സാധാരണപോലെ ആരംഭിച്ച് അസാധാരണത്വത്തില്‍ അവസാനിച്ച ഒരു പകല്‍. 2025 ജൂണ്‍ 12 ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാമുറിവായി പരിണമിച്ചത് ഉച്ചകഴിഞ്ഞ് 1.40 ആയിരുന്നു. 1.39 ന് അഹമ്മദാബാദിലെ സര്‍ദര്‍ വല്ലഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേവിട്ട് ലണ്ടനിലേക്ക് പറന്ന് തുടങ്ങിയ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ ശ്രേണിയിലെ AI 171 വിമാനം അന്തരീക്ഷത്തില്‍ ആകെ ഉണ്ടായിരുന്നത് 32 സെക്കന്‍ഡ് മാത്രം.
ഈ സമയത്തിനകം 625 അടി മുകളിലെത്തിയ ശേഷം ഉയര്‍ന്നുപൊങ്ങാനോ മുന്നോട്ടു കുതിക്കാനോ ആവാതെ ജനവാസമേഖലയിലേക്ക് കൂപ്പുകുത്തിവീണ് തകര്‍ന്ന് തീഗോളമായി. 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 ജീവനുകള്‍. ചുറ്റും തീയായാളിയ മഹാദുരന്തത്തില്‍ നിന്ന് അവിശ്വസനീയമാംവിധം ജീവനോടെ തിരിച്ചെത്തിയത് ഒരാള്‍ മാത്രം– വിശ്വാസ് കുമാറെന്ന നാല്‍പതുകാരന്‍. പിന്നെ കത്തിയമര്‍ന്ന് നിലംപതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് മരിച്ച വിദ്യാര്‍ഥികളും നാട്ടുകാരുമടക്കം 24 പേര്‍. ഇതുവരെ ആകെ 265 പേര്‍.
ആകാശത്തും ഭൂമിയിലും പ്രഹരമേല്‍പ്പിച്ച വ്യോമദുരന്തം. രണ്ടിടത്തും ഇത്രയേറെ നാശംവിതച്ച മറ്റൊരു വ്യോമാപകടം സമീപചരിത്രത്തിലില്ല. വിമാനം കൂപ്പുകുത്തിവീണ ബി.ജെ. മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റലും ക്വാര്‍ട്ടേഴ്സും മിനിറ്റുകള്‍ക്കുള്ളില്‍ ചാമ്പലായി. നാല് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ ഇവിടെ വെന്തെരിഞ്ഞു. പ്രാണനുംകൊണ്ട് പാഞ്ഞപലരും തീപ്പൊള്ളലേറ്റും അപകടത്തില്‍പ്പെട്ടും ഗുരുതരാവസ്ഥയിലാണ്.. അപ്രതിരോധ്യമായ ഒരു ആകസ്മിക മഹാദുരന്തം. അതിന്റെ എല്ലാ നശീകരണശേഷിയോടെയും അഹമ്മദാബാദിനുമേല്‍, ഇന്ത്യയുടെ മേല്‍ കത്തിയമര്‍ന്ന് വീഴുകയായിരുന്നു.
വിമാനത്തിന്റെ ഇരമ്പലും പൊട്ടിത്തെറിയും ഒരുമിച്ചുകേട്ടെത്തിയ നഗരവാസികള്‍ വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ മാത്രമലെ ബി.ജെ.മെഡിക്കല്‍ കോളജിന്റെ വളപ്പില്‍ കണ്ടത് നടുക്കുന്ന കാഴ്ചകള്‍. പൊട്ടിത്തകര്‍ന്ന വിമാനത്തിനൊപ്പം കത്തിക്കരിഞ്ഞ് ചിതറിയ മൃതശരീരങ്ങള്‍. തീ പിടിച്ചുതുടങ്ങിയ, കറുത്ത–കനത്ത പുകച്ചുരുകളുകള്‍ വലയംചെയ്ത് കഴിഞ്ഞ രണ്ട് കെട്ടിടങ്ങളില്‍ നിന്ന് പ്രാണരക്ഷാര്‍ഥം പരക്കംപായുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ജീവനക്കാരും. ഹോസ്റ്റലിലെ ഭക്ഷണശാലയില്‍ ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ മുകള്‍നിലയിലാണ് വിമാനം തകര്‍ന്നുവീണത്. ചിതറിവീണ തീന്‍മേശകളും കഴിക്കാനെടുത്തുവച്ച ആഹാരസാധനങ്ങള്‍ക്കും ഇടയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത് മണിക്കൂറുകള്‍ നീണ്ട അഗ്നിരക്ഷാദൗത്യത്തിന് ഒടുവിലാണ്.
എത്രപേര്‍ അവിടെയുണ്ടായിരുന്നു എന്നതിനോ. ആരെയൊക്ക ഇനിയും കാണാനുണ്ട് എന്നതിനോ കൃത്യമായ കണക്കുകളില്ല.. നാല് വിദ്യാര്‍ഥികളടക്കം അഞ്ചുപേരുടെ മരണം ഈ രണ്ട് കെട്ടിടങ്ങിളിലുമായി ഇന്നലെത്തന്നെ സ്ഥിരീകരിച്ചു. ഈ കണക്ക് അപൂര്‍മാണെന്ന വിശദീകരണത്തിലുണ്ട് വ്യോമദുരന്തം ഇനിയും ബാക്കിവച്ചിരിക്കുന്ന ആഘാതത്തിന്റെ സൂചനകള്‍. ലഭിക്കുന്ന കണക്കുപ്രകാരം വിമാനദുരന്തത്തിന്റെ ഇരകളായ നാട്ടുകാര്‍ 19 പേരാണ്. അവശിഷ്ടങ്ങള്‍ തെറിച്ചുവീണുണ്ടായ പലതരം അപകടങ്ങളില്‍ മരിച്ചവര്‍. ഒരു ജനവാസമേഖലയിലേക്ക് തീഗോളമായി നിലംപൊത്തിയ വിമാനം അങ്ങനെ തീരാനോവിന്റെ പരമ്പരതന്നെ തീര്‍ത്തു.
ഇതിലും ഭീകരവും ഭയാനകവുമായിരുന്നു പൊട്ടിത്തകര്‍ന്ന വിമാനം ബാക്കിവച്ച ദുരന്ത ശേഷിപ്പുകള്‍.. വിമാനത്തിലെ 230 യാത്രക്കാരില്‍ 169 പേരും ഇന്ത്യക്കാര്‍ എന്നത് തന്നെ നാടിന്റെ ഉള്ളുനോവിക്കുന്നു.. 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍. രണ്ട് കൈക്കുഞ്ഞുങ്ങളക്കം 11 കുട്ടികള്‍. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി, പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത നായര്‍ എന്നിങ്ങനെ നമ്മള്‍ നേരിട്ടറിയുന്ന ചിലര്‍.. ഒപ്പം അറിയാത്ത 241 പേര്‍.. അവരില്‍ പലരെയും നമ്മള്‍ ഇന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞു. ഉറ്റവരുടെ വേദനയുടെ ആഴം അനുഭവിച്ചറിഞ്ഞു. അവര്‍ ആരെല്ലാമെന്നതിനപ്പുറം അവരില്‍ ചിലര്‍ എത്ര ആഹ്ളാദത്തോടെയാണ് ആ യാത്രയ്ക്ക് ഒരുങ്ങിയതെന്നറിഞ്ഞപ്പോഴുള്ള നോവ് തൊട്ടറിഞ്ഞു.. ഒരര്‍ഥത്തില്‍ എല്ലാവീടുകളും, എല്ലാ മനുഷ്യരും ഈ മഹാദുരന്തത്തിന്റെ നീറ്റലിലായിരുന്നു..
ദുരന്തമുഖത്തുനിന്ന് രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്ത കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളുമായി ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചില്ലെങ്കിലും ജീവന്റെ ഒരു തുടിപ്പ് ശേഷിക്കുന്നുവോ എന്ന ആകാംക്ഷയിലായിരുന്നു ആരോഗ്യസംവിധാനങ്ങള്‍. ഒടുവില്‍ എയര്‍ ഇന്ത്യ നല്‍കിയ യാത്രക്കാരുടെയും ജീവനക്കാരുടെയും പട്ടികതന്നെ മരണക്കണക്കായി പരിണമിച്ചു. ഒരാളൊഴികെ. വിശ്വാസ്കുമാര്‍