രാജ്കുമാർ നേരിട്ടത് ക്രൂര പീഡനം; ആ ശരീരത്തിൽ പൊലീസുകാർ അഴിഞ്ഞാടി

കുറച്ചധികം പിന്നോട്ട് പോകണം രാജ്കുമാറെന്ന വ്യക്തിയെ അറിയാന്‍.ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം. അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് കാലില്‍ സ്റ്റീല്‍ ഘടിപ്പിച്ച് യാത്രപോലും ദുഷ്കരമായ വ്യക്തി. വാഗമണ്‍ കോലാഹലമേട് സ്വദേശിയാണെങ്കിലും തമിഴ് കലര്‍ന്ന മലയാളം. എന്നിട്ടും രാജ്കുമാര്‍ എങ്ങനെ കോടിക്കണക്കിന് രൂപ ശേഖരിക്കുന്ന ബിസിനസ് ശൃംഖല കെട്ടിപ്പെടുക്കി‌? 

രാജ്കുമാര്‍ നെടുങ്കണ്ടത്തുകാര്‍ക്ക് പരിചയമാകുന്നത് ഏതാനും മാസം മുമ്പേ. തൂക്കുപാലത്തിന് സമീപത്ത് പൊടുന്നനെ ഒരു ഓഫീസ് തുറക്കുന്നു. പ്രദേശത്തെ സ്ത്രീകളെല്ലാം കണ്‍മയക്കുന്ന ആകര്‍ഷക ഒാഫറുകളില്‍ ചിട്ടിസ്ഥാപനത്തില്‍ ജോലിക്ക് കയറുന്നു.ആദ്യം സരിത ഫൈനാന്‍സിയേഴ്സ് പിന്നീട് ഹരിത ഫൈനാന്‍സിയേഴ്സ് ആയി മുഖംമിനുക്കുന്നു.

തൂക്കുപാലത്തെ ഒാഫീസ് തുടങ്ങിയപ്പോള്‍  അവരുടെ ദൈവത്തെ കാലുവന്ദിച്ചും കെട്ടിപ്പിടിച്ചും നന്ദി പ്രകടിപ്പിച്ച സ്ത്രീ ജീവനക്കാര്‍ .പിന്നിലെ വലിയൊരു ചതിയെക്കുറച്ച് അറിയാതെ മാസജോലിയിലേക്ക് ആകൃഷ്ടരായവര്‍. അവിടെ തുടങ്ങുന്നതാണ് രാജ്കുമാറെന്ന വ്യക്തിയുടെ ബിസിനസ് ബന്ധങ്ങള്‍. ഇന്നോവ കാറില്‍ യാത്ര. കൂടെ സദാ ഡ്രൈവറും. ദിവസവും തൂക്കുപാലത്തെ ചെറിയ ഒാഫീസില്‍ ശേഖരിക്കുന്ന പണവുമായി രാജ്കുമാര്‍ കാറില്‍ കുമിളിയിലേക്ക് ..ഒാരോ ദിവസവും രാജ്കുമാറും സംഘവും തീര്‍ത്ത ചതിക്കുഴിയിലേക്ക് പ്രദേശത്തെ പാവപ്പെട്ട സ്ത്രീകള്‍ എത്തിക്കൊണ്ടിരുന്നു..പലരും ജോലിക്കാരായി. കണ്ണിയിലേക്ക് ആളെ ചേര്‍ക്കാനും ആ പാവം സ്ത്രീകളെ ഉപയോഗിച്ചു..

ആ രാജകീയ യാത്രക്ക് പിടിവീണത് വളരെ പെട്ടന്നാണ്. ചതി മനസിലാക്കിയ നിക്ഷേപകര്‍ ഒത്തുകൂടി. പണം മടക്കി നല്‍കാന്‍ രാജ്കുമാറിന് കഴിയാതായതോടെ പൊലീസ് കസ്റ്റഡിയിലേക്ക്.

കുമളിയിലേയും കുട്ടിക്കാനത്തേയും ബാങ്കുകളില്‍ ഇല്ലാത്ത കോടികളുടെ കണക്കുപറഞ്ഞ് രാജ്കുമാര്‍ നിക്ഷേപകരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു..കമ്പനിയുടെ എംഡി ശാലിനിയും മാനേജര്‍ മഞ്ജുവും വിശ്വസനീയമായ പലകഥകളും പറയാന്‍ ശ്രമിച്ചു. 

സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് നാട്ടുകാരില്‍ നിന്ന് രാജ്കുമാറിനെ ഏറ്റുവാങ്ങി.നാട്ടുകാരുടെ സാന്നിധ്യത്തില്‍ ചോദിച്ചിട്ടും രാജികുമാറില്‍ നിന്ന് പണത്തെക്കുറിച്ച് കൃതൃമായ ഒരു വിവരവും പൊലീസിന് ലഭിച്ചില്ല. നെടുങ്കണ്ടം പൊലീസിന് കൈമാറിയിട്ടും നാട്ടുകാര്‍ പുറകേകൂടി. പൊലീസ് സ്റ്റേഷനിലേക്ക് കയറുമ്പോള്‍ വരെ രാജ്കുമാര്‍ ആരോഗ്യവാനായിരുന്നു.. പിന്നീട് രംഗം മാറി. പൊലീസ് തനിനിറം കാട്ടി.

ജീവനറ്റുപോകുംവിധം മര്‍ദനമേറിയപ്പോള്‍ പലസ്ഥലത്തും പണമുണ്ടെന്ന് രാജ്കുമാര്‍ മൊഴി നല്‍കി. പിന്നെ ആ പണം തേടിയായിരുന്നു പൊലീസ് യാത്ര...പൊലീസ് വാഹനത്തില്‍ പൊലീസുകാര്‍ മാറി മാറി രാജ്കുമാറിനെ മര്‍ദിച്ചു....അവശനിലയിലായിട്ടും മര്‍ദനം തുടര്‍ന്നു.പണം ലഭിക്കാതായതോടെ പൊലീസുകാര്‍ നിരാശരായി.പക്ഷേ പലസ്ഥലത്തും കൊണ്ടുപോയി ക്രൂരമുറകള്‍ പൊലീസ് അഴിച്ചുവിട്ടു...

പൊലീസ് സ്റ്റേഷനില്‍ വിശ്രമമുറിയില്‍ എത്തിച്ച് പൊലീസുകാര്‍ കൈക്കരുത്ത് കാട്ടി....വടികൊണ്ടടിച്ചു...വെള്ളംപോലും നല്‍കാതെ മര്‍ദനം അഴിച്ചുവിട്ടതോടെ രാജ്കുമാറിന്‍റെ പകുതി ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ് ബോധ്യപ്പെട്ടതോടെ രാജ്കുമാറിനൊപ്പം അറസ്റ്റുചെയ്ത  മഞ്ജുവും ശാലിനും റിമാന്‍ഡില്‍ പോയി..പക്ഷേ രാജ്കുമാറിന്‍ മുന്‍വൈരാഗ്യം പോലെ പൊലീസ് കസ്റ്റഡിയില്‍ വെച്ചു..അങ്ങനെ വാഗമണ്‍ കോലാഹലമേടിലെ വീട്ടില്‍ തെളിവെടുപ്പ് നടത്താന്‍ പൊലീസ് തീരുമാനിച്ചു... അവശനിലയിലായ രാജ്കുമാറിനേയും കൊണ്ട് പൊലീസ് സംഘം രാത്രി  പത്തുമണിയോടെ വാഗമണ്ണിലേക്ക്. 

പൊലീസിന്‍റെ ക്രൂരത അതിരുവിട്ടപ്പോള്‍ അയല്‍വാസികള്‍ ഇടപെട്ടു..പക്ഷേ എന്നിട്ടും പൊലീസ് ക്രൂരത അവസാനിപ്പിച്ചില്ല. കോലാഹലമേടിലെ ഈ അതിക്രമങ്ങള്‍  അവസാനിക്കുമ്പോള്‍  സമയം പുലര്‍ച്ചെയായി...ഭീകരാന്തരീക്ഷത്തിനൊടുവില്‍ രാജ്കുമാറിനെ കൂട്ടി വീണ്ടും പൊലീസ് വാഹനം ഇടിമുറിയിലേക്ക് കുതിച്ചു.

പിന്നീട് രണ്ടുദിവസവും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍    രാജ്കുമാര്‍ നേരിട്ടത് കേട്ടുകേള്‍വിയില്ലാത്ത പീഡനങ്ങള്‍ ...പൊലീസ് മുറ ആളുകള്‍ മാറിമാറി നടപ്പാക്കി. മുന്‍വൈരാഗ്യം തീര്‍ക്കുംപോലെ രാജ്കുമാറിന്‍റെ ശരീരത്തില്‍ പൊലീസുകാര്‍ അഴിഞ്ഞാടി. ഉരുട്ടിക്കൊല സ്ഥീരികരിക്കുന്ന രീതിയില്‍ ശരീരത്തില്‍ പല സ്ഥലത്തും മുറിവുകള്‍..ഏഴു ചതവുകള്‍, 22 മുറിവുകള്‍. എന്നിട്ടും ദേഷ്യം തീരാതെ പൊലീസ് മര്‍ദനം തുടര്‍ന്നു... 

പൊലീസ് പീഡനത്തിനൊടുവില്‍ പകുതി ജീവനോടെ രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്നു. അതും എല്ലാനടപടി ക്രമങ്ങളും ലംഘിച്ച്. ലോക്കപ്പിലെ പീഡനം ജയിലിലും തുടര്‍ന്നു...പൊലീസ് ജീപ്പിലും ആംബുലന്‍സിലുമായുമായി നൂറുകണക്കിന് കിലോമീറ്ററുകള്‍ രാജ്കുമാറുമായി പൊലീസ് പാഞ്ഞു. അതിനിടയില്‍  ആ ശരീരത്തില്‍  അവശേഷിച്ച നേര്‍ത്ത ജീവന്‍കൂടി അവസാനിക്കുമെന്നായിരിക്കാം അവരുടെ പ്രതീക്ഷ...

ഒടുവില്‍ തീര്‍ത്തും അവശനായി ആശുപത്രിയിലേക്ക്. അവിടെ തീര്‍ന്നു രാജ്കുമാര്‍ നാലുദിവസമായി അനുഭവിച്ച പീഡനകാലം. എന്നിട്ടും അവസാനിച്ചില്ല പൊലീസ് ക്രൂരത. ആ മനുഷ്യന്‍റെ മരണം പോലും പൊലീസ് ഒതുക്കിവെച്ചു. ഇനി രാജ്കുമാറെന്ന മനുഷ്യനില്ല...പക്ഷേ ആ മനുഷ്യന്‍ അനുഭവിച്ച ക്രൂരതയുടെ ദിനങ്ങള്‍ ചര്‍ച്ചയായികൊണ്ടേയിരിക്കുന്നു..