ആയിരക്കണക്കിന് പരാതികളാണ് അനന്തുകൃഷ്ണനെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. ഉന്നതരാഷ്ട്രീയബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പ്രതിയുടേതായി പുറത്തുവന്നിട്ടുമുണ്ട്. തട്ടിയ കോടിക്കണക്കിന് രൂപ എന്തുചെയ്തു ? പണത്തില്‍ ഒരു പങ്ക് ഭൂമി വാങ്ങാന്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. ഇന്ന് അനന്തുവിനെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. അനന്തു കൃഷ്ണന്‍ പൊലീസ് ജീപ്പില്‍ വന്നിറങ്ങിയത് സ്വന്തം പേരിലുള്ള ഭൂമിയിലേക്കാണ്. മലയാളികളെ തട്ടിച്ചുംവെട്ടിച്ചും ഉണ്ടാക്കിയ പണംകൊടുത്ത് വാങ്ങിയ ഭൂമി. പാതിവിലയ്ക്ക് മലയാളിയെ മോഹിപ്പിച്ച പ്രതി ഈ മണ്ണ് സ്വന്തമാക്കിയത് പാതിവിലയ്ക്കാണോ എന്നറിയില്ല. ഈ കാണുന്ന ഭൂമിയത്രയും വാങ്ങിക്കൂട്ടിയ പണം ആളുകളെ പറ്റിച്ചുണ്ടാക്കിയതാണെന്നതിന് മാത്രമേ തല്‍ക്കാലം തെളിവുള്ളൂ. കൂടുതല്‍ തെളിവെടുക്കുന്നതേയുള്ളൂ പൊലീസ്. പാതിവിലയ്ക്ക് സ്കൂട്ടര്‍, ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍ എന്നൊക്കെ കേട്ടപ്പോള്‍ വീണുപോയവരുടെ എണ്ണം ചെറുതല്ല.
ഭൂമിമലയാളത്തിലെ സകലരും പരാതിയുമായി വന്നാലും അത്ഭുതപ്പെടാനില്ല. കാരണം അത്ര വിശ്വാസത്യയോടെ നല്ല നീറ്റായിട്ടായിരുന്നു അനന്തുകൃഷ്ണന്‍റെ പരിപാടികള്‍. അതിന് കൂട്ടായിനിന്ന പല പേരുകളും പൊലീസിനുമുന്നിലുണ്ട്. അവരുടെ പാതിവിലകളികളും മുഴുവനായി പുറത്തുവരുന്നതോടെ തട്ടിപ്പിന്റെ ആഴം കൂടുതല്‍ വ്യക്തമാകും. പാതിവില തട്ടിപ്പില്‍ ഹാവലയും കള്ളപ്പണമിടപാടുകളും സംശയിക്കുന്നുണ്ട് പൊലീസ്. അതായത് കളികള്‍ സ്കൂട്ടറിലും ലാപ്ടോപ്പിലും മാത്രമല്ലെന്ന് ചുരുക്കം. പാതിവില തട്ടിപ്പില്‍ ഹവാല ഇടപാട് നടന്നുവെന്ന സംശയത്തിലാണ് പൊലിസുള്ളത്. അഞ്ഞൂറ് കൊടിയിലേറെ രൂപ എത്തിയ അനന്തുകൃഷ്ണന്‍റെ അക്കൗണ്ടില്‍ മിച്ചമുള്ളത് അഞ്ച് കോടിയില്‍ താഴെ മാത്രം. ഓരോ സ്കൂട്ടറിനും കമ്മിഷന്‍ വാങ്ങിയ അനന്തുകൃഷ്ണന്‍ ഇരുചക്ര വാഹന ഡീലര്‍മാര്‍ക്ക് നല്‍കാനുള്ളത് നാല്‍പത് കോടിയിലേറെ രൂപയാണ്. എന്താണ് സംഭവിച്ചത് ?
സമീപകാലത്ത് സംസ്ഥാനത്തുനിന്ന് ഹൈറിച്ച് ഉള്‍പ്പെടെ തട്ടിയത് കോടികളാണ്. അതിനുപിന്നാലെയാണ് പാതിവില തട്ടിപ്പ് പുറത്തുവരുന്നത്. സാധാരണക്കാര്‍ മാത്രമല്ല, സമൂഹത്തിലെ ഉന്നതരും തട്ടിപ്പിനിരയായി. പുതിയ വാഗ്ദാനങ്ങളുമായി ഇനിയും വരും തട്ടിപ്പുസംഘങ്ങള്‍. അതില്‍ വീഴാതിരിക്കാന്‍ ജാഗ്രതയല്ലാതെ മറ്റ് മാര്‍ഗമെന്ത് ?