡ് മുങ്ങി. ചൂരല്‍മല അസ്വസ്ഥമാണ്. രാത്രി ചൂരല്‍മലയില്‍ പെയ്തത് 100 മി.മീറ്റര്‍ മഴ. രാവിലെ ശാന്തമായിരുന്നു പുന്നപ്പുഴ. പക്ഷേ, ഒന്‍പതുമണിയോടെ സ്വഭാവം മാറി. ഉച്ചയോടെ പുഴ, ഭൂതകാലം ഓര്പ്പിപ്പിക്കുംവിധം കലങ്ങിമറിഞ്ഞു. ആളുകള്‍ ഭയന്നു. അവര്‍ രോഷാകുലരായി വഴിയോരങ്ങളില്‍ കൂട്ടംകൂടി പ്രതിഷേധിച്ചു. ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടിയപ്പോള്‍ വയനാട് മാത്രമല്ല, മനസലിവുള്ളവരൊക്കെയും വേദനിച്ചു. ചുരംകയറിവന്ന സഹായഹസ്തങ്ങള്‍ നാടിന് നല്കിയ ഊര്‍ജം വലുതായിരുന്നു. അതുവഴി അതിജീവനപാതയിലാണ് നാട്. അതിനിടയിലാണ് വീണ്ടും ഭീതി കുത്തൊഴുകിയെത്തിയത്. പുന്നപ്പുഴയില്‍ വന്കുത്തൊഴുക്ക് കണ്ട് ആളുകള്‍ ഭയന്നു. അട്ടമലയില്‍ വെള്ളം കയറിയതോടെ ജനം പരിഭ്രാന്തരായി. മുണ്ടക്കൈ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയത് നൂറ്റമ്പതിലധികം തോട്ടം തൊഴിലാളികള്‍. ആരാണ് രക്ഷിക്കാനുള്ളത്. ?
മുന്നറിയിപ്പ് സംവിധാനം ഒരുക്കാതെയും ഉരുൾ ബാധിതർക്ക് ദിനബത്ത നൽകാതെയും തൊഴിലാളികളെ ദുരന്തത്തിലേക്ക് തളളിവിടുകയാണന്ന് ആരോപിച്ച് റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കരയില്‍ സംഘര്‍ഷം. കലങ്ങിമറിഞ്ഞ് കുത്തൊഴുകി പുഴ. വെള്ളരിമല വില്ലേജ് ഓഫിസറെ നാട്ടുകാര്‍ തടഞ്ഞു. ബെയ്ലി പാലത്തില്‍ പൊലീസുമായി ഉന്തുംതള്ളുമുണ്ടായതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംസ്ഥാനസര്‍ക്കാരിനെതിരെ നാട്ടുകാര്‍ പൊട്ടിത്തെറിച്ചു. ഉരുള്‍പൊട്ടലിന് സ്ഥിരീകരണമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു, എന്നാല്പുന്നപ്പുഴയില് നീരൊഴുക്ക് കൂടിയിട്ടുണ്ട്. ചെറിയ മണ്ണിടിച്ചില്‍ ഉണ്ടായി. ഉരുള്പൊട്ടലില്ലെന്നായിരുന്നു കലക്ടറുടേയും വിശദീകരണം. പുഴയിലൂടെ എത്തിയത് മുന്‍ ഉരുളിന്റെ ഭാഗങ്ങള്‍ കലക്ടര്‍ വിശദീകരിച്ചു. NDRF സംഘം ചൂരല്‍മലയിലെത്തി. സജീവമായ രക്ഷാപ്രവര്‍ത്തനം. അതേസമയം വയനാട് പുന്നപ്പുഴയിലെ മണ്ണിടിച്ചില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ 195 കോടി മന്ത്രിസഭ അനുവദിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് കരാര്‍. കര കയറട്ടെ നാട്.