പാതിവിലത്തട്ടിപ്പു കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ച് എറണാകുളം സെന്‍ട്രല്‍ യൂണിറ്റ് എസ്.പി, എം.കെ. സോജന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം തട്ടിപ്പില്‍ റിട്ട.ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായർക്കെതിരെ രണ്ട് കേസുകള്‍ കൂടി റജിസ്റ്റർ ചെയ്തു. മുന്‍കൂര്‍ ജാമ്യം തേടി ആനന്ദകുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
പാതിവില തട്ടിപ്പില്‍ കേരളത്തിലെമ്പാടും പരാതികളെത്തിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ തീരുമാനിച്ചത്. എസ്.പി., എം.കെ.സോജന്‍ നയിക്കുന്ന സംഘത്തില്‍ ഡിവൈഎസ്പിമാരും സിഐമാരുമായി 81 പേര്‍ അന്വേഷണ സംഘത്തിലുണ്ട്. ക്രൈബ്രാഞ്ച് എഡിജിപി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. ആദ്യഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. എറണാകുളത്തും ഇടക്കിയിലുമാണ് ഏറ്റവും കൂടുതല്‍ ആദ്യ ഘട്ടത്തില്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. ഇരു ജില്ലകളിലും ആദ്യഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്ത 11 കേസുകള്‍ അടക്കമുള്ള 34 കേസുകളാണ് കൈമാറുന്നത് .റിട്ട.ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ബാലുശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. കാന്തപുരം മുദ്രാചാരിറ്റബിള്‍ ഫൌണ്ടേഷന്‍ എന്ന സംഘടനയിലെ ഉപഭോക്താകള്‍ക്ക് പാതിവിലക്ക് സാധനങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് ഒരുകോടിയിലധികം രൂപ കൈപ്പറ്റി എന്നാണ് പരാതി. നാഷണല്‍ എന്‍.ജി.ഒ കോൺഫണ്ടറേഷന്‍ ഭാരവാഹികളായ അനന്തു കൃഷ്ണന്‍, സായിഗ്രാം ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ എന്നിവരും കേസിലെ പ്രതികളാണ്. ഇന്നലെയും മൂവര്‍ക്കുമെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.