ജോസ് കെ.മാണി രാജ്യസഭയിലേക്ക്; എല്‍ഡിഎഫിന്‍റെ ഒരു വോട്ട് അസാധു

ജോസ് കെ.മാണി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിലേക്ക് പോയാലും ആദ്യപരിഗണന പാലയ്ക്കു തന്നെയാവുമെന്ന് ജോസ് കെ.മാണി പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് കെ.മാണിക്ക് 96 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു. എല്‍.ഡി.എഫിന്‍റെ ഒരുവോട്ട് അസാധുവായി. യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് കളം മാറിയപ്പോള്‍ വെച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് എല്‍ഡിഎഫിന്‍റെ പിന്‍ബലത്തോടെ ജോസ് കെ. മാണിതന്നെ വീണ്ടും ജയിച്ചുകയറി. 2024 വരെ രാജ്യസഭാംഗമായി തുടരാനാകും. രാജ്യസഭയില്‍കേരളത്തിന്‍റെ ശബ്ദമാകുമെന്നും എന്നാലും പാലാ തന്നെയാവും ആദ്യ പരിഗണനയെന്നും ജോസ്. കെ.മാണി പറഞ്ഞു.

140 എം.എല്‍ എമാരില്‍ 137 പേര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍വോട്ടു ചെയ്തു. ടി. പി.രാമകൃഷ്ണന്‍, പി.മമ്മിക്കുട്ടി, പി.ടി.തോമസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാൽ വോട്ടുചെയ്തില്ല. 97 എല്‍ ഡിഎഫ് വോട്ടുകളില്‍ ഒന്ന് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് രേഖപ്പെടുത്തുന്നതിന് പകരം നക്ഷത്രചിഹ്നം വരച്ചതാണ് കാരണം. എല്‍ഡിഎഫ് കൗണ്ടിങ് ഏജന്‍റുമാരായ കടകംപള്ളി സുരേന്ദ്രനും എം.രാജഗോപാലനും തര്‍ക്കിച്ചെങ്കിലും യുഡിഎഫ് പ്രതിനിധികളായ എന്‍.ഷംസുദീനും ഡോ.മാത്യു കുഴല്‍നാടനും വോട്ട് അസാധുവാക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു.

പോള്‍ചെയ്ത 40 യുഡിഎഫ് വോട്ടും ഡോ.ശൂരനാട് രാജശേഖരന് ലഭിച്ചു. ഉച്ചക്ക് മുന്‍പുതന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ 75 ശതമാനം വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തി. കോവിഡ് ബാധിതനായ മാണി സി കാപ്പൻ പിപിഇ കിറ്റ് ധരിച്ച് ഏറ്റവും ഒടുവിലായി വോട്ടു ചെയ്യാനെത്തിയത്.