പാതിവില തട്ടിപ്പിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസിന് എതിരെ ഗുരുതര ആരോപണവുമായി പാലക്കാട് ചിറ്റൂരിലെ വീട്ടമ്മമാർ. സീഡ് സൊസൈറ്റിയുടെ ചിറ്റൂർ കോഡിനേറ്ററും ജനതാദൾ പഞ്ചായത്ത് അംഗവുമായ പ്രീതി രാജനാണ് സർക്കാർ പദ്ധതി ആണെന്ന് പറഞ്ഞ് വീട്ടമ്മമാരിൽ നിന്ന് 60,000 രൂപ കൈപ്പറ്റിയത്. പണം നൽകിയപ്പോൾ മന്ത്രിയുടെ ഓഫീസിൽ പിഎയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മന്ത്രിയുടെ ഓഫീസിൽ നിന്ന് സർക്കാർ പദ്ധതിയാണെന്ന് അറിയിച്ചതോടെ സംശയം ഒന്നും തോന്നിയില്ലെന്നും തട്ടിപ്പിൽ വീണ് പോയെന്നും വീട്ടമ്മമാർ പറയുന്നു.
െഎന്നാൽ ആരോപണം മന്ത്രി പൂർണമായി നിഷേധിച്ചു. പാതിവില എന്ന് കേട്ടാൽ തന്നെ തട്ടിപ്പാണെന്നറിയില്ലേ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. എന്നാൽ അബദ്ധം പറ്റിയതാണെന്നും താനും കബളിപ്പിക്കപ്പെട്ടുവെന്നും പ്രീതി രാജൻ പ്രതികരിച്ചു. അതിനിടെ പാലക്കാട് മുണ്ടൂരിൽ നാഷണൽ യുവ കോപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് പണം നഷ്ടപ്പെട്ടവരുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. ബിജെപി നേതാക്കളുടെ നിയന്ത്രണത്തിലാണ് സൊസൈറ്റി എന്നാണ് ആരോപണം.