കേരളത്തിന്‍റെ ദീര്‍ഘകാലമായുള്ള ആവശ്യം. ഒരര്‍ഥത്തില്‍ ഒരുപതിനഞ്ചുവര്‍ഷം മുമ്പ് പണിതീര്‍ന്ന് നടപ്പിലാകേണ്ട ഒരു പദ്ധതി. ദേശീയ പാത 66ന് ഈ നാടും നാട്ടുകാരും വഴിയൊരുക്കി കൊടുത്തത് ഭാവി മുന്നില്‍ കണ്ടുകൊണ്ട് തന്നെയായിരുന്നു. ജനസാന്ദ്രതകൊണ്ടും സവിശേഷമായ പരിസ്ഥിതികൊണ്ടും ഒരു റോഡ് നിര്‍മാണം കേരളത്തില്‍ അത്ര എളുപ്പമുള്ള ഒന്നല്ല.
അതുകൊണ്ടാണ് മറ്റ് പലയിടങ്ങളിലും അറുപതും അറുപത്തഞ്ചും മീറ്റര്‍ വീതിയില്‍ ദേശീയ പാത നിര്‍മിക്കപ്പെടുമ്പോള്‍ കേരളത്തിലത് 45 മീറ്ററില്‍ മീഡിയന്‍ വരെ ഒഴിവാക്കി ആറുവരി പാത പണിയുന്നത്. ഒരു കാലത്ത് ദേശീയപാത കേരളത്തില്‍ 35 മീറ്റര്‍ വീതിയിലേ നിര്‍മിക്കാന്‍ സാധിക്കുകയുള്ളു എന്ന് നിലപാടെടുത്തിട്ടുണ്ട് ഇന്നത്തെ ഭരണപ്പാര്‍ട്ടി. അത് പ്രായോഗികമായി സാധ്യവുമായിരുന്നില്ല. അങ്ങനെ സ്ഥലമേറ്റെടുപ്പും പ്രതിഷേധവുമായി മുടങ്ങിപ്പോയ പദ്ധതി ഒടുവില്‍ 45 മീറ്ററില്‍ പദ്ധതി ഉറപ്പിക്കുകയായിരുന്നു.
കേരളത്തിലെ സവിശേഷമായ ഭൂവിനിയോഗം കാരണം പദ്ധതിച്ചെലവിന്‍റെ വലിയഭാഗം സ്ഥലമേറ്റെടുപ്പിന് വേണ്ടിവരുമെന്ന് കാരണത്താല്‍ ദേശീയപാത അതോറിറ്റി പ്രതിരോധനിലപാട് സ്വീകരിച്ചു. ഒടുവില്‍ സ്ഥലമേറ്റെടുപ്പിന്‍റെ നിശ്ചിത ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന ഉറപ്പിലാണ് ദേശീയപാത എന്‍എച്ച് 66ന്‍റെ വികസനത്തിന് പച്ചക്കൊടി കാട്ടിയതും പണി തുടങ്ങിയതും.
ആയിരക്കണക്കിന് വീടുകള്‍, കടമുറികള്‍ ഇതൊക്കെ പൊളിച്ചുമാറ്റിയാണ് ഈ പാതയ്ക്കായി 45 മീറ്റര്‍ വീതി തരപ്പെടുത്തിയത്. നഷ്ടപരിഹാരം ന്യായമായ് ലഭിച്ചതിന്‍റെ പുറത്തും ഈ പദ്ധതി യാഥാര്‍ഥ്യമാവട്ടെ എന്നും കരുതി ജനങ്ങള്‍ കൂടെ നിന്നും. വലിയ പ്രതിഷേധങ്ങളുണ്ടായില്ല. അവിടെയാണ് ഒരു വേനല്‍മഴയില്‍ ദേശീയപാത വിണ്ടുകീറിയതും മണ്ണിടിഞ്ഞ് തകര്‍ന്ന് വീണതും.