പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയത് എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍റെ ശില്‍പിയും പൂര്‍ണാധികാരിയും സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാറെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. ട്രസ്റ്റിന്‍റെ അഡ്വൈസറി ചെയര്‍മാനായ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ ഇ.ഡിയും അന്വേഷണം ഊര്‍ജിതമാക്കി.
അനന്തു കൃഷ്ണന്‍റെ തലയില്‍ എല്ലാം കെട്ടിവെച്ച് ഒഴിയാനുള്ള ആനന്ദകുമാറിന്‍റെ നീക്കം പൊളിക്കുന്നതാണ് പുറത്തുവന്ന ട്രസ്റ്റ് ഡീഡ്. ട്രസ്റ്റെന്ന നിലയില്‍ രൂപീകരിച്ച എന്‍ജിഒ ഫെഡറേഷന്‍റെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയാണ് കെ.എന്‍. ആനന്ദകുമാറെന്നും ആജീവനാന്ത കാലം ആ പദവിയില്‍ അദ്ദേഹത്തിന് തുടരാമെന്നുമാണ് രേഖയില്‍. തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനടക്കം അഞ്ച് പേരാണ് കോണ്‍ഫെഡറേഷന്‍റെ സ്ഥാപക അംഗങ്ങള്‍.
എന്നാല്‍ സാമ്പത്തിക കാര്യങ്ങളും അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ അധികാരം ആനന്ദകുമാറിനും അനന്തുകൃഷ്ണനും മാത്രം. ആനന്ദകുമാര്‍ കഴിഞ്ഞാല്‍ കോണ്‍ഫെഡറേഷനിലെ ഏറ്റവും പ്രധാനി അഡ്വൈസറി ചെയര്‍മാനായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരാണെന്നും രേഖയില്‍ വ്യക്തമാക്കുന്നു. ആനന്ദകുമാര്‍ സ്ഥാനമൊഴിഞ്ഞാലും അഡ്വൈസറി ചെയര്‍മാനായി രാമചന്ദ്ര നായര്‍ തുടരുമെന്നും രേഖയിലുണ്ട്. ഇങ്ങനെയൊരു സുപ്രധാന പദവിയിലുള്ള ആളെ അന്വേഷണ പരിധിയില്‍ നിന്നൊഴിവാക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തതില്‍ തെറ്റില്ലെന്നും മൊഴികള്‍ ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തെ പ്രതിയാക്കി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാമെന്നുമാണ് നിയമോപദേശം. സാമ്പത്തികയിടപാടുകളില്‍ പങ്കില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയാണെങ്കില്‍ കുറ്റപത്രത്തില്‍ നിന്ന് പേരൊഴിവാക്കും. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസില്‍ ഇഡിയും മൊഴിയെടുത്ത് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ തട്ടിപ്പിനായി അനന്തുകൃഷ്ണന്‍ രൂപം നല്‍കിയ സീഡ് സൊസൈറ്റി പ്രതിനിധികളില്‍ നിന്നാണ് വിവരങ്ങള്‍ തേടുന്നത്. കോണ്‍ഫെഡറേഷന്‍റെ ശില്‍പി കെ.എന്‍. ആനന്ദകുമാര്‍ അടക്കമുള്ളവര്‍ വൈകാതെ ഇഡിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും.