ഇഷ്ടം വലിയ സിനിമകള്‍; ഇനി സന്തോഷം പകരുന്ന സിനിമകൾ നിര്‍മ്മിക്കണം

ആളുകൾക്ക് കൂടുതൽ സന്തോഷം പകരുന്ന സിനിമകൾ ഇനി നിർമിക്കണമെന്നാണ് ആഗ്രഹമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. കോവിഡ് മഹാമാരിയിൽ മനുഷ്യർ ഏറെ സംഘർഷം അനുഭവിച്ചു . ആ അനുഭവം എന്നെയും സ്വാധീനിച്ചിട്ടുണ്ട്. പുതിയ സിനിമയായ ചുരുളിക്കു മുൻപും ശേഷവും എന്ന നിലയിൽ തൻ്റെ ജീവിതവും സിനിമയും മാറിയേക്കാമെന്ന് ലിജോ പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ്മേക്കർ സംവാദത്തിലാണ് ലിജോ മനസ്സുതുറന്നത്.

സിനിമ ഏതു പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ സിനിമ നൽകുന്ന അനുഭവത്തെ ആശ്രയിച്ചാണെന്ന് ലിജോ പറഞ്ഞു.. വലിയ ദൃശ്യാനുഭവം നൽകുന്ന സിനിമകൾക്ക് തീയറ്റർ തന്നെ വേണം. ഒരു മുറിയിലിരുന്ന് കാണാവുന്ന സിനിമകൾക്ക് ഓടിടി പ്ലാറ്റ്ഫോം അനുയോജ്യമാകും. വ്യക്തിപരമായി വലിയ സിനിമകൾ നിർമിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഓടിടിക്കായി സിനിമ നിർമിക്കില്ല എന്ന് അതിനർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കഥാകൃത്തും ജല്ലിക്കട്ട്, ചുരുളി സിനിമകളുടെ തിരക്കഥാകൃത്തുമായ എസ്.ഹരീഷ്, സംവിധായകൻ ആഷിഖ് അബു, കഥാകൃത്ത് കെ. രേഖ എന്നിവരും സംവാദത്തിൽ പങ്കെടുത്തു.