ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാട് മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അഞ്ച് സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി. ഷോളയാര്‍ അണക്കെട്ടിന്‍റെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് കക്കയം അണക്കെട്ടിന്‍റെ ഷട്ടര്‍ അര അടി ഉയര്‍ത്തി. മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ള കയറി. 

മലമ്പുഴ അണക്കെട്ടിന്‍റെ സംഭരണ ശേഷി 111.15 മീറ്റര്‍ എത്തിയതോടെയാണ് നാല് ഷട്ടറുകളും അഞ്ച് സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലമ്പുഴയില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെ 346.1 മില്ലീമീറ്റര്‍ മഴ പെയ്തുവെന്നാണ് ജലസേചന വകുപ്പിന്‍റെ കണക്ക്.  ജലനിരപ്പ് 165 അടിയില്‍ എത്തിയതോടെ അപ്പര്‍ ഷോളയാര്‍ അണക്കെട്ടും തുറന്നു. രണ്ടായിരം ഘനയടി വെള്ളമാണ് കേരളത്തിലേക്ക് ഒഴുക്കി വിടുന്നത്.

പുതുശേരി കാളാണ്ടിത്തറയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു വീണു. വീട്ടില്‍ ഒറ്റക്കു താമസിച്ചിരുന്ന വയോധിക കല്യാണി മകളുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു അപകടം. ​ കോഴിക്കോട് മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു. കക്കയം അണക്കെട്ടിന്‍റെ ഷട്ടറുകള്‍ അര അടി വീതം ഉയര്‍ത്തിയിട്ടുണ്ട്. കുറ്റ്യാടിപുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇരവഞ്ഞി, ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. ഇവിടെ താമസിച്ചിരുന്ന ആറ് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി. കണ്ണൂര്‍ പാറപ്പള്ളി കടലില്‍ കാണാതായ കായലാട് സ്വദേശി ഫര്‍ഹാന്‍ റൗഫിന്‍റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകീട്ടാണ് ഫര്‍ഹാനെ കാണാതായത്.

ENGLISH SUMMARY:

With water levels rising due to continuous heavy rainfall, shutters of the Malampuzha, Sholayar, and Kakkayam dams in Kerala have been partially opened. Four shutters of the Malampuzha dam were raised by 5 cm each after reaching a storage level of 111.15 meters. Authorities have issued warnings to residents along the Kalpathi and Bharathapuzha rivers. In Kozhikode’s hilly areas, flooding has affected low-lying homes, and families have been relocated. Meanwhile, the body of a missing youth from Kannur was recovered from the sea.