16 സീറ്റുകള്‍; നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ്, ബിജെപി; അപ്രവചനീയം; ആകാംക്ഷ

രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായക രാജ്യസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 57 സീറ്റുകളിലാണ് ഒഴിവുള്ളതെങ്കിലും നാലു സംസ്ഥാനങ്ങളിലെ നാലു സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടക്കുന്നത്. കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എയുടെ വോട്ട് അസാധുവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഹരിയാനയില്‍ വിമതനേതാവ് കുല്‍ദീപ് ബിഷ്ണോയ് വോട്ടെടുപ്പിന് എത്താത്തത് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്കയാകുന്നു. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഇരുവിഭാഗവും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. 

രാജ്യസഭയിലേയ്ക്കുള്ള 57 ഒഴിവുകളില്‍ 41 സീറ്റുകളിലേയ്ക്ക് വിവിധ കക്ഷി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ തന്നെ രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഒാരോ സീറ്റുകളില്‍ വീതമാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ചാക്കിട്ടുപിടുത്തം ഭയന്ന് റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റിയിരുന്ന എംഎല്‍എമാരെ രാവിലെ വോട്ടെടുപ്പിന് എത്തിച്ചു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും ഹരിയാനയില്‍ ഭുപിന്ദര്‍ സിങ് ഹൂഡയും കര്‍ണാടകയില്‍ സിദ്ധരാമയ്യയും നേരിട്ട് കൂറുമാറ്റംതടയാന്‍ നേതൃത്വം നല്‍കുന്നു. മഹാരാഷ്ട്രയില്‍ 6 സീറ്റുകളില്‍ 3ല്‍ മഹാവികാസ് അഗാഡിക്കും 2ല്‍ ബിജെപിക്കും ജയിക്കാം. ബിജെപിയുടെ ധനഞ്ജയ് മഹാധിക്കും ശിവസേനയുടെ സഞ്ജയ് പവാറും തമ്മിലാണ് അപ്രവചനീയ മല്‍സരം. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അസദുദീന്‍ ഉവൈസിയുടെ എെഎഎംെഎഎം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ എല്ലാ എംഎല്‍എമാരും വോട്ടുചെയ്തില്ലെങ്കില്‍ അജയ് മാക്കന്‍ പരാജയപ്പെടാം. മാധ്യമരംഗത്തുനിന്നുള്ള കാര്‍ത്തികേയ ശര്‍മയെ ബിജെപി സ്വതന്ത്രസ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാനാണ്. 

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ പ്രമോദ് തിവാരിയും ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയും തമ്മിലാണ് ഭാഗ്യപരീക്ഷണം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് ഭിന്നത മുതലെടുത്ത് വിജയിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ വോട്ടുരേഖപ്പെടുത്തിയ ശേഷം കോണ്‍ഗ്രസ് നേതാക്കളെ ബാലറ്റ് പേപ്പര്‍ കാണിച്ചതിനാല്‍ വോട്ട് അസാധുവാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.