കിട്ടേണ്ടത് കിട്ടുമെങ്കില്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരില്ല; കരുത്ത് സിപിഎമ്മിനറിയാം

പാലാ സീറ്റിൻ്റെ കാര്യത്തിലടക്കംഎൽഡിഎഫിൽ കേരള കോൺഗ്രസിന് അർഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പാണെന്ന് ജോസ് കെ.മാണി.  കിട്ടേണ്ടത് കിട്ടുമെങ്കിൽ വിട്ടുവീഴ്ചകൾ വേണ്ടിവരില്ലെന്നും മനോരമ ന്യൂസ് ന്യൂസ് മേക്കർ സംവാദത്തിൽ ജോസ്‌ കെ.മാണി പറഞ്ഞു. കേരള കോൺഗ്രസിൻ്റെ കരുത്തും ജനപിന്തുണയും എന്തെന്ന് സി.പി.എമ്മിന് നന്നായറിയാം. അവർക്ക് അതു പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. പാലാ സീറ്റിൻ്റെ പേരിൽ ആരും മുന്നണി വിടരുതെന്നാണ് ആഗ്രഹമെന്ന് എൻ.സി.പിയിലെ പ്രശ്നങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

രാജ്യസഭാ സീറ്റിൻ്റെ കാര്യത്തിൽ ഉറപ്പു കിട്ടിയില്ലേ എന്ന ചോദ്യത്തിന് അതൊക്കെ വരാനിരിക്കുന്ന കാര്യങ്ങൾ എന്ന് പ്രതികരണം. പാലായിൽ ജോസ് മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തെടുക്കേണ്ട തീരുമാനമെന്ന് മറുപടി.മുന്നാക്ക സംവരണത്തിൻ്റെ കാര്യത്തിൽ സാമൂഹിക നീതി ഉറപ്പാക്കുകയാണ് സർക്കാർ ചെയ്തത്. അത് ഏതെങ്കിലും സമുദായത്തിനെതിരല്ലെന്ന് ജോസ് കെ.മാണി പറഞ്ഞു.

വ്യക്തിപരമായ ചോദ്യങ്ങളോടും ജോസ് കെ.മാണി മനസ്സു തുറന്നു. കെ.എം.മാണിയുമായി തന്നെ പലരും താരതമ്യം ചെയ്യാറുണ്ട്. അദ്ദേഹത്തെ പോലെയാകാൻ തനിക്കാവില്ല.. എന്നാൽ കുറെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിച്ചിട്ടുണ്ട്. പിതാവിൻ്റെ അസാന്നിധ്യം ചില നേരങ്ങളിൽ വലിയ ശൂന്യതയുണ്ടാക്കുന്നുവെന്നും ജോസ് പറഞ്ഞു.ജോസ് കെ.മാണിയുമായുള്ള സംവാദത്തിൽ കോൺഗ്രസ് നേതാവ് കെ.വി.തോമസ്, തോമസ് ചാഴികാടൻ എം.പി, സി.പി.എം നേതാവ് എ.സമ്പത്ത്, മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് എന്നിവരും പങ്കെടുത്തു.