പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്, നിരപരാധികളായ 26 പേരുടെ ജീവനെടുത്തതിന്... പാക്കിസ്ഥാന് തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. രണ്ട് തരത്തിലാണ് പാക്കിസ്ഥാനെതിരെ നടപടികള്‍ സാധ്യമാവുക. നയതന്ത്രതലത്തിലും സൈനിക തലത്തിലും. നയതന്ത്രതലത്തില്‍ ഡബിള്‍ സര്‍ജിക്കല്‍ സ്ട്രൈക്കാണ് ഇന്ത്യ നടത്തിയത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചും അതിര്‍ത്തി അടച്ചും പാക് പൗരന്‍മാരോട് 48 മണിക്കൂറിനകം രാജ്യംവിടാന്‍ നിര്‍ദേശിച്ചതുമടക്കം അഞ്ച് സുപ്രധാന നടപടികള്‍. ആദ്യ പ്രഹരം തന്നെ നിലവില്‍ പാക്കിസ്ഥാന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറം ആണ്. ഇനി സൈനിക നടപടിയാണ്. അത് ഉണ്ടാകും
എന്ന് സൂചന നല്‍കി ഇന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഏത് മാര്‍ഗം വേണമെങ്കിലും സ്വീകരിക്കുമെന്നും തക്ക ശിക്ഷ നല്‍കിയിരിക്കുമെന്നും നരേന്ദ്രമോദിയുടെ താക്കീത്. കാരണം നമുക്ക്, നമ്മുടെ രാജ്യത്തിന് ഒരു തരത്തിലും സഹിക്കാനും പൊറുക്കാനും കഴിയുന്നതല്ല പെഹല്‍ഗാമില്‍ സംഭവിച്ചത്. നാവികസേനയുടെ പടക്കപ്പലില്‍ ഇന്ത്യയുടെ ആയുധ പരീക്ഷണം മോദിയുടെ താക്കീതിന് തൊട്ടുപിന്നാലെ, അല്‍പസമയം മുന്‍പ്. രണ്ട് ദിവസത്തിനകം മിസൈല്‍ പരീക്ഷണമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ ഒന്നിനും മടിക്കില്ലെന്നും വൈകിക്കില്ലെന്നും പാക്കിസ്ഥാനുള്ള ഇന്ത്യയുടെ മുന്നറിയിപ്പ്. മുന്‍പ് ഉറിയിലും പുല്‍വാമയിലും നല്‍കിയ തിരിച്ചടിയും പാക്കിസ്ഥാന് മുന്നിലുണ്ട്, എന്നിട്ടും ഒന്നും മനസിലാക്കാനോ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാനോ അവര്‍ തയാറല്ലെന്ന് വ്യക്തമാക്കുന്നതാണ് പഹല്‍ഗാമിലെ ഭീകരാക്രമണം. ഇപ്പോള്‍ ഇന്ത്യ നല്‍കുന്ന തിരിച്ചടിയില്‍ ഇനിയെങ്കിലും പാക്കിസ്ഥാന്‍ പഠിക്കുമോ എന്നതാണ് ചോദ്യം. നിങ്ങള്‍ പറയൂ ഇന്ന് സംസാരിക്കുന്നതും ഇതാണ്.