TOPICS COVERED

പാക്കിസ്ഥാനെ വിറപ്പിച്ചുകൊണ്ട് വീണ്ടുമൊരു ഭീകരാക്രമണം. നൂറുകണക്കിന് യാത്രക്കാരുമായി പോവുകയായിരുന്ന പാക്ക് റെയില്‍വേയുടെ ജാഫര്‍ എക്സ്പ്രസ് ബലൂചിസ്ഥാന്‍ വിഘടനവാദികളായ ബലൂച് ലിബറേഷന്‍ ആര്‍മി തട്ടിയെടുത്തു. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് സായുധസംഘം റാഞ്ചിയത്. ജാഫര്‍ എക്സ്പ്രസിനു നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി, അല്ലെങ്കില്‍ ബിഎല്‍എ ഏറ്റെടുക്കുകയായിരുന്നു. 

സ്വതന്ത്ര ബലൂചിസ്ഥാനായി പ്രവര്‍ത്തിക്കുന്ന തീവ്ര സാധുയസംഘങ്ങളില്‍ ഒന്നാണ് ബിഎല്‍എ. 180 യാത്രക്കാരെ ബന്ദികളാക്കിയെന്നാണ് ബിഎല്‍എയുടെ ആദ്യ ആവകാശവാദം. പാക്ക് സൈനികരെ വധിച്ചുവെന്നും ബിഎല്‍എ പറഞ്ഞു. ലോക്കോ പൈലറ്റ് ഉള്‍പ്പടെയുള്ള ചിലര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, ബലൂച്ച് നിവാസികള്‍ എന്നിവരെ വിട്ടയച്ചെന്നും ബിഎല്‍എ.