വിറങ്ങലിച്ചുനില്‍ക്കുകയാണ് നാട്. ചെറിയ ശമനം പോലുമില്ലാതെ കനത്ത മഴ. നഗര–ഗ്രാമ വ്യത്യാസമില്ലാതെ തിമിര്‍ത്തുപെയ്യുന്നു. മലയോരമേഖലയിലുടനീളം വ്യാപക നാശനഷ്ടമാണുണ്ടായത്. വിവിധയിടങ്ങളില്‍ മഴ ഇനനും ജീവനെടുത്തു. നിരവധി വീടുകള്‍ നിലം പൊത്തി. ജനജീവിതത്തിന്‍റെ മുകളില്‍ക്കയറി അലറുകയാണ് കാലവര്‍ഷം. എങ്ങുനിന്നും പറയാന്‍ ദുരിതക്കണക്കും കാഴ്ചയും മാത്രം. വന്നുകൊണ്ടിരിക്കുന്ന മഴമുന്നറിയിപ്പുകള്‍ ആശ്വാസം പകരുന്നവയല്ല. സംസ്ഥാനത്തൊട്ടാകെ ജാഗ്രത അനിവാര്യമായ സമയം. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനിടെ ഒഴുകില്‍പ്പെട്ട് രണ്ടര വയസുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. കാസര്‍കോടും കോഴിക്കോടും വനമേഖലകളിലെ കുന്നുകളില്‍ വിള്ളല്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പില്‍ ദേശീയപാത നിര്‍മ്മാണ മേഖലിയില്‍നിന്ന് ചളിയും വെള്ളവും വീടുകളിലേക്ക് ഒലിച്ചിറങ്ങി. മധ്യകേരളത്തില്‍ പെരുമഴയും കടലേറ്റവും ദുരിതംവിതച്ചു. കടല്‍കയറി നിരവധി വീടുകള്‍ വെള്ളത്തിലായതോടെ കണ്ണമാലിയില്‍ തീരവാസികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമായ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്കുയര്‍ന്നു.