ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കണം; സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് യുഡിഎഫ്

നിയമസഭയിലെ കയ്യാങ്കളി യുഡിഎഫിന് എതിരായ സമരത്തിന്റെ ഭാഗമാണെന്ന് വരുത്തിതീർക്കാനുള്ള സിപിഎം ശ്രമം പൊളിക്കാൻ യുഡിഎഫ്. നിയമസഭയിൽ നടന്നത് കെ.എം.മാണിയെ മാത്രം ലക്ഷ്യം വച്ചുള്ള സമരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടപ്പോൾ അന്ന് മാണിയെ മർദ്ദിക്കാനായിരുന്നു സിപിഎം പദ്ധതിയെന്ന് കെ.മുരളീധരൻ ആരോപിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

2016 ൽ ഭരണം നഷ്ടമാകാൻ കാരണമായ ബാർകോഴ വിഷയത്തിലെ സിപിഎം ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരികയും പ്രതിരോധത്തിലായ കേരളാ കോൺഗ്രസ് എമ്മിൽ വിള്ളൽ വരുത്തുകയുമാണ് യുഡിഎഫ് ലക്ഷ്യം. നിയമസഭയിൽ നടന്നത് യുഡിഎഫിനെതിരായ പ്രതിഷേധമാണെന്ന എ.വിജയരാഘവന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് പൂർണമായി തള്ളി. 

ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ ഈ അപമാനം സഹിച്ച് ഇടതുമുന്നണിയിൽ തുടരുന്ന കാര്യം ജോസ്  ആലോചിക്കണമെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാർ നാണം കെട്ട സമീപനമാണ് സ്വീകരിച്ചതെന്ന് കുറ്റപ്പെടുത്തിയ കെ.മുരളീധരൻ, ഇടതുപക്ഷത്തിനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചു. മന:സാക്ഷി ഉണ്ടെങ്കിൽ എങ്ങനെ ജോസ് കെ.മാണി എങ്ങനെ എൽഡിഎഫിൽ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.