TAGS

കേരളം കണ്ണുചിമ്മാതെ മലമ്പുഴയിലെ മലയിടുക്കിലേക്ക് രണ്ടുദിനം നോക്കിയിരുന്നു. ഒടുവില്‍ എല്ലാവരും ഒരുപോലെ ആഗ്രഹിച്ച ആ നിമിഷം. മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനരുകില്‍ കരസനയെത്തി. പിന്നെ ഒപ്പം ചേര്‍ത്ത് ജീവിതത്തിലേക്ക് ലാന്‍ഡ് ചെയ്യിച്ചു. ഉദ്വേഗവും ആകാംഷയും നിറഞ്ഞ മണിക്കൂറുകളുടെ കഥ. ദുഷ്കരമായ ദൗത്യത്തിന്‍റെ വിജയകഥ. വിഡിയോ കാണാം: 

 

മലമ്പുഴ എലിച്ചിരം കുമ്പാച്ചിമലക്ക് ആയിരം മീറ്റര്‍ ഉയരമുണ്ട്. ചെങ്കുത്തായ ഈ മലനിരയിലൂടെ നടക്കാന്‍ കഴിയില്ല. മലക്കുതാഴെ ജനവാസമുണ്ട്. അവിടേക്ക് കാട്ടാനയിറങ്ങാതിരിക്കാന്‍ വനംവകുപ്പ് സൗരോര്‍ജവേലി സ്ഥാപിച്ചിട്ടുണ്ട്. ചെറാട് വനദുര്‍ഗ ക്ഷേത്രം കഴിഞ്ഞാല്‍ പിന്നെ മുന്നിലുള്ളത് കുമ്പാച്ചിമലയാണ്.  ക്ഷേത്ര ആചാരത്തിന്‍റെ ഭാഗമായി വാമലകയറ്റം നടക്കുന്നതൊഴിച്ചാല്‍ കുമ്പാച്ചിമല ഒറ്റപ്പെട്ട ഒരു പ്രദേശമാണ്. മലമ്പുഴ തടാകത്തിനടുത്താണ് കുമ്പാച്ചിമല. 

 

തിങ്കളാഴ്ച രാവിലെയാണ് മലമ്പുഴ ചെറാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ ബാബുവും രണ്ട് സുഹൃത്തുക്കളും കുമ്പാച്ചി മല കയറിയത്. സുഹൃത്തുക്കള്‍ പാതിവഴിയില്‍ യാത്ര നിര്‍ത്തി വിശ്രമിച്ചു. എന്നാല്‍ നടന്നുകയറാന്‍ വളരെപാടുള്ള പാറക്കെട്ടിനു കൂടുതല്‍ മുകളിലേക്ക് ബാബു കയറി. ചെങ്കുത്തായ കൊക്കയാണ് മറുവശത്ത്. കരടിയും ആനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം. മലയുടെ ഏതാണ്ട് മുകളിലെത്തിയ ബാബു ഉച്ചയോടെ  തിരിച്ചിറങ്ങി. അപ്പോഴാണ് കാല്‍വഴുതിയതും ചെങ്കുത്തായ മലയടിവാരത്തിലേക്ക് തെന്നിവീണതും. പാറക്കിടയിലെ ചെറിയ വിടവില്‍ ഒരല്‍പ്പം ഇട ബാബുവിന് കിട്ടി. എന്നാല്‍ വീഴ്ചയില്‍ കാലിന് പരുക്കേറ്റിരുന്നു.